തിരുവനന്തപുരം: വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന പരാതിയിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു. ആൾമാറാട്ടം, പകർച്ചാവ്യാധി നിയന്ത്രണനിയമം എന്നിവ ചുമത്തിയാണ് കേസെടുത്തത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായരുടെ പരാതിയിലാണ് കേസ്.
കെ.എം. അഭി എന്ന പേരായിരുന്നു അഭിജിത്ത് പരിശോധന സമയത്ത് നൽകിയിരുന്നത്. പോത്തൻകോട് പഞ്ചായത്തിലെ തച്ചംപള്ളി പോലുള്ള വാർഡിൽ വന്ന് ജില്ലക്കാരനല്ലാത്ത അഭിജിത്ത് കോവിഡ് പരിശോധന നടത്തിയെന്നത് ദുരൂഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
അഭിജിത്തിന്റെ കോവിഡ് പരിശോധനാ രജിസ്റ്റർ പുറത്തുവന്നിട്ടുണ്ട്. രജിസ്റ്ററിൽ സ്വന്തം വിലാസവും ഫോൺ നമ്പറും അഭിജിത്ത് നൽകിയിരുന്നില്ല. രോഗം സ്ഥിരീകരിച്ച ശേഷവും സ്വന്തം നമ്പർ നൽകിയില്ല. രോഗിയുടെ നമ്പർ ഉപയോഗിച്ചാണ് സമ്പർക്ക പട്ടിക തയാറാക്കുന്നത്.
കോവിഡ് പോസിറ്റീവായതിനാല്‍ കഴിഞ്ഞ ആറ് ദിവസമായി സ്വയം ക്വാറന്റൈനിലാണെന്നും സഹപ്രവര്ത്തകന് ബാഹുല്‍ കൃഷ്ണയാണ് പരിശോധനക്ക് പേര് നല്‍കിയതെന്നുമാണ് അഭിജിത്തിന്റെ വിശദീകരണം. സംഭവിച്ചത് ക്ലെറിക്കൽ തെറ്റാകാമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.