ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ തുക യാത്രക്കാര്‍ക്ക് വിമാന കമ്ബനികള്‍ തിരിച്ചു നല്‍കണമെന്ന് വ്യോമായന മന്ത്രാലയം സുപ്രീംകോടതിയില്‍ അറിയിച്ചു. തുക പൂര്‍ണമായും തിരിച്ചു നല്‍കാന്‍ സാധിക്കാത്ത കമ്ബനികള്‍ക്ക് ക്രെഡിറ്റ് ഷെല്‍ ആയി യാത്രക്കാരുടെ പേരില്‍ നല്‍കാം.
കോവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വിമാനക്കമ്ബനികളുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ ജൂണ്‍ 12ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഇതുപ്രകാരം വിമാന കമ്ബനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തയ്യാറാക്കിയ നിര്‍ദേശങ്ങളാണ് വ്യോമായന മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
കേസ് ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും. ആദ്യ രണ്ട് ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങിയവര്‍ക്കാണ് പണം തിരിച്ചുകിട്ടുക.
എന്താണ് ക്രെഡിറ്റ് ഷെല്‍?
മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരിച്ചു കിട്ടുക. തുക മടക്കി നല്‍കാന്‍ സാധിക്കാത്ത വിമാന കമ്ബനികള്‍ക്ക് യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കാം. നേരത്തെ ബുക്ക് ചെയ്ത റൂട്ടിലോ അല്ലാത്ത മറ്റു റൂട്ടിലോ യാത്രയ്ക്ക് അവസരം ഒരുക്കണം. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തി നിര്‍ദേശിക്കുന്നവര്‍ക്കും യാത്രയ്ക്കുള്ള അവസരം ഒരുക്കാം. 2021 മാര്‍ച്ച് 31 വരെയാണ് ക്രെഡിറ്റ് ഷെല്‍ അവസരം.
ടിക്കറ്റ് റദ്ദാക്കപ്പെട്ട അന്നു മുതല്‍ ജൂണ്‍ 30 വരെ തുകയുടെ അര ശതമാനം വീതവും അതിന് ശേഷം മാര്‍ച്ച് വരെ 0.75 ശതമാനവും ക്രെഡിറ്റ് ഷെല്ലിന്റെ മൂല്യം വര്‍ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.