കുട്ടികളിലെ മാറ്റങ്ങൾ മാതാപിതാക്കൾ ജാഗ്രതയോടെ കാണണം

ജൂൺ 26, അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

ജോബി അലക്സ്, ആലയ്ക്കാപ്പറമ്പിൽ

വിവിധ തരത്തിലുള്ള ലഹരി വിൽപ്പനക്കാർ കുരുന്നുകളെ ചെറുപ്രായത്തിൽ തന്നെ ലഹരിയുടെ അടിമകളാക്കുന്ന യാഥാർത്ഥ്യത്തെ നാം ഗൗരവത്തോടെ കാണേണ്ട സമയമാണിത്. ഇത് അവരിലെ പഠനതാത്പര്യത്തെയും ജീവിതത്തിലെ ലക്ഷ്യബോധത്തെയും പൂർണ്ണമായും ദുർബലമാക്കുന്ന തരത്തിലാണ് മുന്നേറുന്നത്.

“ലഹരിവിരുദ്ധ ലോകം അതാവട്ടെ നമ്മുടെ ലക്ഷ്യം.” ഇത് ലഹരിവസ്തുക്കൾക്കെതിരായ അവബോധത്തിന് വലിയ പ്രസക്തിയുള്ള കാലഘട്ടമാണ്. പിഞ്ചുകുഞ്ഞുങ്ങളിൽനിന്നും മുതിർന്നവരോളം എല്ലാവരെയും തന്റെ പിടിയിലാക്കാൻ ലഹരി മാഫിയ കാത്തിരിപ്പാണ്. മനുഷ്യന്റെ ബോധത്തെ ബാധിച്ച് മയക്കവും ഉത്തേജനവും സൃഷ്ടിക്കാൻ കഴിവുള്ള രാസവസ്തുക്കളെയാണ് ലഹരിവസ്‌തുക്കൾ എന്ന് വിളിക്കുന്നത്. ലഹരി മനുഷ്യനെ മാനസികമായും ശാരീരികമായും ദുഷിക്കുന്ന ഗുരുതരമായ സാമൂഹ്യപ്രശ്ന‌മാണ്. മാതാപിതാക്കളുടെയും മുതിർന്ന വരുടെയും ശ്രദ്ധയും നിയന്ത്രണവും ഇല്ലാതെ കഴിയുന്ന കുട്ടികളെയാണ് ഈ മാഫിയ അവിശ്രമമായി ലക്ഷ്യമിടുന്നത്. സ്കൂ‌ൾ വിദ്യാർത്ഥികളുടെ ഓരോ ചുവടുവെപ്പിലും അത്യന്തം ജാഗ്രത ആവശ്യമുള്ള കാലഘട്ടമാണ് ഇപ്പോൾ. ഓരോ ചുവടിലും അവർ പിന്തുടരപ്പെടുകയാണ്. വിവിധ തരത്തിലുള്ള ലഹരി വിൽപ്പനക്കാർ കുരുന്നുകളെ ചെറുപ്രായത്തിൽ തന്നെ ലഹരിയുടെ അടിമകളാക്കുന്ന യാഥാർത്ഥ്യത്തെ നാം ഗൗരവത്തോടെ കാണേണ്ട സമയമാണിത്. ഇത് അവരിലെ പഠനതാത്പര്യത്തെയും ജീവിതത്തിലെ ലക്ഷ്യബോധത്തെയും പൂർണ്ണമായും ദുർബലമാക്കുന്ന തരത്തിലാണ് മുന്നേറുന്നത്.

