ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്,
75വയസ്സുള്ള ഒരു അമ്മയും 45 വയസ്സുള്ള ഒരു മകനുംകൂടി എന്‍റെ ഒ.പിയില്‍ വന്നു. ഓര്‍മ്മക്കുറവുള്ള ഒരമ്മയാണ്. എന്നാല്‍ ഒരിക്കലും ആ അമ്മയ്ക്ക് അത് തോന്നിയിട്ടില്ല. പക്ഷേ, എനിക്ക് അവരെ നന്നായിട്ട് അറിയാം. കാരണം അവര്‍ പല പ്രാവശ്യം എന്‍റെ അടുക്കല്‍ വന്നിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്കെങ്ങനെയുണ്ടെന്നറിയാന്‍ ഞാന്‍ കൊച്ചു കൊച്ചു ചോദ്യങ്ങളൊക്കെ ചോദിക്കും. എല്ലാ പ്രാവശ്യവും വരുമ്പോള്‍ അമ്മ പറയും എനിക്കു നല്ല വ്യത്യാസമുണ്ട് മോളേ, ഇപ്പോള്‍ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ഒരിക്കല്‍ വന്നപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു ‘അമ്മ രാവിലെ എന്താണ് കഴിച്ചത്?’ ആ അമ്മ കുറേ ആലോചിച്ചു. എന്നിട്ട് അവര്‍ മകന്‍റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു: ‘അങ്കിളേ രാവിലെ എന്താണ് നമ്മള്‍ കഴിച്ചത്?’ അടുത്തിരിക്കുന്നത് സ്വന്തം മകനാണെന്നുപോലും തിരിച്ചറിയാന്‍ പറ്റാത്ത വേദനാജനകമായ ഒരു അവസ്ഥയാണിത്.
ദൂരെ ഹോസ്റ്റലില്‍നിന്ന് പഠിക്കുന്ന മകള്‍ അവധിക്ക് വീട്ടില്‍ വരുമ്പോള്‍ ‘നീ ആരാ, എവിടുന്നാ വരുന്നേ’ എന്നു ചോദിക്കുമ്പോള്‍ അത് സങ്കടകരമായ ഒരനുഭവമാണ്.”
എന്നും കാണുന്ന സ്വന്തക്കാരെയും ബന്ധുക്കളെയും മറന്നു പോകുന്നതും ഏറ്റവും പ്രിയപ്പെട്ടതായി കരുതിയിരുന്ന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്തതുമായ അവസ്ഥ രോഗിക്കും അതു കണ്ടുകൊണ്ടുനില്‍ക്കുന്നവര്‍ക്കും ഒരുപോലെ വേദനാജനകമാണ്. ഇത്തരം ഒരു സന്ദര്‍ഭം വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കി തരാന്‍ തന്മാത്ര എന്ന സിനിമയ്ക്ക് സാധിച്ചു.
എന്താണ് ഓര്‍മ്മ
ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളോ അല്ലെങ്കില്‍ സംഭവങ്ങളോ, അതുമല്ലെങ്കില്‍ നാം പഠിക്കുന്ന കാര്യങ്ങള്‍ (വിജ്ഞാനം) തലച്ചോറില്‍ ശേഖരിച്ച് വച്ചിട്ട് ആവശ്യനേരത്ത് പുറത്തെടുക്കാനും അവ പ്രകടിപ്പിക്കാനും ഉപയോഗിക്കാനും കഴിയുന്നതിനെയാണ് ഓര്‍മ്മ എന്നു പറയുന്നത്.
ഓര്‍മ്മവയ്ക്കലിലെ ഘട്ടങ്ങള്‍ ഇവയാണ്.
- ഗ്രഹിക്കുക (Grasping). നമുക്ക് ലഭിക്കുന്ന അറിവിനെ തലച്ചോറില്‍ രാസവിവരമാക്കി മാറ്റുന്ന പ്രക്രിയയാണിത്. പഠിക്കുക എന്നും ഇതിന് അര്‍ത്ഥമുണ്ട്.
- ശേഖരണം(Registering) മനസ്സിലാക്കിയ കാര്യത്തെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഘട്ടം.
