ഇതു വെറും സിനിമയല്ല

ദൃശ്യകലകള്‍ ചെലുത്തുന്ന സ്വാധീനം വലുതാണ് എന്നത് നിസ്സംശയമാണ്. ഒരു നൂറ്റാണ്ടിലേറെയായി നാം കണ്ടുപോരുന്ന സിനിമകള്‍ കാഴ്ചപ്പാടുകളും, മൂല്യങ്ങളും മാനദണ്ഡങ്ങളുമെല്ലാം രൂപീകരിക്കാനും തിരുത്താനും കഴിവുള്ളവയാണെന്നു തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. പുതിയ കാലത്തു സിനിമ എന്ന ആധുനിക ദൃശ്യകല കലയ്ക്കപ്പുറം മില്യണ്‍ ഡോളര്‍ ബിസിനസ്സുകൂടിയായി പരിണമിക്കുമ്പോള്‍ സിനിമകള്‍ എന്ത് മൂല്യങ്ങളാണ്, എന്ത് സന്ദേശമാണ് നല്‍കുന്നത് എന്ന് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ലാഭേച്ഛയും വ്യക്തിതാത്പര്യവും മാത്രം ലക്ഷ്യംവെച്ച് ഏതു തെറ്റായ ആശയത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതും നന്നായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളെ വിരുദ്ധമായി ചിത്രീകരിച്ച് ജനത്തിന്റെ കാഴ്ചപ്പാട് നശിപ്പിക്കുന്നതോതിലുള്ള പ്രവര്‍ത്തങ്ങളുമെല്ലാം ഇന്ന് സിനിമാരംഗത്തു ശക്തിപ്പെടുന്നു.
അപ്രകാരം നമ്മുടെ ശ്രദ്ധ ക്ഷണിക്കേണ്ട ഒന്നാണ് അടുത്ത കാലത്തു സിനിമകളില്‍ കണ്ടു വരുന്ന ക്രൈസ്തവ വിരുദ്ധത. ഒരു വശത്തു ക്രൈസ്തവമതവുമായി ബന്ധപ്പെട്ട വ്യക്തികള്‍, വസ്തുക്കള്‍, സ്ഥാപനങ്ങള്‍ എന്നിവ തെറ്റായി അവതരിപ്പിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ മറുവശത്തു ക്രിസ്തുമതം മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ ചോദ്യം ചെയുന്ന രീതിയും സിനിമകളില്‍ സുലഭമാകുന്നു. സിനിമയില്‍ അധാര്‍മികമായ ജീവിതം നയിക്കുന്നവര്‍ക്ക് ഈശോയുടെയും മറ്റു വിശുദ്ധരുടെയും നാമം നല്‍കുകവഴി ക്രൈസ്തവര്‍ക്ക് വിശുദ്ധമായ നാമം ഒരു ഹാസ്യവിഷയമാക്കുന്ന പ്രവണതയും കൊന്ത ധരിക്കുന്ന കൊലപാതകിയും മദ്യപിക്കുന്ന സമയത്തു ഇത് എന്റെ രക്തം ഇത് വാങ്ങി ഭക്ഷിക്കുവിന്‍ എന്ന വിളിച്ചു പറയുന്ന കഥാനായകനും കൂടാതെ അവഹേളിക്കപ്പെടുന്ന കുരിശും തകര്‍ന്ന പള്ളികളും അധാര്‍മികരായി ചിത്രീകരിക്കപ്പെടുന്ന വൈദികരും സന്യസ്ഥരുമൊക്കെ ഇന്ന് സിനിമകളില്‍ സാധാരണമാകുന്നു. ഈശോ, എമ്പുരാന്‍, അക്വേറിയം തുടങ്ങിയ സിനിമകള്‍ വെറും ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത് വെറും സിനിമയല്ലേ എന്നു പറഞ്ഞു തള്ളിക്കളയുന്നവര്‍ ഈ സിനിമകള്‍ കാണുന്ന മനുഷ്യരിലുണ്ടാകുന്ന വികലമായ യാഥാര്‍ഥ്യബോധത്തെ വിസ്മരിക്കുന്നു.
പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കൂട്ട് പിടിക്കുന്നവര്‍ മറ്റു മതങ്ങളിലേക്ക് ഈ സ്വാതന്ത്ര്യം പ്രായോഗിക്കാന്‍ ഭയപ്പെടുന്നു എന്നുള്ളതും ഒരു യാഥാര്‍ഥ്യമാണ്. ഒരു ദേവിയുടെ അനേകം പേരില്‍ ഒരെണ്ണം സിനിമയ്ക്ക് ഇട്ടു എന്നത് ചൂണ്ടിക്കാട്ടി പേര് മാറ്റാന്‍ ആവശ്യപ്പെട്ട, ഒരു പേരിന്റെ പേരില്‍ കൈ അറക്കപ്പെട്ട നമ്മുടെ ഈ നാട്ടില്‍ ക്രൈസ്തവ മതം മാത്രമേ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നീചമായ ദുരുപയോഗത്തിന് അടിയറവ് പറയേണ്ടി വരുന്നുള്ളു എന്ന് തോന്നിപ്പോകുന്നു.
ക്രൈസ്തവര്‍ ഒരു കാലത്തും കലയ്ക്കോ കലാപ്രദര്‍ശങ്ങള്‍ക്കോ എതിരു നിന്നവരല്ല. അത് ക്രൈസ്തവസഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രം സാക്ഷ്യം നല്‍കുന്നതാണ്.
എന്നിരുന്നാലും ക്രൈസ്തവരുടെ പൊതു സവിശേഷതയായ സഹിഷ്ണുതാമനോഭാവത്തെ ഒരു ബലഹീനതയായി കണ്ട് ചില മതമൗലികവാദികള്‍ നടത്തുന്ന മനഃപൂര്‍വ്വമായ ശ്രമങ്ങള്‍ തികച്ചും ലജ്ജാവഹവും അപലപനീയവുമാണ്. അവര്‍ക്കെതിരെ പൊതു സമൂഹവും എല്ലാ ക്രൈസ്തവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.