ഡാര്‍ക്ക് വെബ്

ഡോ. ജൂബി മാത്യു
കുറച്ചു കാലങ്ങളായി നമ്മളോരോരുത്തരും കേട്ടുവരുന്ന ഒന്നാണ് ഡാര്‍ക്ക് വെബ് അഥവാ ഡാര്‍ക്ക് നെറ്റ്. ഈയിടയ്ക്ക് കേരളത്തിലെ മുഖ്യധാരാ പത്രമാധ്യമങ്ങള്‍ എല്ലാം ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാളികളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍നിന്നും വാങ്ങാന്‍ കഴിയുമെന്ന്. ആ വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍നിന്നും പണം അപഹരിക്കാന്‍ കഴിയുമെന്നും തെളിയിക്കപ്പെട്ടു.
എന്താണ് ഡാര്‍ക്ക് വെബ്?
പ്രത്യേക സോഫ്റ്റ്വെയറും സംവിധാനങ്ങളും ഉപയോഗിച്ചുമാത്രം കയറിക്കൂടാവുന്ന രഹസ്യനെറ്റ്വര്‍ക്കുകളെയാണ് ഡാര്‍ക്ക്നെറ്റ് എന്നു പറയുന്നത്. ഇങ്ങനെയുള്ള ഡാര്‍ക്ക് നെറ്റുകളുടെ കൂട്ടത്തെയാണ് ഡാര്‍ക്ക് വെബ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്നത്തെ കാലത്ത് ഇന്‍റര്‍നെറ്റും മൊബൈല്‍ഫോണും ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ വിരളമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച കാരണം ലോകം നമ്മളോരോരുത്തരുടെയും വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. നമ്മള്‍ ഉപയോഗിക്കുന്ന ഇന്‍റര്‍നെറ്റ്, ‘വേള്‍ഡ് വൈഡ് വെബ്’ (www) എന്നാണ് അറിയപ്പെടുന്നത്. ഇതിനെ പ്രധാനമായും സര്‍ഫസ് വെബ്, ഡീപ്പ് വെബ് എന്നിങ്ങനെ രണ്ട് മേഖലയായി തിരിച്ചിരിക്കുന്നു. നമ്മള്‍ ദിനംപ്രതി ഉപയോഗിക്കുന്ന ഗൂഗിള്‍, ഫെയ്സ്ബുക്ക്, വാര്‍ത്ത വെബ്സൈറ്റുകള്‍, യൂട്യൂബ് തുടങ്ങിയവയൊക്കെത്തന്നെ സര്‍ഫസ് വെബിന്‍റെ ഭാഗമാണ്. ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എഞ്ചിനുകള്‍ ഇത്തരം വെബ് സൈറ്റുകളുടെ വിവരങ്ങള്‍ തരുന്നുണ്ട്. ക്രോം, ഫയര്‍ഫോക്സ്, ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ പോലുള്ള ബ്രൗസറുകള്‍ വഴി നമുക്ക് സര്‍ഫസ് വെബ് ഉപയോഗിക്കാവുന്നതാണ്. ഇന്‍റര്‍നെറ്റില്‍ ഉള്ള മുഴുവന്‍ സൈറ്റുകളില്‍ 10 ശതമാനം മാത്രമാണ് സര്‍ഫസ് വെബ് ആയുള്ളത്.