- പുനരുല്‍പാദിപ്പിക്കുക (Responding) ശേഖരിക്കപ്പെട്ട വിവരത്തെ ഓര്‍മ്മയിലെത്തിക്കുന്ന ഘട്ടമാണിത്.
ഇതിലേതെങ്കിലും ഘട്ടത്തില്‍ ബുദ്ധിമുട്ട് നേരിട്ടാല്‍ അത് ഓര്‍മ്മക്കുറവാണ്.
ഓര്‍മ്മക്കുറവ് (ആമ്നീഷ്യാ):-
വല്ലപ്പോഴുമുള്ള ചെറിയ ഓര്‍മ്മക്കുറവ് പേടിക്കേണ്ടതല്ല, എന്നാല്‍ നീണ്ടുനില്ക്കുന്നതും പുരോഗമിക്കുന്നതുമായ ഓര്‍മ്മക്കുറവ് ശ്രദ്ധിക്കേണ്ടതും അതിന്‍റെ കാരണം കണ്ടുപിടിക്കേണ്ടതുമാണ്.
ആമ്നീഷ്യ ബാധിച്ചവര്‍ പല തരത്തിലുണ്ട് ചിലര്‍ക്ക് പുതിയ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധിമുട്ട്. ചിലര്‍ക്ക് പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട്. എന്നാല്‍ ഈ രണ്ടുകൂട്ടര്‍ക്കും താന്‍ ആരെന്ന് നന്നായി അറിയാം.
മുന്‍പ് ചെയ്തിരുന്ന ജോലികള്‍ തുടര്‍ന്ന് ചെയ്യാന്‍ സാധിക്കുകയും ചെയ്യും.
കാരണങ്ങള്‍
- തലച്ചോറിലെ കോശങ്ങള്‍ ക്രമാതീതമായ വേഗത്തില്‍ നഷ്ടപ്പെടുകയും അതുമൂലം ഉണ്ടാകുന്ന ഓര്‍മ്മക്കുറവും.
- തലച്ചോറിലോട്ട് പ്രാണവായുവിന്‍റെ (ഓക്സിജന്‍റെ) അളവ് കുറഞ്ഞു പോകുമ്പോള്‍. ഇത്തരക്കാര്‍ രാത്രിയില്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുന്നവരാകാം എന്ന് ഗവേഷകര്‍ പറയുന്നു
- തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങള്‍. അപകടങ്ങള്‍ മൂലമോ മറ്റോ
- തലച്ചോറിനുണ്ടാകുന്ന ട്യൂമറു മൂലമോ അണുബാധമൂലമോ
- അമിതമായ മദ്യപാനത്തിന്‍റെ ഭാഗമായി
- അമിതമായ മാനസ്സിക സമ്മര്‍ദ്ദംമൂലം
- ഉറക്കമില്ലായ്മ, ഉത്ക്കണ്ഠ. ഗാഢനിദ്ര ലഭിക്കുന്നത് ഓര്‍മ്മശക്തിക്ക് ആധാരമാണെന്ന് കണ്ടുപിടുത്തങ്ങള്‍ സൂചിപ്പിക്കുന്നു.
- ചിലതരം മരുന്നുകള്‍
ഉദാ. ഉറക്കഗുളികകള്‍, ചില വേദനസംഹാരികള്‍, ഉത്കണ്ഠാരോഗത്തിനുള്ള ഗുളികകള്‍ - പോഷകക്കുറവ്. ഉദാ. വിറ്റാമിന്‍ ബി 12 വിന്‍റെ കുറവ്.
പ്രതിരോധ മാര്‍ഗ്ഗം- - മദ്യപാനം മയക്കുമരുന്നുകള്‍ എന്നിവയുടെ ഉപയോഗം ഉപേക്ഷിക്കുക.
- മാനസികാരോഗ്യം വീണ്ടെടുക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങള്‍ (ഹോബീസ്) കണ്ടുപിടിക്കുക. ഉദാ. വായന,യാത്ര, ഗാര്‍ഡനിങ്ങ്.
- കൃത്യമായ വ്യായാമശീലം വളര്‍ത്തിയെടുക്കുക
- ആരോഗ്യപരമായ ഭക്ഷണരീതി വളത്തിയെടുക്കുക. അതിനായി പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുത്തുകയും, കൊഴുപ്പ് ഒഴിവാക്കുകയും ചെയ്യുക.
- ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണം (Dehydration) നമ്മുടെ ശരീരത്തെയും മനസ്സിനെയും അസ്വസ്ഥതപ്പെടുത്തും. അതുമൂലം തലവേദന, ഉത്സാഹക്കുറവ് എന്നിവ ഉണ്ടാകുകയും ജോലിയില്‍ താത്പര്യക്കുറവായി മാറുകയും ചെയ്യും.
അല്‍ഷിമേഴ്സ് രോഗം (Alzheimers disease)
ഡിമെന്‍ഷ്യാവിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് മറവി രോഗം/മേധാക്ഷയം/അല്‍ഷിമേഴ്സ് രോഗം. പൊതുവെ 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ കാണപ്പെടുന്നുവെങ്കിലും ചിലപ്പോള്‍ പ്രായം കുറഞ്ഞവരിലും ഈ രോഗം പിടിപെടാം. രോഗകാരണം വ്യക്തമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് ഇതിനുള്ളതെന്ന് കരുതപ്പെടുന്നു.
സെപ്തംബര്‍ 21 ലോകഅല്‍ഷിമേഴ്സ് ദിനമായി ആചരിക്കപ്പെടുന്നു. - രോഗലക്ഷണങ്ങള്‍
ഓരോ രോഗിയിലും രോഗാവസ്ഥ വ്യത്യസ്തമായിരിക്കും.
രോഗത്തിന്‍റെ പൊതുവായ ചില ലക്ഷണങ്ങള്‍ ഇവയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയുമ്പോഴും അടുത്ത കാലത്തായി മനസ്സിലാക്കിയ കാര്യങ്ങള്‍ മറന്നു പോവുന്നതാണ് പ്രാഥമിക ലക്ഷണം.(Short term memory learn) പിന്നീട് വ്യക്തിത്വത്തിലും പെരുമാറ്റത്തിലും വലിയ മാറ്റങ്ങള്‍ കാണാം.
രോഗം മൂര്‍ച്ഛിക്കുമ്പോള്‍ സംശയം മിഥ്യാധാരണകള്‍, പെട്ടെന്നുള്ള ദേഷ്യം, വികാരമാറ്റങ്ങള്‍ (mood swings) ദീര്‍ഘകാലമായുള്ള ഓര്‍മ്മ നശിക്കല്‍ (long term memory loss) സ്ഥലകാലബോധം നഷ്ടപ്പെടുക എന്നീ ലക്ഷണങ്ങള്‍ കാണിക്കും. ചിലര്‍ അന്തര്‍മുഖരായിത്തീരും.
ദൈനംദിനചര്യകള്‍ക്ക് പരസഹായം വേണ്ടിവരും. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരും. ആലോചിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള കഴിവുകള്‍ നഷ്ടപ്പെടും. സാധനങ്ങള്‍ എവിടെയെങ്കിലും വച്ച് മറന്നു പോകും. ഒരു കാര്യത്തിലും താല്‍പര്യമില്ലാതെ വരും. ആശയവിനിമയം ഒറ്റ വാക്കിലോ വാചകത്തിലോ ഒതുങ്ങുകയും അവസാനം തീരെ ഇല്ലാതാകുകയും ചെയ്യും. പേശികള്‍ ദുര്‍ബലമാകുകയും നടക്കാനോ സ്വന്തമായി ഭക്ഷണം കഴിക്കാനോ ഉള്ള ശേഷി നഷ്ടമാകുകയും ചെയ്യും. പതുക്കെ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാകുകയും രോഗിയുടെ അന്ത്യം സംഭവിക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള രോഗലക്ഷണങ്ങള്‍ വീട്ടില്‍ ആരെങ്കിലും കാണിച്ചാല്‍ അതു മറച്ചു വയ്ക്കാതെ അവരെ ഡോക്ടറെ കാണിക്കുകയും രോഗനിര്‍ണ്ണയം നടത്തുകയും ചെയ്യേണ്ടതാണ്. ഇത്തരം രോഗികളെ ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ച് അവര്‍ക്ക് വേണ്ട ചികിത്സയും പരിചരണവും നല്‍കേണ്ടതാണ്.