ദൂഷ്യഫലങ്ങൾ

ലഹരിയുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. അത് അവരുടെ പ്രതിരോധശേഷി കുറയ്ക്കുകയും, മസ്ത‌ിഷ്‌കത്തിൻ്റെ വളർച്ചയും മാനസിക വികസനവും വൈകിപ്പിക്കുകയും ചെയ്യാം. അതിന്റെ ഫലമായി, കുട്ടികളുടെ ഓർമ്മശക്തിയും പഠനത്തിൽ താൽപര്യവും നിലനിൽക്കാതെ പോവാനുള്ള സാധ്യതകൾ ഉയരുന്നു. ലഹരി ഉപയോഗം മാനസിക ആരോഗ്യപ്രശ്‌നങ്ങളായ ഡിപ്രഷനും, ആൻസൈറ്റിയും ഉണ്ടാകാൻ കാരണമാകാം. കൂടാതെ അമിതമായ ക്രോധം, ദുഃഖം തുടങ്ങിയ മാനസികാവസ്ഥകൾ കുട്ടികളുടെ ജീവിതശൈലിയിൽ ഇടപെടുകയും ചെയ്യാം. ഇതിലൂടെ കുട്ടികളുടെ സാമൂഹിക ബന്ധങ്ങൾ പുലർത്താനുള്ള കഴിവ് തകർന്നു പോകുന്നു. അവരെ ഒറ്റപ്പെടലിലേക്കും ആത്മവിശ്വാസനാശത്തിലേക്കും നയിക്കാം. മാതാപിതാക്കൾ ജാഗ്രതയുള്ളവരാകണം. ലഹരി ഉപയോഗത്തിലേക്ക് വിദ്യാർത്ഥികൾ എത്തിപ്പെടാൻ പലതിന്റെയും സ്വാധീനമുണ്ട്. ദിവസേന അവർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെയും വെല്ലുവിളികളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾക്ക് ആവശ്യമായ ആന്തരികശക്തിയോ നിർണ്ണായക പിന്തുണയോ ലഭിച്ചിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ, താൽക്കാലികമായൊരു ആശ്വാസം തേടി ചിലർ ലഹരിയിലേക്ക് തിരിയുന്ന സാധ്യത കൂടുതലാണ്. കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളും അതിൻ്റെ ഫലമായി വരുന്ന വികാരഭരിതമായ അവസ്ഥകളും പലപ്പോഴും കുട്ടികളുടെ തീരുമാനശക്തിയെയും മനസ്സിനെയും ബാധിക്കുകയും തെറ്റായ വഴികളിലേക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യാം. അതിനാൽ, കൗമാരപ്രായത്തിലിരിക്കുന്ന മക്കളുടെ പെരുമാറ്റത്തിലോ രൂപത്തിലോ കാണപ്പെടുന്ന മാറ്റങ്ങൾ മാതാപിതാക്കളായ നമ്മൾ ജാഗ്രതയോടെയും കരുതലോടെയും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും അസാധാരണമായ പ്രശ്നങ്ങൾ കാണപ്പെടാൻ തുടങ്ങുമ്പോൾതന്നെ, കുട്ടികളുമായി തുറന്നും സത്യസന്ധമായും സംസാരിക്കാൻ ശ്രമിക്കണം. ഇത്, അവരിൽ തെറ്റായ സ്വഭാവങ്ങൾ കുറയ്ക്കാനും ശരിയായ വഴിയിലേക്ക് നയിക്കാനും സഹായകമാകും. കുട്ടികൾ ആരോടൊപ്പം പുറത്തുപോകുന്നു, ആരൊക്കെയാണ് അവരുടെ കൂട്ടുകാർ, വീട്ടിൽ അവരുടെ സമയം എങ്ങനെ ചിലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ അവബോധം മാതാപിതാക്കൾക്കുണ്ടായിരിക്കണം. ഇത്, അവരെ സുരക്ഷിതമായ അന്തരീക്ഷത്തിൽ വളരാനും അവർക്ക് വേണ്ട പിന്തുണ നൽകാനും അത്യന്താപേക്ഷിതമാണ്. കുട്ടികളെ പോലെ തന്നെ ലഹരി ഇന്ന് യുവതി യുവാക്കളെയും മുതിർന്നവരെയും ഒരേപോലെ സ്വാധീനിക്കുന്നു. മയക്കുമരുന്നുക ളുടെ ഉപയോഗം അവരുടെ ജീവിതത്തെ പിടിച്ചുലയ്ക്കുകയും ഇത് ആത്മഹത്യയിലേക്ക് അവരുടെ മനസിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മുതിർന്നവരിൽ ലഹരി ഉപയോഗം കുടുംബശൈഥില്യത്തിന് കാരണമാകും, രക്ഷാ കർത്താക്കളെയും അത് സാരമായി ബാധിക്കും. ലഹരിയുടെ നാശകരമായ പിടിയിൽ വീണ് കുടുംബങ്ങളും സമൂഹവും തകർന്നുപോകുന്ന ഈ സാഹചര്യത്തിൽ, ഈ മഹാഭീകരതയ്ക്കെതിരെ ഓരോരുത്തരും ഒറ്റക്കെട്ടായി നിലകൊള്ളേണ്ടത് അത്യാവശ്യമാണ്.

മനസ്സിൽ മാറ്റം വരുത്തുക, അതിനെ പ്രവർത്തിയിലാഴ്ത്തുക – അതിലൂടെ മാത്രമേ നമുക്ക് ലഹരിവിമുക്തമായ ഒരു കേരളം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ കഴിയൂ. സ്വന്തം ജീവിതത്തെയും ചുറ്റുമുള്ള സമൂഹത്തെയും നശിപ്പിക്കുന്ന ലഹരിക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കൂ. നല്ല മനുഷ്യരെ, ഉന്മേഷമുള്ള സമൂഹത്തെ നിർമ്മിക്കാൻ ഇന്നുതന്നെ തുടക്കം കുറിക്കൂ.