ടെല്‍ അവീവ്: രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ചാവുകടല്‍ ചുരുളുകള്‍ പുതുതായി കണ്ടെത്തിയെന്ന് ഇസ്രായേല്‍ പുരാവസ്തു അതോറിറ്റി. കഴിഞ്ഞ ദിവസമാണ് ജൂഡിയന്‍ മരുഭൂമിയിലെ ഗുഹയില്‍ നിന്ന് ഇവ വീണ്ടെടുത്തതെന്ന് ഗവേഷകര്‍ പറയുന്നു.
ഏറ്റവും പഴക്കമുള്ള ഹീബ്രു ലിഖിത രേഖകളായാണ് ചാവുകടല്‍ ചുരുളുകള്‍. 2000 വര്‍ഷം ഇവക്ക് പഴക്കമുണ്ടെന്നാണ് കരുതുന്നത്. നീണ്ട ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഇവ വീണ്ടും കണ്ടെത്തുന്നത്. 12ഓളം രേഖകള്‍ പുതുതായി വീണ്ടെടുത്തതായി ഇസ്രായേല്‍ പുരാവസ്തു അതോറിറ്റി പറഞ്ഞു. ഹീബ്രു ബൈബിളിന് നഹൂം, സക്കറിയ എന്നിവരുടെ ഗ്രീക്ക് വിവര്‍ത്തനങ്ങളാണ് ഇവ. ദൈവനാമം മാത്രം ഹീബ്രുവിലും അവശേഷിച്ചവ ഗ്രീക്കിലുമാണുള്ളത്.
ജൂഡിയന്‍ മരുഭൂമി കേന്ദ്രീകരിച്ച് 2017 മുതല്‍ ഉത്ഖനനം നടക്കുന്നുണ്ട്. 70 വര്‍ഷം മുമ്ബ് ഇവിടെനിന്ന് ചുരുളുകള്‍ ലഭിച്ചിരുന്നു. അവശേഷിച്ചവ കൂടി തേടിയാണ് അന്വേഷണം.
നാഹല്‍ ഹെവറിലെ കേവ് ഓഫ് ഹൊററിലാണ് ഇവയുണ്ടായിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. വലിയ മലയിടുക്കുകളുള്ള പ്രദേശമായതിനാല്‍ അതിസാഹസികമായാണ് ഗവേഷകര്‍ അകത്തെത്തിയിരുന്നത്. ഇവിടങ്ങളില്‍ 2,000 വര്‍ഷം മുമ്ബ് മനുഷ്യര്‍ വസിച്ചിരുന്നതായാണ് കണക്കുകൂട്ടല്‍. ഒരു പഴയ കുട്ടയും മമ്മിയാക്കിയ ഒരു കുഞ്ഞും അധികമായി കണ്ടെത്തിയിട്ടുണ്ട്. 1960കളില്‍ നടത്തിയ ഗവേഷണങ്ങളില്‍ സ്ത്രീകള്‍, പുരുഷന്‍മാര്‍, കുട്ടികള്‍ എന്നിവരുടെതായി 40 അസ്തികൂടങ്ങളും ലഭിച്ചിരുന്നു. റോമന്‍ കടന്നുകയറ്റ കാലത്ത് ജറൂസലമിന് തെക്കുഭാഗത്തുള്ള ഇവിടെ ജൂത റിബലുകള്‍ ഒളിവില്‍ കഴിഞ്ഞതായാണ് കണക്കുകൂട്ടല്‍

