എന്താണ് ആരാധനാവത്സരം?
ഓരോ വിശ്വാസിയുടെയും ആദ്ധ്യാത്മിക ജീവിതം ചിട്ടപ്പെടുത്തുവാന്‍ ഈശോ മിശിഹായുടെ തുടര്‍ച്ചയും മൗതിക ശരീരവുമായ തിരുസഭാ മാതാവ് നമുക്ക് നല്‍കിയിരിക്കുന്ന പ്രതിവര്‍ഷ സംവിധാനമാണ് ആരാധനാവത്സരം അഥവാ ഘശൗൃഴേശരമഹ ഥലമൃ. നമ്മുടെ ആഘോഷങ്ങളും വ്യക്തിപരമായ പ്രാര്‍ത്ഥനാ ജീവിതവും എന്തിനേറെ തീന്‍ മേശയിലെ വിഭവങ്ങള്‍ പോലും ആരാധനാവത്സരത്തിനു അനുസൃതമായി ക്രമപ്പെടുത്താന്‍ ഒരു നല്ല സഭാതനയന്‍ എന്ന നിലയില്‍ നമുക്ക് സാധിക്കണം. ഏറ്റം സമഗ്രവും ആധികാരികവുമായ ക്രൈസ്തവ ആത്മീയജീവിതയാത്രയ്ക്ക് താല്പര്യമുള്ളവര്‍ ജീവിതം ക്രമപ്പെടുത്തുന്നതിനുള്ള സംവിധാനമായി ആശ്രയിക്കേണ്ടത് ആരാധനാവത്സരത്തെയാണ്. ആരാധനാവത്സരത്തിലെ ഓരോ കാലത്തിലും അനുസ്മരിക്കുന്ന മിശിഹാസംഭവങ്ങള്‍ ധ്യാനവിഷയമാക്കിയാല്‍ വളരെ സന്തുലിതവും സമഗ്രവുമായ ആത്മീയജീവിതത്തിനു അത് അടിത്തറയേകും. സീറോ മലബാര്‍ സഭയില്‍ 9 കാലങ്ങളായി ഒരു വര്‍ഷത്തെ ക്രമീകരിച്ചിട്ടുണ്ട്. ഈശോയുടെ ജനനം പ്രതീക്ഷിച്ചിരിക്കുന്ന മംഗലവാര്‍ത്തക്കാലത്തോടെ (സുവാറ) ആരംഭിച്ച് തിരുസ്സഭയെ വിശുദ്ധീകരിച്ച് ദൈവത്തിന് സമര്‍പ്പിക്കുന്ന പള്ളിക്കൂദാശാക്കാലത്തോടെയാണ് അത് സമാപിക്കുന്നത്. വിശ്വാസ സത്യങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും സമഗ്രമായ പാഠ്യ പദ്ധതി തന്നെയാണ് ആരാധനാവത്സരം. ഇന്നുള്ള ദൈവ ശാസ്ത്ര പീഠങ്ങള്‍ക്കു മുന്നോടിയായി അഞ്ചും ആറും നൂറ്റാണ്ടുകളില്‍ പൗരസ്ത്യ സുറിയാനി സഭയില്‍ നിലവിലിരുന്ന നിസിബിസിലെ ദൈവശാസ്ത്ര സ്കൂളിലെ വാര്‍ഷിക അധ്യയനം പോലും ആരാധനാവത്സരം അനുസരിച്ചായിരുന്നു. മംഗലവാര്‍ത്താകാലം മിശിഹാ വിജ്ഞാനീയവും മരിയോളജിയും പഠിപ്പിക്കാനുള്ള സമയമാണ്. ദനഹാക്കാലം ത്രിത്വ ശാസ്ത്രവും, നോമ്പ് കാലം പീഡാനുഭവ ധ്യാനത്തിനും ശ്ലീഹാ കൈത്താകാലങ്ങള്‍ സഭാ വിജ്ഞാനീയവും, ഏലിയാ സ്ലീവാ കാലങ്ങള്‍ യുഗാന്ത്യോന്മുഖ ദൈവ ശാസ്ത്രവും മനസ്സിലാക്കാനുള്ള പ്രത്യേക കാലഘട്ടങ്ങളാണ്.
