വീട്ടമ്മമാരില്‍ സമ്മര്‍ദ്ദങ്ങള്‍ ഏറുന്നു

ആധുനിക കാലത്തെ തിരക്കുപിടിച്ച ജീവിതം സമ്മാനിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോം. ജോലിക്കു പോകുന്ന സ്ത്രീകളില്‍ ഈ രോഗാവസ്ഥ കൂടുതലാണ്. ഓരോ വര്‍ഷവും 3 കോടി സ്ത്രീകളാണ് ഈ അവസ്ഥയ്ക്ക് ഇരയാവുന്നത്. ഇരുപത്തഞ്ച് വയസ്സിനും അമ്പത്തഞ്ച് വയസ്സിനും ഇടയ്ക്ക് പ്രായമുള്ളതും അമ്മയായവരെയുമാണ് പ്രധാനമായും ഈ അവസ്ഥ പിടികൂടുന്നത്. സമ്മര്‍ദ്ദമാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോമിന്റെ ഏറ്റവും പ്രബലമായ കാരണം. സുഖമില്ലാത്ത കുഞ്ഞ്, തിരക്കേറിയ ജോലി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് മാനസിക സമ്മര്‍ദ്ദമുണ്ടാകും. പ്രതേ്യകിച്ച് കാരണങ്ങളില്ലാതെ ശരീരഭാരം കൂടുക, അല്ലെങ്കില്‍ കുറയുക, വിട്ടുമാറാത്ത ക്ഷീണം, ഉത്സാഹകുറവ്, ഉറക്കമില്ലായ്മ, അമിതമായ കോപം, ആത്മാഭിമാനകുറവ്, ലൈംഗിക വിരക്തി, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി കാണുന്നത്.
മറ്റേര്‍ണിറ്റി ബ്‌ളൂസ്
ശിശു ജനിച്ചതിനുശേഷം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യക്ഷമാവുകയും ഏറിയാല്‍ പത്തുദിവസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നതാണ് ബേബി ബ്ലൂസ് എന്ന പേരിലറിയപ്പെടുന്നത്. കൂടെക്കൂടെയുള്ള കരച്ചില്‍, ഇടയ്ക്കിടെ മാറിമറിഞ്ഞുവരുന്ന അനിയന്ത്രിതമായ സന്തോഷം, ദേഷ്യം, ഉത്കണ്ഠ, സംഭ്രമം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. ആദ്യത്തെ അഞ്ചുദിവസങ്ങളില്‍ ലക്ഷണങ്ങള്‍ അവരുടെ മൂര്‍ധന്യത്തിലെത്തും. എന്നാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ബേബി ബ്ലൂസ് കൂടുതല്‍ ഗുരുതരമായ വൈകാരിക പ്രശ്‌നങ്ങളിലേക്കു വഴി തെളിച്ചേക്കാം. പ്രസവസമയത്തെ ശാരീരിക അവസ്ഥകളും തുടര്‍ന്ന് വരുന്ന സമ്മര്‍ദ്ദങ്ങളും അനിശ്ചിതാവസ്ഥയും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയുമൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകുന്നു.
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍
പ്രസവശേഷം ഏറ്റവും കൂടുതലായി സ്ത്രീകളില്‍ കാണപ്പെടുന്ന രോഗമാണ്. കണക്കുകളനുസരിച്ച് നൂറില്‍ പതിനഞ്ച് അമ്മമാരും ഈ അവസ്ഥയ്ക്ക് കീഴ്‌പ്പെടാറുണ്ട്. കുഞ്ഞ് ജനിച്ച് രണ്ടോ, മൂന്നോ ദിവസങ്ങള്‍ മുതല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. എപ്പോഴുമുള്ള സങ്കടാവസ്ഥ, ഏറ്റവും ആസ്വദിച്ചിരുന്നതും പ്രിയപ്പെട്ടതുമായ കാര്യങ്ങളോടുപോലും തോന്നുന്ന താല്പര്യമില്ലായ്മ, കഠിനമായ ക്ഷീണവും തളര്‍ച്ചയും ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ലായ്മ, സഹായിക്കാനാരുമില്ലെന്ന തോന്നല്‍, സ്വയം മതിപ്പില്ലായ്മ, മരണചിന്തകള്‍, ആത്മഹത്യചിന്ത, ഉറക്കക്കുറവ്, വിശപ്പില്ലായ്മ എന്നിങ്ങനെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ പ്രകടമാകുന്നു. അതോടൊപ്പം നവജാതശിശുവുമായി ബന്ധപ്പെട്ട അശുഭചിന്തകള്‍, കുഞ്ഞിന്റെ സംരക്ഷണത്തെപ്പറ്റിയുള്ള ആധിയും പരിഭ്രമവും, അമ്മയെന്ന നിലയില്‍ തന്റെ കഴിവില്ലായ്മകളെക്കുറിച്ചുള്ള ആശങ്കയും കുറ്റബോധവുംകൂടി ഒരുമിക്കുമ്പോള്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ സ്ഥിരീകരിക്കാവുന്നതാണ്.
പ്രതിവിധികള്‍
സമ്മര്‍ദ്ദം നമ്മളില്‍ ഉണ്ടാക്കുന്ന നിഷേധാത്മക ചിന്തകളെ കേള്‍ക്കണം, തിരിച്ചറിയണം, വെല്ലുവിളിക്കണം, മാറ്റാന്‍ ശ്രമിക്കണം, എത്ര സമ്മര്‍ദ്ദമുണ്ടായാലും കഴിയുന്നത്ര പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ നിറയ്ക്കാന്‍ മനഃപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കണം. സ്വയം മതിപ്പ് (ടലഹളലേെലലാ) ഒരു തരത്തിലും താഴേക്കു പോകാന്‍ അനുവദിക്കരുത്. ഓഫീസ് സമ്മര്‍ദ്ദങ്ങള്‍, സംസാരിക്കാന്‍ മറ്റൊരു മേഖലയിലുള്ള നല്ല സുഹൃത്തിന്റെ സഹായം ഉപകരിക്കും. കുടുംബത്തില്‍ അമ്മ വളരെ സമ്മര്‍ദ്ദവും ഉത്തരവാദിത്വവുമുള്ള ജോലി ചെയ്യുന്ന ആളാണെന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും, കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അവരെ പ്രാപ്തരാക്കണം. അതുപോലെ ജോലി ചെയ്യുന്ന സ്ത്രീകളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന ട്രാന്‍സ്ഫര്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ കുടുംബാംഗങ്ങളുടെ പിന്തുണ അവര്‍ക്ക് നല്‍കണം. നെഗറ്റീവ് ഇമോഷനെ ലഘൂകരിക്കാന്‍ മെഡിറ്റേഷന്‍, റിലാക്‌സേഷന്‍, വ്യായാമങ്ങള്‍ എന്നിവ പരിശീലിക്കാം. ഇപ്രകാരം ചെയ്തതിനുശേഷവും വ്യക്തികളുടെ ജീവിതഗുണനിലവാരം കുറയുകയും, മാനസിക സംഘര്‍ഷം വര്‍ദ്ധിക്കുകയും ചെയ്യുകയാണെങ്കില്‍ മാനസികാരോഗ്യവിദഗ്ധരെ സന്ദര്‍ശിച്ച് ചികിത്സ തേടേണ്ടതാണ്.

ഫാ. ഡോ. സിജോണ്‍
കുഴിക്കാട്ടുമ്യാലില്‍
കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ്‌