ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന മനുഷ്യകുരുതിയുടെ ചിത്രം മനുഷ്യത്വം മരവിക്കാത്ത ആരുടെയും ഹൃദയത്തെ വേദനിപ്പിക്കുന്നതായിരുന്നു. നീണ്ട ദിവസങ്ങളിലെ നോമ്പിന്‍റെയും പരിത്യാഗങ്ങളുടെയും ഒരുക്കങ്ങള്‍ക്കൊടുവില്‍ തങ്ങളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനമായി ഈശോയുടെ ഉയിര്‍പ്പ് അനുസ്മരിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എത്തിയതായിരുന്നു ആ മനുഷ്യര്‍, തങ്ങളുടെ അഭയകേന്ദ്രമായ പ്രിയപ്പെട്ട ദൈവാലയത്തിലേക്ക്. അവര്‍ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല. അവര്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. സാധാരണക്കാരായ കുറേ മനുഷ്യര്‍, മക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ നമ്മളെപ്പോലെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളില്‍ സൂക്ഷിച്ച് അധ്വാനിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യര്‍, അവര്‍ക്കിടയിലേക്കാണ് സ്വര്‍ഗ്ഗത്തിലേക്കു യാത്ര ചെയ്യാന്‍ നരകത്തിലേക്കുള്ള വഴിയുമായി പൈശാചികതയുടെ മറുപേരായ തീവ്രവാദികള്‍ എത്തി പൊട്ടിത്തെറിച്ചത്. 250 ലധികം മനുഷ്യജീവനാണ് പൊലിഞ്ഞത്. പലരുടെയും ശരീരങ്ങള്‍ തിരിച്ചറിയാനാവാത്തവിധം ചിതറി, പ്രിയപ്പെട്ടവര്‍ക്ക് ഒരു അന്ത്യചുംബനം പോലും നല്‍കാനാവാത്തവിധം മരിച്ചവരില്‍ ഏകദേശം 50 ഓളം കുഞ്ഞുങ്ങളുമുണ്ടായിരുന്നു എന്നറിയുമ്പോള്‍ ഈ ആക്രമണത്തിന്‍റെ ക്രൂരത എത്രയെന്ന് വ്യക്തമാണ്. ശ്രീലങ്കയിലെ ജനസംഖ്യയിലെ 6% മാത്രമാണ് ക്രൈസ്തവരുള്ളത്. ആരെയും ഉപദ്രവിക്കാതെ തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ച് സന്തോഷത്തോടെ തങ്ങളുടെ സ്വന്തം രാജ്യത്തില്‍ ജീവിച്ചിരുന്ന ഈ ചെറിയ സമൂഹത്തോട് എന്തിനാണ് ഇത്രമാത്രം വെറുപ്പും ക്രൂരതയും കാട്ടുന്നതെന്ന് നമുക്കറിയില്ല. ശ്രീലങ്കയില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല ഈ ക്രൂരത. ലോകത്തിന്‍റെ പല കോണുകളിലും ക്രൈസ്തവവിശ്വാസത്തിനും വിശ്വാസികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ പെരുകുകയാണ്. ഇന്ന് ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന സമൂഹമായി ക്രൈസ്തവര്‍ മാറി. ഈശോമിശിഹാ നമ്മെ പഠിപ്പിച്ച നമ്മുടെ വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും ജീവനാഡിയായ ക്ഷമയും സഹനവുമൊക്കെ നമ്മുടെ ബലഹീനതയും ഭയവുമായാണ് മറ്റുള്ളവര്‍ കണ്ടിരിക്കുന്നത്. ലോകത്താകമാനം, എന്തിന് ക്രൈസ്തവഭൂരിപക്ഷ രാജ്യങ്ങളില്‍പോലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മള്‍ വിശ്വസിക്കുന്നു നമ്മള്‍ ഈ നാട്ടില്‍ സുരക്ഷിതരാണെന്ന്. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് ശ്രീലങ്കന്‍ ആക്രമണം മുന്നറിയിപ്പു നല്‍കുന്നു. പ്രത്യേകിച്ച് ഈ ആക്രമണത്തിന്‍റെ അടിവേര് തേടിയുള്ള അന്വേഷണം നമ്മുടെ നാട്ടിലേക്ക് നീളുന്നതും ഈ കിരാത മനുഷ്യകുരുതിയെ ശക്തമായി സോഷ്യല്‍ മീഡിയയില്‍ അപലപിച്ച ക്ലിന്‍റണ്‍ ഡമിയന്‍ എന്ന ചെറുപ്പക്കാരന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് മാസ് റിപ്പോര്‍ട്ടിംഗ് നടത്തി ഇല്ലാതാക്കിയതുമൊക്കെ ചേര്‍ത്തുവായിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ഇത്തരം ആക്രമണങ്ങളെ അനുകൂലിക്കുന്നവരും ആഗ്രഹിക്കുന്നവരുമായ കുറച്ചുപേരെങ്കിലും നമ്മുടെ നാട്ടിലുമുണ്ടെന്ന് വ്യക്തമാണ്. ഇത് ഉണര്‍ന്നിരിക്കേണ്ട സമയമാണ്. നമ്മുടെ സമുദായത്തെ ബാധിച്ചിരിക്കുന്ന ആത്മനിന്ദയെന്ന വിപത്തിന്‍റെ അടിവേരുമുറിച്ച് ഒരു സമൂഹമെന്ന നിലയില്‍ ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കേണ്ട നേരം. നമ്മുടെ വിശ്വാസത്തെപ്രതി, സഭയ്ക്കുവേണ്ടി ജീവന്‍ വെടിയുന്ന അനേകര്‍ക്കും അവരുടെ ഉറ്റവര്‍ക്കുംവേണ്ടി സ്വര്‍ഗ്ഗത്തിലേക്ക് കരങ്ങളുയര്‍ത്തേണ്ട സമയം. നമുക്കു പ്രാര്‍ത്ഥിക്കാം വിശ്വാസതീക്ഷ്ണതയ്ക്കുവേണ്ടി. നമുക്ക് അഭിമാനിക്കാം നമ്മുടെ കത്തോലിക്കാവിശ്വാസത്തില്‍.