ആരാധനാവത്സരത്തോട് യോജിച്ച തരത്തില്‍ ആയിരിക്കണം വ്യക്തിപരമായ ഭക്താനുഷ്ഠാനങ്ങള്‍
വിശ്വാസപരിശീലനം മാത്രമല്ല, വ്യക്തിപരമായ ഭക്താനുഷ്ഠാനങ്ങള്‍ പോലും ആരാധനാവത്സരത്തോടു യോജിച്ചു വേണമെന്ന് തിരുസഭ നിര്‍ദേശിക്കുന്നുണ്ട്. ഉദാഹരണത്തിന് മംഗലവാര്‍ത്താക്കാലം മിശിഹായുടെ മാതാവായ മര്‍ത്തു മറിയത്തോടുള്ള പ്രത്യേക വണക്കത്തിനും നോമ്പ് കാലം പീഡാനുഭവ ധ്യാനത്തിനുമുള്ള കാലങ്ങളാണ്. സഭയിലെ തിരുനാള്‍ ആഘോഷങ്ങള്‍ പോലും ആരാധനാവത്സരത്തിന്‍റെ ചൈതന്യം ഉള്‍ക്കൊള്ളേണ്ടതാണ്. ഉയിര്‍പ്പു തിരുനാളും ഞായറാഴ്ചകളും മറ്റേതു ദിവസവും പോലെ കടന്നു പോയാല്‍ പോരാ. ഭക്ഷണ മേശയിലെ വിഭവങ്ങളില്‍ പോലും ഉയിര്‍പ്പിന്‍റെ ആനന്ദവും നോമ്പിന്‍റെ അനുതാപവും പ്രകടമാക്കാന്‍ ശ്രമിക്കണം. ചുരുക്കത്തില്‍ ആരാധനാവത്സരം കേവലമൊരാശയമായി നില്‍ക്കാതെ നാമോരോരുത്തരുടെയും ആത്മീയതയില്‍ അത് അലിഞ്ഞു ചേരണം. സീറോ മലബാര്‍സഭ ഉള്‍പ്പെടെയുള്ള പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം 1996 -ല്‍ നല്‍കിയ നിര്‍ദ്ദേശ രേഖയില്‍ പറയുന്നത് ലത്തീന്‍ സഭയില്‍ ഉത്ഭവിച്ച ജപമാല പോലുള്ള സ്വകാര്യ ഭക്താഭ്യാസങ്ങള്‍ പൗരസ്ത്യ സഭാംഗങ്ങളുടെ തനതായ ഭക്താനുഷ്ഠാനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്തവിധത്തില്‍ ആയിരിക്കണം പ്രയോജനപ്പെടുത്തേണ്ടതെന്നാണ്. എന്നാല്‍ ഇന്നത്തെ ഭൂരിപക്ഷ അഭിനവ നസ്രാണി കുടുംബങ്ങളിലും കാണുന്നത് പാശ്ചാത്യഭക്താഭ്യാസങ്ങളുടെ അതിപ്രസരം ആണ്. ആരാധനാവത്സരത്തിനനുസരിച്ചു ആത്മീയജീവിതം ക്രമപ്പെടുത്താന്‍ നമ്മെ സഹായിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകളായ യാമ പ്രാര്‍ത്ഥനകളെക്കുറിച്ച് പലര്‍ക്കും കേട്ടുകേള്‍വി പോലുമില്ല എന്നത് ദുഃഖിപ്പിക്കുന്ന യാഥാര്‍ഥ്യ
നോമ്പുകാലം ആരാധനക്രമ
ചൈതന്യത്തില്‍
മാണ്. നോമ്പ് കാലത്തെ യാമ പ്രാര്‍ത്ഥനകള്‍ ചൊല്ലി പീഡാനുഭവവും മറ്റും ധ്യാനിക്കുന്നതിനു പകരം നോമ്പ് കാലത്തു സന്തോഷത്തിന്‍റെ ജപമാല രഹസ്യങ്ങള്‍ ചൊല്ലുന്നതിലെ വൈരുദ്ധ്യം ചിന്തിക്കാവുന്നതേയുള്ളു.
