ഡോ. അനിറ്റ് ജോസഫ്
മെയ് 17: ലോകം രക്താതിസമ്മര്‍ദ്ദദിനമായി ആചരിച്ചു.
അമിതരക്തസമ്മര്‍ദ്ദം/രക്താതിസമ്മര്‍ദ്ദം/ഹൈപ്പര്‍ ടെന്‍ഷന്‍/സാധാരണയായി നാം പറയുന്നു ബി.പി. (ബ്ലഡ് പ്രഷര്‍) ഒരു നിശ്ശബ്ദഘാതകനാണ്. പലപ്പോഴും ഒരു ലക്ഷണങ്ങളും കാണിക്കാതെ നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട പല അവയവങ്ങളെയും തകരാറിലാക്കുമ്പോള്‍ മാത്രമാണ് നാം അതിനെ തിരിച്ചറിയുന്നത്. ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും ബി.പി. എന്ന വില്ലന്‍ ബാധിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം ഹൃദയം, തലച്ചോറ്, കണ്ണ്, കിഡ്നി എന്നിവയാണ്. ബി.പി. കൂടുതലായും കണ്ടുവരുന്നത് 40 വയസ്സിനുശേഷമാണ്; എന്നാല്‍ ഇന്ന് 30 വയസ്സിനു മുകളിലുള്ളവരിലും കണ്ടുവരുന്നു.
എന്താണ് രക്തസമ്മര്‍ദ്ദം?
നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലൂടെ രക്തം പ്രവഹിക്കപ്പെടുമ്പോള്‍ അതിന്‍റെ ഭിത്തിയിലുണ്ടാകുന്ന സമ്മര്‍ദ്ദത്തെയാണ് രക്തസമ്മര്‍ദ്ദം എന്നുപറയുന്നത്. സാധാരണ ഒരു വ്യക്തിയിലുണ്ടാകുന്ന രക്തസമ്മര്‍ദ്ദം 120/80 മില്ലി മീറ്റര്‍ മെര്‍ക്കുറി ആണ്. എന്നാല്‍ അത് 130/80 ന് മുകളില്‍ പോയാല്‍ അതിനെ അമിത രക്തസമ്മര്‍ദ്ദം എന്ന് വിളിക്കുന്നു. എന്താണ് രക്തസമ്മര്‍ദ്ദത്തിന് രണ്ട് അളവുകള്‍ വരുന്നത്. മുകളില്‍ കാണുന്ന ഉയര്‍ന്ന അളവ് (ഉദാ: 120) എന്നത് ഹൃദയത്തിന്‍റെ ഇടിപ്പ് നടക്കുമ്പോള്‍ രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന രക്തസമ്മര്‍ദ്ദമാണ്; ഇതിനെ സിസ്റ്റോളിക് പ്രഷര്‍ എന്നു പറയുന്നു. എന്നാല്‍ രണ്ട് ഹൃദയമിടിപ്പുകള്‍ക്കിടയിലുണ്ടാകുന്ന രക്തസമ്മര്‍ദ്ദമാണ് താഴെ കാണുന്ന കുറഞ്ഞ അളവ് (ഉദാ: 80); ഇതിനെ ഡയാസ്റ്റോളിക് പ്രഷര്‍ എന്നു പറയുന്നു. അതായത് സിസ്റ്റോളിക് പ്രഷര്‍ 130 ന് മുകളിലോ; ഡയാസ്റ്റോളിക് പ്രഷര്‍ 80 ന് മുകളിലോ പോയാല്‍ അത് അമിത രക്തസമ്മര്‍ദ്ദമാണ്.
വിധങ്ങള്‍:-
അമിത രക്തസമ്മര്‍ദ്ദം രണ്ട് വിധത്തിലുണ്ട്:-
1. പ്രത്യേക കാരണമൊന്നും കൂടാതെ പ്രായമാകുന്നതിന്‍റെ ഭാഗമായി ക്രമേണ ഉയരുന്ന രക്തസമ്മര്‍ദ്ദത്തെ പ്രാഥമിക/ അനിവാര്യമായ രക്താതിസമ്മര്‍ദ്ദം (essential hypertension) എന്നു പറയുന്നു.
