സ്വര്‍ഗം നേടാന്‍ നരകത്തിന്‍റെ വഴി തേടുന്നവര്‍


ആന്‍ മേരി ജോസഫ് പുളിക്കല്‍

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലെയും ക്രൈസ്തവര്‍ കുടുംബത്തോടൊപ്പം ദൈവാലയത്തില്‍ എത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ഈസ്റ്റര്‍ ആഘോഷിച്ചപ്പോള്‍ നമുക്ക് തൊട്ടടുത്ത് ശ്രീലങ്ക എന്ന കൊച്ചുരാജ്യം ചോരക്കളമായി മാറി. ഓരോ ദിവസവും ഉണരുമ്പോള്‍ വര്‍ദ്ധിച്ചുവരുന്ന മരണസംഖ്യകണ്ട് ശ്രീലങ്ക നടുങ്ങുമ്പോള്‍, ജീവനുവേണ്ടി പിടയുന്ന അനേകം കുഞ്ഞുങ്ങളെയും പേരിനുമാത്രം ജീവന്‍ അവശേഷിക്കെ വേദനയില്‍ നീറിനീറി കഴിയുന്ന സ്ത്രീകളെയും തങ്ങളുടെ കൈകളില്‍കിടന്ന് പിടഞ്ഞുമരിച്ച ഭാര്യയുടെയും മക്കളുടെയും ഓര്‍മകള്‍ വേട്ടയാടുന്ന പുരുഷന്മാരെയും എന്തു ചെയ്യണമെന്നറിയാതെ ആ കൊച്ചുരാജ്യം പകച്ചു നില്‍ക്കുകയാണ്. അത് അനുഭവിക്കാത്തിടത്തോളം അതിന്‍റെ തീവ്രത നമുക്ക് മനസ്സിലാകില്ല. കാരണം നമ്മുടെ അറിവ് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നു. ചിലര്‍ക്ക് ഈ വാര്‍ത്തകളൊക്കെ വെറും കൗതുകമായിട്ടാണ് തോന്നുന്നത്. ചിലരെ അതൊന്നും തെല്ലും അലട്ടുന്നില്ല. കാരണം മതത്തിന്‍റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഇന്ന് പുതുമയല്ല. ഇതൊന്നും അവസാനവുമല്ല എന്നും നമുക്ക് വ്യക്തമായി അറിയാം. ഇന്നല്ലെങ്കില്‍ നാളെ ഇതു കേരളത്തിലെ ക്രൈസ്തവസമൂഹവും അനുഭവിക്കേണ്ടതായി വന്നേക്കാം. മിശിഹാ ഉത്ഥാനംചെയ്ത ഈസ്റ്റര്‍ ദിനത്തില്‍ അവര്‍ ശ്രീലങ്കയിലെ ജനങ്ങളെ കൊന്നൊടുക്കിയെങ്കില്‍ നാളെ ക്രിസ്തുമസ് ദിനത്തില്‍ നമ്മളോടിതു ചെയ്യില്ല എന്ന് ആര്‍ക്കെങ്കിലും ഉറപ്പുപറയാന്‍ കഴിയുമോ?
ന്യൂസിലന്‍ഡില്‍ ആരോ മുസ്ലിംപള്ളിയില്‍ കയറി കുറേപേരെ വെടിവച്ചുവീഴ്ത്തി എന്ന കൃത്യം ക്രൈസ്തവരുടെ തലയില്‍ കെട്ടിവച്ച് അതിന്‍റെ പേരില്‍ ശ്രീലങ്കയിലെ ക്രൈസ്തവരുടെ നിഷ്കളങ്കരക്തം ചൊരിയുന്നതിനെ മതഭ്രാന്ത് എന്നല്ലാതെ വേറെ എന്തുപേര് വിളിക്കും? മരണത്തിന്മേലുള്ള ജീവന്‍റെ വിജയം ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്ന മിശിഹായുടെ ഉയിര്‍പ്പുതിരുന്നാള്‍ദിനംതന്നെ ഭീകരര്‍ മരണംകൊണ്ട് ആഘോഷിക്കുകയും സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും ആ ദിനം കളങ്കപ്പെടുത്തുകയും ചെയ്തു എന്നതിലെ ക്രൂരത നാം മനസ്സിലാക്കാതെ പോകരുത്.
