കൊച്ചി മെട്രോ ഇന്ന് മുതല്‍ പേട്ടയിലേക്ക് ഓടിത്തുടങ്ങും. തൈക്കൂടം മുതല്‍ പേട്ട വരെയുള്ള പാത ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓണ്‍ലൈനിലൂടെ ചടങ്ങിന് അധ്യക്ഷത വഹിക്കും. ഇരുവരും ചേര്‍ന്നാകും ആദ്യ സര്‍വീസ് ഫഌഗ് ഓഫ് ചെയ്യുക.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട പദ്ധതിയാണ് ഇതോടെ നടപ്പിലാകുന്നത്. ആലുവ മുതല്‍ പേട്ട വരെ എന്നതായിരുന്നു കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ആദ്യം ആലുവ മുതല്‍ പാലാരിവട്ടം വരെ സര്‍വീസ് ആരംഭിച്ച മെട്രോ പിന്നീട് മഹാരാജ് വരെയും, നിലവില്‍ തൈക്കൂടം മുതല്‍ പേട്ട വരെയുമാക്കി നീട്ടി ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ആദ്യ ട്രെയിന്‍ പേട്ടയില്‍ നിന്ന് പുറപ്പെടുന്നത്.
മെയ് മാസത്തില്‍ തന്നെ പേട്ടവരെയുള്ള മെട്രോ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും കൊവിഡ് സാഹചര്യമാണ് ഉദ്ഘാടനം വൈകാന്‍ കാരണമായത്.
മെട്രോ ടിക്കറ്റിലും ഇത്തവണ ഇളവുകള്‍ വന്നിട്ടുണ്ട്. പത്ത് രൂപ മുതലാകും ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുക. 10, 20, 30, 50 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. വീക്ക്‌ഡേ പാസിന് 110 രൂപയായിരിക്കും. വാരാന്ത്യ പാസിന് 220 രൂപയായിരിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉള്ളവര്‍ക്ക് 10% ഇളവുണ്ടാകും.

