പ്രൊഫ റോണി കെ. ബേബി
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മദിനാഘോഷത്തിലൂടെ ഭാരതവും ലോകവും കടന്നുപോവുകയാണ്. ലോകമെമ്പാടുമുള്ള അസംഖ്യം ആളുകളുടെ ഒടുങ്ങാത്ത ആവേശവും രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ ഒരിക്കലും അവസാനിക്കാത്ത അത്ഭുതവുമാണ് ഇന്നും ഗാന്ധി. ‘ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി ഇനി വരുന്ന തലമുറ വിശ്വസിച്ചേക്കില്ല.’ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള വിലയിരുത്തലുകളുടെ മുഴുവന്‍ സാരാംശവും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ ഈ വാക്കുകളില്‍ ഉണ്ട്.
ശരിക്കും ആരായിരുന്നു മഹാത്മാഗാന്ധി ? അക്രമരാഹിത്യത്തിന്‍റെ പ്രവാചകന്‍. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് ധീരമായി പ്രഖ്യാപിച്ച ധീഷണശാലി. ഒരു കറതീര്‍ന്ന മനുഷ്യസ്നേഹി. സൂര്യന്‍ അവസാനിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിയറവു പറയിച്ച മഹാനായ വിപ്ലവകാരി. അഹിംസാ വാദത്തിന്‍റെ അപ്പസ്തോലന്‍. ജീവിതം തന്നെ പരീക്ഷണമാക്കി മാറ്റിയ കര്‍മ്മയോഗി. സംഘര്‍ഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും ഇടയിലൂടെ, സത്യത്തിന്‍റെ മാര്‍ഗത്തിലൂടെ, ദൈവത്തെ അന്വേഷിച്ച സന്ന്യാസിവര്യന്‍.
ഗാന്ധിജയന്തിയുടെ നൂറ്റമ്പതാം ആഘോഷങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രസക്തമായ ചോദ്യം ഗാന്ധിയന്‍ സൂക്തങ്ങള്‍ക്ക് വര്‍ത്തമാനകാലഘട്ടത്തില്‍ എത്രമാത്രം പ്രസക്തി ഉണ്ട് എന്നതാണ്. ഇതിനുള്ള കൃത്യമായ ഉത്തരം 1986 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആദ്യം പറഞ്ഞ വാചകമാണ് ‘ലോകത്തിലുള്ള എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തരം മഹാത്മാഗാന്ധിയില്‍ ഉണ്ട്’.
ഗാന്ധിജിയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചുകൊണ്ട് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ഓള്‍ ഇന്ത്യ റേഡിയോയിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു. ‘നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്… പ്രകാശം പൊലിഞ്ഞെന്നാണോ ഞാന്‍ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വര്‍ഷങ്ങള്‍ക്കുശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങള്‍ക്ക് അത് ആശ്വാസം പകര്‍ന്നുകൊണ്ടിരിക്കും’. അതെ ഒരായിരം വര്‍ഷങ്ങള്‍ക്കുശേഷവും മാനവരാശിക്ക് പ്രകാശം ചൊരിയുന്ന, മനുഷ്യഹൃദയങ്ങള്‍ക്ക് ആശ്വാസം പകരുന്ന മഹത്തായ ദര്‍ശനമാണ് ഗാന്ധിസൂക്തങ്ങള്‍. ഗാന്ധിജിയുടെയും ഗാന്ധിചിന്തകളുടെയും സമകാലിക പ്രസക്തിയും ഇതുതന്നെയാണ്.
- ക്രിസ്ത്യാനി അറിഞ്ഞിരിക്കേണ്ട 10 ഉത്തരങ്ങള്‍
- ലവ് ജിഹാദ് സത്യമോ മിഥ്യയോ?