2. മറ്റേതെങ്കിലും രോഗത്തിന്‍റെ ഭാഗമായി രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ദ്വിതീയ രക്താതിമര്‍ദ്ദം (secondary hypertension) എന്നു പറയുന്നു.
കാരണങ്ങള്‍
പ്രാഥമിക രക്താതിമര്‍ദ്ദം:-
ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഈ വിഭാഗമാണ്. ഇതിന്‍റെ കാരണങ്ങള്‍ കൃത്യമായി അറിയില്ലെങ്കിലും; താഴെ പറയുന്ന കാരണങ്ങള്‍ മൂലമാണ് ഇത് ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ കാണിക്കുന്നു:-
1. പുകവലി, മദ്യപാനം
2. മാനസിക പിരിമുറുക്കം
3. പൊണ്ണത്തടി
4. അലസമായ ജീവിതം
5. പൊട്ടാസ്യത്തിന്‍റെയും വിറ്റാമിന്‍ ഡിയുടെയും കുറവ്
6. പ്രായാധിക്യം
7. പാരമ്പര്യം
8. അമിതമായ ഉപ്പിന്‍റെ ഉപയോഗം
9. കൊഴുപ്പിന്‍റെ ഉപയോഗം
ദ്വിതീയ രക്താതിമര്‍ദ്ദം:-
ഇത് ശരീരത്തിലെ മറ്റു അസുഖങ്ങളുടെ ഭാഗമായി ഉണ്ടാകുന്നു. ഇതിന്‍റെ പ്രധാന കാരണങ്ങള്‍ ഇവയാണ്:-
1. ഹൃദ്രോഗങ്ങള്‍
2. പ്രമേഹം
3. രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കൂടുന്നത്.
4. വൃക്ക തകരാറുകള്‍
5. തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍
6. ഗര്‍ഭിണികളില്‍:- ഗര്‍ഭിണികളില്‍ കണ്ടുവരുന്ന രക്താതിമര്‍ദ്ദത്തെ പ്രീ-എക്ലാമ്പ്സിയ എന്നു പറയുന്നു.
രോഗലക്ഷണങ്ങള്‍:-
1. തലവേദന, തലകറക്കം, തലയ്ക്ക് ഭാരം തോന്നുക
2. കാഴ്ചയില്‍ തകരാറ്
3. ഓക്കാനം, ഛര്‍ദ്ദി
4. ഹൃദയമിടിപ്പില്‍ വ്യതിയാനം
5. നെഞ്ചുവേദന, ശ്വാസതടസ്സം
6. ഗര്‍ഭിണികളില്‍:- ശരീരം മുഴുവന്‍ തടിപ്പ്, അപസ്മാരം, ഓക്കാനം, ഛര്‍ദ്ദി, തലവേദന, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കാം.
7. കുട്ടികളില്‍:- ചുരുക്കമായിട്ട് കുട്ടികളിലും രക്താതിമര്‍ദ്ദം ഉണ്ടാകാം. അവരില്‍ കാണുന്ന ലക്ഷണങ്ങള്‍ ഇവയാണ്. തലവേദന, ക്ഷീണം, ശ്വാസതടസ്സം, മൂക്കില്‍നിന്ന് രക്തം വരിക, കാഴ്ചക്കുറവ് എന്നിവയാണ്.
