അസീസി: ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ആധുനിക വിവര സാങ്കേതിക വിദ്യകളെ സമർത്ഥമായി വിനിയോഗിച്ച കൗമാരക്കാരൻ കാർലോ അക്യുറ്റിസിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം അവിസ്മരണീയമാക്കാൻ ഒരുങ്ങി ഇറ്റലിയിലെ അസീസി നഗരം. സെന്റ് ഫ്രാൻസിസ് അസീസിയുടെ നാമധേയത്തിലുള്ള ബസിലിക്കയിൽ ഒക്‌ടോബർ 10 വൈകിട്ട് 4.30നാണ് പ്രഖ്യാപന തിരുക്കർമങ്ങൾ. അതോടനുബന്ധിച്ച് ഒക്‌ടോബർ ഒന്നിന് ആരംഭിക്കുന്ന 17 ദിന ആഘോഷപരിപാടികളാണ് അസീസിയിൽ ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ 17വരെ കാർലോയുടെ മൃതകുടീരം രാവിലെ 8.00 മുതൽ രാത്രി 10.00വരെ പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. ഫ്രാൻസിസ് അസീസി തന്റെ വിലപിടിപ്പുള വസ്ത്രങ്ങൾ പാവപ്പെട്ടവർക്ക് വിതരണം ചെയ്ത സ്ഥലമെന്ന് വിശ്വസിക്കുന്ന അസീസിയിലെ സാങ്ച്വറി ഓഫ് സോലിയേഷനിലാണ് കാർലോയുടെ മൃതകുടീരം സ്ഥിതിചെയ്യുന്നത്. കൊറോണാ പ്രോട്ടോക്കോൾ പ്രകാരം, പരമാവധി ആളുകൾക്ക് കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കാൻ അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ആത്മീയ ഒരുക്കങ്ങളും തയാറെടുപ്പുകളും യുവജനങ്ങൾക്ക് കൂടുതൽ പ്രതീക്ഷ പകരുമെന്ന് അസീസിയിലെ ബിഷപ്പ് ഡൊമെനിക്കോ സാറന്റിനോ പ്രത്യാശ പ്രകടിപ്പിച്ചു. വിശുദ്ധ കുർബാനയെ അത്യധികമായി സ്‌നേഹിച്ച കാർലോ സമാഹരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളുടെയും മരിയൻ പ്രത്യക്ഷീകരണങ്ങളുടെയും പ്രദർശനും രണ്ട് ദൈവാലയങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.
അസീസിയിലെ സാൻ റൂഫിനോ കത്തീഡ്രൽ, സെന്റ് മേരീസ് ഓഫ് ഏഞ്ചൽസ് ബസിലിക്ക എന്നിവിടങ്ങളിൽ ഒക്‌ടോബർ ഒന്നുമുതൽ 16വരെയാണ് പ്രദർശനം. കൂടാതെ, വെബ്‌സൈറ്റുകളിലൂടെയും പ്രദർശനം നടത്താൻ പദ്ധതിയുണ്ട്. ഇറ്റാലിയൻ യുവജനങ്ങൾക്കായി ഓൺലൈൻ സംഗമവും യുവജനങ്ങളുടെ നേതൃത്വത്തിൽ വിശേഷാൽ ജാഗരണ പ്രാർത്ഥനയും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്‌ടോബർ രണ്ടിനാണ് ഓൺലൈൻ സംഗമം. വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന തിരുക്കർമങ്ങളുടെ തലേന്നായിരിക്കും ‘മൈ ഹൈവേ ടു ഹെവൻ’ എന്ന പേരിൽ ക്രമീകരിക്കുന്ന നൈറ്റ് വിജിൽ.
1991ൽ ലണ്ടനിൽ ജനിച്ച അക്യൂറ്റിസ്, ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12നാണ് ഇഹലോകവാസം വെടിഞ്ഞത്. കേവലം 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ അനേകരെ വിശ്വാസവഴിയിലേക്ക് നയിച്ചതിലൂടെയാണ് അക്യുറ്റിസ് ശ്രദ്ധേയനായത്. കംപ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിൽ പ്രതിഭാശാലിയായിരുന്ന കാർലോ, തന്റെ കഴിവുകൾ പൂർണമായും ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചത്. 11-ാം വയസിൽ വിശുദ്ധ കുർബാനയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവൻ കംപ്യൂട്ടറിൽ ശേഖരിക്കാൻ തുടങ്ങി.
അതിനായി ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളിൽ തന്നെ കൊണ്ടുപോകണമെന്ന് കാർലോ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രണ്ടര വർഷത്തെ പ്രയത്‌നത്തിനൊടുവിൽ കാർലോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഏതാണ്ട് എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളും കോർത്തിണക്കി ഒരു വെബ്‌സൈറ്റും തയാറാക്കി. വിവിധ രാജ്യങ്ങളിൽ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് അവൻ ശേഖരിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളിൽ വെർച്വൽ ലൈബ്രറിയുടെ പ്രദർശനവും നടത്തി. കാൻസർ രോഗത്തിന്റെ വേദനയാൽ പുളയുമ്പോഴും ആ വേദന കാർലോ പാപ്പയ്ക്കും സഭയ്ക്കുംവേണ്ടി കാഴ്ചവെച്ചു.

