ചെന്നൈ: ഇന്ത്യന്‍ സിനിമാലോകത്തെ മഹാഗായകന്‍ എസ് പി ബാലസുബ്രഹ‌്മണ്യം അന്തരിച്ചു. നടന്‍, സംഗീത സംവിധായകന്‍, നിര്‍മ്മാതാവ്, ഡബിംഗ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് എസ്.പി.ബി. കൊവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ കഴിഞ്ഞ ഒന്നരമാസക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
ഓഗസ്‌റ്റ് അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശുപത്രിയിലേക്ക് വിളിപ്പിച്ചു. സഹോദരി എസ്.പി ഷൈലജ ഉള്‍പ്പടെയുളളവര്‍ അന്ത്യസമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നു.
എസ്.പി.ബിയുടെ ആരോഗ്യ നില വഷളായതറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്നായി ആശുപത്രിയുടെ മുന്നിലേക്ക് വന്‍ ജനക്കൂട്ടമാണ് എത്തിയത്. അധികമായി പൊലീസിനെ വിന്യസിച്ചാണ് ജനക്കൂട്ടത്തെ അധികൃതര്‍ നിയന്ത്രിച്ചത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇന്ത്യന്‍ സിനിമ ലോകം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുളള പ്രാര്‍ത്ഥനകളിലായിരുന്നു. കമല്‍ഹാസന്‍ ഉള്‍പ്പടെയുളളവര്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. നേരിയ കൊവിഡ് ലക്ഷണങ്ങളോടെയാണ് ഓഗസ്റ്റ് അഞ്ചിന് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോയും പുറത്തുവിട്ടിരുന്നു.
ഓഗസ്റ്റ് 13ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്‌തു. പ്ലാസ്‌മ തെറാപ്പിക്കും അദ്ദേഹത്തെ വിധേയനാക്കി. സെപ്‌തംബര്‍ എട്ടിന് അദ്ദേഹം കൊവിഡ് രോഗമുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയില്ല. പിന്നീട് എസ്.പി.ബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് സെപ്‌തംബര്‍ 19ന് അദ്ദേഹത്തിന്റെ മകന്‍ അറിയിച്ചിരുന്നു. അദ്ദേഹം സാധാരണഗതിയില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നും മകന്‍ വ്യക്തമാക്കി.
എസ്.പി.ബി അതിവേഗം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും എത്രയും വേഗം ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.ബി ചരണ്‍ അടുത്തിടെ അറിയിച്ചിരുന്നു. ഒടുവില്‍ എല്ലാ പ്രാര്‍ത്ഥനകളേയും വിഫലമാക്കി ആരാധകരെ തേടിയെത്തിയത് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വാര്‍ത്തയാണ്.