പരിണിതഫലം:-
ഇത് രക്താതിസമ്മര്‍ദ്ദത്തിന്‍റെ ഉയര്‍ന്ന അളവിനെയും, എത്രത്തോളം കാലം ഈ അളവ് ഉണ്ടായിരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. അതില്‍ പ്രധാനം ഇവയാണ്:-
1. ഹൃദയസംബന്ധമായ രോഗങ്ങള്‍:-
ഹൃദയസ്തംഭനം, ഹൃദയഭിത്തിക്ക് കട്ടികൂടുന്ന അവസ്ഥ മുതലായവയാണ്.2. പക്ഷാഘാതം, ഓര്‍മ്മക്കുറവ്
3. കണ്ണ്:- കണ്ണിന്‍റെ രക്തക്കുഴലുകളെയും നാഡീവ്യൂഹത്തെയും ബാധിച്ച് റെറ്റിനോപതി, ഒപ്റ്റിക് ന്യൂറോപതി എന്നിവ ഉണ്ടാകാം.
4. വൃക്കരോഗങ്ങള്‍:- കിഡ്നി തകരാര്‍
5. രക്തക്കുഴലുകളില്‍ വീക്കം ഉണ്ടാകാം. ഇതിനെ അന്യൂറിസം (ധമനിവീക്കം) എന്നു പറയുന്നു.
രോഗനിര്‍ണ്ണയം:-
ഒരാഴ്ചയില്‍ മൂന്ന് ദിവസം രക്തസമ്മര്‍ദ്ദ നിരക്ക് പരിശോധിച്ചുനോക്കി, അത് 130/80 ന് മുകളിലാണെങ്കില്‍ ഡോക്ടറെ കാണണം.
പ്രതിരോധം:-
1. സ്ഥിരമായ/ചിട്ടയായ വ്യായാമം:- സ്ഥിരമായ വ്യായാമത്തിലൂടെ അവയവങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാകുന്നു; ഹൃദയത്തിന്‍റെ ജോലിഭാരം കുറയ്ക്കുകയും ചെയ്യുന്നു. നടത്തം, ജോഗ്ഗിങ്ങ്, നീന്തല്‍, സൈക്ലിങ്ങ് എന്നിവ ഉത്തമം.
ആഴ്ചയില്‍ 4 ദിവസം, ദിവസേന 30 മിനിട്ട് നടക്കുന്നത്: രക്തസമ്മര്‍ദ്ദം 4 മി.മീറ്റര്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
2. ശരീരഭാരം കുറയ്ക്കല്‍:-
രണ്ടു മുതല്‍ അഞ്ച് കിലോ തൂക്കംവരെ കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
3. ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
4. ഭക്ഷണത്തില്‍ ഉപ്പ് കുറച്ചുമാത്രം ഉപയോഗിക്കുക.
5. ഭക്ഷണക്രമത്തിലുള്ള മാറ്റങ്ങള്‍:- ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളും ഉപയോഗിക്കുക. നട്ട്സ്, പൂരക ധാന്യങ്ങള്‍, മീന്‍, കോഴി എന്നിവ ഉപയോഗിക്കുക. ചുവന്ന ഇറച്ചി, പലഹാരങ്ങള്‍ എന്നിവ കുറയ്ക്കുക.
6. മദ്യപാനം, പുകവലി ഉപേക്ഷിക്കുക.
7. മാനസിക സംഘര്‍ഷം, പിരിമുറുക്കം എന്നിവ ഒഴിവാക്കുക. അതിനായി യോഗ, ധ്യാനം (meditation) എന്നിവ ചെയ്യാം.
8. ദിവസേന 7 മണിക്കൂറെങ്കിലും ഉറങ്ങുക.
ചികിത്സ:- മേല്‍പറഞ്ഞ എല്ലാറ്റിനെയുംപോലെ പ്രധാനപ്പെട്ടതാണ് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചുള്ള ചികിത്സ നേടുക എന്നത്. ചിലര്‍ സ്വയം ചികിത്സിച്ച് രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ മാത്രം മരുന്നുകള്‍ കഴിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ ഗുണത്തേക്കാള്‍ ദോഷം മാത്രം ഉണ്ടാക്കും എന്നതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മരുന്നുകള്‍ കഴിക്കുകയും അത് ചിട്ടയായി കഴിക്കുകയും ചെയ്യണം.