അന്ന് ചിന്നിച്ചിതറിയ നിഷ്കളങ്കരായ ക്രൈസ്തവരുടെ ശരീരങ്ങളില്‍നിന്ന് ചിതറിത്തെറിച്ച രക്തത്തുള്ളികള്‍ മിശിഹായുടെ ഉത്ഥാനരൂപത്തിന്‍റെ നിറം ചുമപ്പാക്കി. അവരുടെ രക്തസാക്ഷിത്വത്തിന് മിശിഹാ സാക്ഷിയാണെന്ന സത്യം ആ ഉത്ഥാനരൂപം വിളിച്ചുപറയുന്നുണ്ട്. ഇത് കാണുന്ന ഏതൊരു ക്രൈസ്തവന്‍റെയും ഹൃദയമൊന്നു പിടയും, തീര്‍ച്ച. രക്തസാക്ഷികളുടെ ചുടുനിണത്താല്‍ പരിപോഷിപ്പിക്കപ്പെട്ട സഭയെ കൂടുതല്‍ പരിപോഷിപ്പിക്കുകയാണ് ശ്രീലങ്കയിലെ രക്തസാക്ഷികള്‍. എങ്കിലും മരണപ്പെട്ടവരെ ഓര്‍ത്തുള്ള കണ്ണീര്‍ക്കണങ്ങള്‍ ദൈവസന്നിധിയില്‍ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് ആവില്ലല്ലോ. ഈ മതഭ്രാന്തന്മാര്‍ എന്തിനാണ് മിശിഹായെ ഇത്രയധികം ഭയപ്പെടുന്നതെന്നും ക്രൈസ്തവരെ ഇത്രയേറെ വെറുക്കുന്നതെന്നും ആരോ കുറിച്ചത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ക്രൈസ്തവരെ കൊല്ലണമെന്നും കൊന്നാല്‍ സ്വര്‍ഗ്ഗവും മറ്റു സൗഭാഗ്യങ്ങളും കിട്ടുമെന്നും പഠിപ്പിക്കുന്ന മതഭീകരര്‍ എന്തു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്! നമ്മുടെ വിശ്വാസപ്രകാരം കൊലപാതകം നരകശിക്ഷ അര്‍ഹിക്കുന്ന പാപമാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ലഭിക്കുന്നത് സ്വര്‍ഗമല്ല, നരകമാണ് എന്നത് വ്യക്തമാണ്. ക്രിസ്ത്യാനികളായ നമ്മെ ക്ഷമിക്കാനാണ് മിശിഹാ പഠിപ്പിച്ചത്, അത് നമ്മള്‍ അനുസരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നമ്മെ ഉപദ്രവിക്കാന്‍ ഭീകരര്‍ക്ക് ഭയമില്ല. നാമെല്ലാവരും അവരോട് ക്ഷമിച്ചാല്‍തന്നെയും ലോകം മുഴുവനും ചിന്തപ്പെടുന്ന നിഷ്കളങ്കരക്തത്തിന് ഇവര്‍ ദൈവതിരുമുന്‍പില്‍ വലിയ വിലകൊടുക്കേണ്ടിവരും. മരണവേദനയാല്‍ പുളഞ്ഞ കുട്ടികളുടെയും മാതാപിതാക്കളുടെയും നിലവിളികളും കണ്ണീരും ദൈവസന്നിധിയില്‍ എത്തിയിട്ടുണ്ട്. ദൈവാലയത്തിലാണ് അനേകംപേര്‍ മരിച്ചുവീണത്; അതേ, ദൈവത്തിന്‍റെ കൈകളിലേയ്ക്കു തന്നെയാണ് അവര്‍ പിടഞ്ഞുവീണ് മരിച്ചത്. ഇതൊക്കെ നമ്മുടെ വിശ്വാസത്തെ കൂടുതല്‍ ആഴപ്പെടുത്തട്ടെ. പ്രത്യാശയൊട്ടും കൈവിടാതെ മരണപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും പരസ്പരം ധൈര്യം പകര്‍ന്നും നമുക്ക് മുന്നേറാം.

Leave a Reply