ഓസ്ട്രിയയിലെ ഫി എക്തീനില്‍ 1310 ലാണ് ഈ ദിവ്യകാരുണ്യാത്ഭുതം നടന്നത്.
ഓസ്ട്രിയായിലെ ഇന്‍വാലിയില്‍ സെന്‍റ് ജോര്‍ജിയെന്‍ബര്‍ഗ് ഫി എക്തീനി എന്ന ചെറിയ ഗ്രാമം ലോകപ്രസിദ്ധമാകുന്നത് 1310 ല്‍ നടന്ന ‘വിശുദ്ധ കുര്‍ബാനയുടെ അത്ഭുത’ത്തിനുശേഷമാണ്. ദിവ്യബലിയര്‍പ്പിച്ചുകൊണ്ടിരിക്കേ അഭിഷേകത്തിനുശേഷം വീഞ്ഞ് രക്തമായി മാറി കാസയ്ക്ക് പുറത്തേക്ക് തിളച്ച് ഒഴുകിയതായിരുന്നു ആ അത്ഭുതം. തിരുവോസ്തിയിലെ യേശുവിന്‍റെ സാന്നിധ്യത്തെക്കുറിച്ച് സംശയിച്ച വൈദികന് ദൈവം നല്‍കിയ മറുപടിയാണിത്. 170 വര്‍ഷങ്ങള്‍ക്കുശേഷവും ആ വിശുദ്ധ രക്തം ഒരു മുറിവില്‍നിന്നും പുറത്തുവന്നതുപോലെ നൂതനമായിരുന്നു എന്ന് 1480 ല്‍ രചിക്കപ്പെട്ട ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ആ പവിത്രരക്തം ഇന്നും യാതൊരു കേടുംകൂടാതെ സെന്‍റ് ജോര്‍ജിയന്‍ബര്‍ഗ് മോണാസ്ട്രിയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ജോര്‍ജിയന്‍ ബര്‍ഗിലെ മൊണാസ്ട്രി ചര്‍ച്ചിലെ അള്‍ത്താരയ്ക്കടുത്ത് ഒരു എഴുത്തുപലകമേല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവകൃപയുടെ വര്‍ഷമായ 1310 ല്‍ റൂപ്പെര്‍ട്ട് മഠാദ്ധ്യക്ഷന്‍റെ കീഴില്‍ ഒരു വൈദികന്‍ വിശുദ്ധ രക്തസാക്ഷിയായ ജോര്‍ജിനും വിശുദ്ധ അപ്പസ്തോലന്‍ ജയിംസിനും വേണ്ടി ദിവ്യബലി അര്‍പ്പിക്കുകയായിരുന്നു. വീഞ്ഞ് ആശീര്‍വദിച്ചതിനുശേഷം വൈദികനില്‍ ആ വിശുദ്ധ വസ്തുവിലെ യേശുവിന്‍റെ സാന്നിധ്യത്തെക്കുറിച്ച് സംശയം ബലപ്പെട്ടു. ഉടന്‍തന്നെ വീഞ്ഞ് രക്തമായിമാറി കാസയുടെ പുറത്തേക്ക് തിളച്ച് ഒഴുകി. മഠാധിപനും മറ്റ് സന്യാസിമാരും അനേകം തീര്‍ത്ഥാടകരും അവിടെ സന്നിഹിതരായിരുന്നവരുമെല്ലാം അള്‍ത്താരയുടെ അരികിലെത്തി ആ അത്ഭുതംകണ്ടു. പേടിച്ചുവിറച്ച വൈദികന് തിരുരക്തമായി മാറിയ വീഞ്ഞ് കുടിക്കാന്‍ സാധിച്ചില്ല. അതിനാല്‍ മഠാധിപതി ആ തിരുരക്തം ഒരു പാത്രത്തിലാക്കി പ്രധാന അള്‍ത്താരയിലെ സക്രാരിയില്‍ വച്ചു. അതിനരികില്‍തന്നെ കാസ തുടക്കുവാന്‍ ഉപയോഗിച്ച തുണിയും വച്ചു. ഈ അത്ഭുതത്തെക്കുറിച്ചുള്ള വാര്‍ത്ത പടര്‍ന്നതിനെത്തുടര്‍ന്ന് ധാരാളം തീര്‍ത്ഥാടകര്‍ ആ വിശുദ്ധരക്തം ആരാധിക്കുന്നതിനുവേണ്ടി എത്തി. ആരാധകരുടെ ബാഹുല്യംമൂലം 1472 ല്‍ ബിഷപ്പ് ജോര്‍ജ് വോണ്‍ ബ്രിക്സണ്‍ വില്‍ട്ടണ്‍ മഠാധിപതി ജോഹാനസ് ലോഷിനെയും വൈദീകരായ സിഗ്മുന്‍ദ് താവൂര്‍, അപ്സാമിലെ കാസ്പറിനെയും ഈ അസാധാരണ പ്രതിഭാസത്തെക്കുറിച്ച് വിശദപഠനം നടത്താനയച്ചു. ആ അന്വേഷണത്തിന്‍റെ ഫലമായി വിശുദ്ധ രക്തത്തോടുള്ള ആരാധന പ്രോത്സാഹിപ്പിക്കുകയും ഈ അത്ഭുതം ആധികാരികമായി പ്രഖ്യാപിക്കുകയും ചെയ്തു. തിരുരക്തമായി തീര്‍ന്ന വീഞ്ഞും യാതൊരു വ്യത്യാസവുമില്ലാതെ നിലകൊള്ളുന്നു.
തിരുരക്തത്തോടുള്ള ഭക്തരുടെ കൂട്ടത്തില്‍ നിരവധി പ്രമുഖര്‍മാരുണ്ടായിരുന്നു. ട്രസ്റ്റേയിലെ ബിഷപ്പ് ജോണ്‍, ബ്രിസ്റ്റണിലെ ബിഷപ്പ് ജോര്‍ജ്, കൊളൊജിനിലെ ബിഷപ്പ് റൂപ്പെര്‍ട്ട്, ചെമീസിലെ ബിഷപ്പ് ഫെഡറിക് എന്നിവര്‍ ആ പ്രമുഖരുടെ കൂട്ടത്തില്‍പെടുന്നു. പ്രൊട്ടസ്റ്റന്‍റ് മതഭിന്നതയുടെ കാലത്ത് കത്തോലിക്ക വിശ്വാസം സംരക്ഷിക്കാന്‍ സഹായിച്ച ആ വിശുദ്ധ രക്തത്തിന്‍റെ തിരുശേഷിപ്പിനെക്കുറിച്ച് രണ്ടാമതൊരു രേഖാഫലകം കൂടി സ്ഥാപിക്കപ്പെട്ടു. 1593 ല്‍ ടറോളിലെങ്ങും ലൂഥറിന്‍റെ പഠനങ്ങള്‍ പ്രചരിച്ചിരുന്ന സമയത്ത് സെന്‍റ് ജോര്‍ജ് ബര്‍ഗിലെ സന്യാസിമാരോട് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുവാന്‍ പറഞ്ഞു. മൈക്കിള്‍ ജെയ്സന്‍ എന്ന മഠാധിപതി ഷവാസ് ഇടവകയില്‍ ഒരു വലിയ ജനക്കൂട്ടത്തോട് പ്രസംഗിക്കുന്നതിനിടയില്‍ അള്‍ത്താരയിലെ വിശുദ്ധ വസ്തുക്കളില്‍ യേശുവിന്‍റെ സാന്നിധ്യം ഉണ്ടെന്നു തെളിയിച്ച ആ തിരുരക്തത്തിന്‍റെ അത്ഭുതത്തെക്കുറിച്ച് പറയുന്നതില്‍ യാതൊരു മടിയും കാണിച്ചില്ല. വളരെ വിശ്വസനീയമായ രീതിയില്‍ ഇതിനെക്കുറിച്ചു വാദിക്കുകയായിരുന്ന അദ്ദേഹത്തിന്‍റെ എതിരാളികള്‍ ഉടന്‍തന്നെ രംഗംവിട്ട് പോകാന്‍ നിര്‍ബന്ധിതരായി. തെറ്റായ പഠനങ്ങള്‍ക്കെതിരായ ഈ വിജയം വിശ്വാസികള്‍ ദൈവത്തിന്‍റെ പ്രത്യേക അനുഗ്രഹമായി കരുതുന്നു.