സര്‍ഫസ് വെബിന് കയറിച്ചെല്ലാനാകാത്ത എന്തും ഡീപ്പ് വെബ് അഥവാ ഇന്‍വിസിബിള്‍ വെബിന്‍റെ ഭാഗമാണെന്ന് പറയാം. അത് നല്ലതാവാം, ചീത്തയാവാം ഇത് കുറെക്കൂടി വ്യക്തമാക്കാം. കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍റെ വെബ്സൈറ്റ് ഉദാഹരണമായെടുക്കുക. ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ഇതിന്‍റെ ഹോം പേജ് ലഭ്യമാകും. ഇത് എല്ലാവര്‍ക്കും കാണാവുന്ന ഉള്ളടക്കമാണ്. എന്നാല്‍ ആയിരക്കണക്കിനാളുകള്‍ ഇതേ സൈറ്റില്‍ യൂസര്‍നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് കയറുകയും തങ്ങളുടെ സ്വകാര്യവിവരങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഇത് അതാത് വ്യക്തികള്‍ക്ക് മാത്രം ലഭ്യമാണ്. psc വെബ്സൈറ്റിന്‍റെ ഹോം പേജിലെ ഒരു ചിത്രം ഗൂഗിളിന് എടുക്കാം. എന്നാല്‍ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന നിങ്ങളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഗൂഗിളിന് ലഭ്യമല്ല. അതുകൊണ്ട് അതു ഡീപ്പ് വെബിന്‍റെ ഭാഗമാണ്. എന്നാല്‍ ഇത് ഡീപ്പ് വെബിന്‍റെ തുടക്കം മാത്രമേ ആവുന്നുള്ളൂ. പൂര്‍ണ്ണമായും മറഞ്ഞുകിടക്കുന്ന സൈറ്റുകളും സേവനങ്ങളും വേറെയുണ്ട്. അവിടെയാണ് ഡീപ്പ് വെബിന്‍റെ യഥാര്‍ത്ഥ നിഗൂഢത കുടികൊള്ളുന്നത്.
ഡീപ്പ് വെബിന്‍റെ ഏറ്റവും ഇരുണ്ട മേഖലയാണ് ഡാര്‍ക്ക് വെബ് അഥവാ ഡാര്‍ക്ക്നെറ്റ് എന്ന് അറിയപ്പെടുന്നത്. വേള്‍ഡ് വൈഡ് വെബില്‍ സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെട്ടിട്ടുള്ള ഇടമാണ് ഡാര്‍ക്ക് വെബ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഡാര്‍ക്ക് വെബ് നിയമപാലകര്‍ക്ക് എന്നും ഒരു തലവേദനയാണ്. മയക്കുമരുന്നുകള്‍ മുതല്‍ വാടക കൊലയാളികളെ വരെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന ഏറ്റവും അപകടകരമായ മേഖലയാണ് ഇതെന്ന് ഓരോ ഇന്‍റര്‍നെറ്റ് ഉപയോക്താവും അറിഞ്ഞിരിക്കേണ്ട വസ്തുത തന്നെയാണ്. ബിറ്റ്കോയിന്‍പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ചാണ് ഡാര്‍ക്ക് വെബില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത്.
സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകള്‍ പോലെ തന്നെയാണ് ഡാര്‍ക്ക് വെബിലുള്ള വെബ്സൈറ്റുകളും കാണപ്പെടുന്നത്. എന്നാല്‍ സാധാരണ സൈറ്റുകളുടെ അഡ്രസില്‍നിന്ന് വ്യത്യസ്തമായ അഡ്രസാണ് ഡാര്‍ക്ക് വെബിലുള്ള സൈറ്റുകളുടേത്. ഒരു ഇരുണ്ട മുറിയിലുള്ള വസ്തുക്കള്‍ കാണുവാന്‍ നമുക്ക് പ്രകാശസ്രോതസ്സിന്‍റെ സഹായം കൂടിയേ മതിയാകൂ. അതുപോലെ തന്നെ ഡാര്‍ക്ക് വെബില്‍ ഉള്ള കാര്യങ്ങള്‍ കാണുവാന്‍ നമുക്ക് പ്രത്യേക സോഫ്റ്റ്വെയറുകളുടെ സഹായം ആവശ്യമാണ്. ടോര്‍ (TOR) അഥവാ ‘ദി ഒനിയന്‍ റൂട്ടര്‍’ എന്ന സോഫ്റ്റ്വെയറിന്‍റെ സഹായത്താലാണ് ഭൂരിഭാഗം ആള്‍ക്കാരും ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നത്.
സാങ്കേതികവിദ്യ പുരോഗതി കൈവരിക്കുന്നതോടൊപ്പം അവയുടെ ദുരുപയോഗവും വര്‍ദ്ധിച്ചുവരുന്നു. ഒരു നാണയത്തിന് രണ്ട് വശങ്ങളുള്ളതുപോലെ ഏതൊരു പുതിയ സാങ്കേതികവിദ്യയ്ക്കും ഉപയോഗവും ദുരുപയോഗവും ഉണ്ടാകും. സമൂഹ നന്മയ്ക്കും സൈബര്‍ലോകത്തിന്‍റെ സുരക്ഷിതത്വത്തിനുമായി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കപ്പെടണം.

Leave a Reply