മകനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

മകനെ കത്തോലിക്കാ സഭയിലേക്ക് ജ്ഞാനസ്‌നാനപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കത്തോലിക്കാ സഭയിൽ ജ്ഞാനസ്‌നാനം സ്വീകരിച്ചിട്ടുണ്ടെങ്കിലും വിശ്വാസജീവിതത്തിന് പ്രാധാന്യമൊന്നും നൽകാത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ മകനെ കത്തോലിക്കാ സഭയിൽ ജ്ഞാനസ്‌നാനപ്പെടുത്തിയ വാർത്ത ചർച്ചയാകുകയാണിപ്പോൾ.
വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിൽ നടത്തിയ മാമ്മോദീസയിൽ വിൽഫ്രഡ് എന്നാണ് നാലു മാസം പ്രായമുള്ള മകന് പേരിട്ടിരിക്കുന്നത്. ഫാ. ഡാനിയേൽ ഹംബ്രിസായിരുന്നു കാർമികൻ. ബ്രിട്ടീഷ് മാധ്യമങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്ത വാർത്ത വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രൽ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണാ പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ വളരെ കുറച്ചുപേരേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.
കത്തോലിക്കാസഭയിൽ ജ്ഞാനസ്‌നാനം സ്വീകരിച്ച ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. പഠനകാലത്ത് ആംഗ്ലിക്കൻ സഭയിൽ സഥൈര്യലേപനം സ്വീകരിച്ചു, ക്രിസ്തീയ വിശ്വാസത്തോട് ചേർന്നുനിൽക്കാത്ത തീരുമാനങ്ങൾ വ്യക്തിജീവിതത്തിൽ കൈക്കൊള്ളുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ ബോറിസിനുനേരെ ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് മകനെ കത്തോലിക്കാ സഭയിലേക്ക് ജ്ഞാനസ്‌നാപ്പെടുത്തിയ സംഭവം വാർത്താപ്രാധാന്യം നേടുന്നത്. എന്തായാലും, മകനെ കത്തോലിക്കാ വിശ്വാസിയായി വളർത്താനുള്ള ബോറിസിന്റെ ആഗ്രഹത്തെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് വിശ്വാസീസമൂഹം.

Leave a Reply