സന്തോഷത്തിന്‍റെ രഹസ്യങ്ങള്‍ മംഗലവാര്‍ത്ത കാലത്തും, പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ ദനഹാ കാലത്തും, ദുഃഖത്തിന്‍റെ രഹസ്യങ്ങള്‍ നോമ്പു കാലത്തും, മഹിമയുടെ രഹസ്യങ്ങള്‍ ഉയിര്‍പ്പു കാലത്തും ചൊല്ലുവാന്‍ അനുയോജ്യമാണെങ്കിലും ശ്ലീഹാക്കാലം, കൈത്താക്കാലം, ഏലിയാ സ്ലീവാ മൂശക്കാലം, പള്ളിക്കൂദാശക്കാലം എന്നീ കാലങ്ങള്‍ക്കു അനുയോജ്യമായ രഹസ്യങ്ങള്‍ ഇന്ന് പൊതുവെ പ്രചാരത്തില്‍ ഇരിക്കുന്ന ജപമാലയില്‍ ഇല്ല. കാരണം ജപമാല വരുന്നത് പാശ്ചാത്യസഭയില്‍ നിന്നാണ്. പാശ്ചാത്യസഭയുടെ ആരാധനാവത്സരത്തിനനുസരിച്ചാണ് അത് രൂപം കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇന്ന് സീറോ മലബാര്‍സഭയുടെ ആരാധനാവത്സരത്തിനോട് യോജിച്ച രീതിയില്‍ തയ്യാറാക്കിയ ജപമാലയും ലഭ്യമാണ്. ജപമാല പോലെയുള്ള സ്വകാര്യ ഭക്താഭ്യാസങ്ങള്‍ ചൊല്ലണമെന്നു നിര്‍ബന്ധമുള്ളവര്‍ യാമപ്രാര്‍ത്ഥനക്കുശേഷം സീറോ മലബാര്‍സഭയുടെ ആരാധനാവത്സരത്തിനനുസൃതമായി തയ്യാറാക്കിയ ജപമാല ഉപയോഗിച്ചെങ്കില്‍ മാത്രമേ ആരാധനാവത്സരത്തിനോട് ചേര്‍ന്നു പോകാന്‍ സാധിക്കു.
‘വിശ്വാസികളുടെ സര്‍വ്വസാധാരണമായ ഭക്താനുഷ്ഠാനങ്ങള്‍ ആരാധനാവത്സരത്തിലെ വിവിധ കാലങ്ങളോടു പൊരുത്തമുണ്ടായിരിക്കണം. അവ ആരാധനക്രമത്തില്‍ നിന്നുതന്നെ മുളയെടുക്കുന്നവയും ജനങ്ങളെ അതിലേക്കു അടുപ്പിക്കുന്നവയുമാകണം. ആരാധനക്രമം പ്രകൃത്യാതന്നെ അവയെയെല്ലാം അതിശയിക്കുന്ന ഒന്നാണല്ലോ (ആരാധനക്രമം സംബന്ധിച്ച വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണ രേഖ. നമ്പര്‍. 13).
മറ്റൊരു ഉദാഹരണം പറഞ്ഞാല്‍ ഒക്ടോബര്‍ മാസം നമുക്ക്, മിശിഹായുടെ ദ്വിതീയാഗമനവും അന്തിമ വിധിയും ധ്യാനിച്ചു ഒരുങ്ങേണ്ട മൂശക്കാലമാണ്. ഒരിക്കലും അത് ലത്തീന്‍സഭയിലെ പോലെ നമുക്ക് കൊന്ത മാസമല്ല. കൊന്ത മാസം ആചരിക്കാന്‍ താത്പര്യമുളളവര്‍ മംഗലവാര്‍ത്തക്കാലം വരുന്ന ഡിസംബര്‍ മാസത്തില്‍ ആചരിക്കുന്നതാവും സഭാചൈതന്യത്തോട് ചേര്‍ന്നു നില്‍ക്കുന്നത്.
എന്നാല്‍ ഇത്തരം ആചരണങ്ങള്‍ നമ്മുടെ ആരാധനാക്രമചൈതന്യത്തോട് യോജിച്ചു നില്‍ക്കുന്നതല്ല എന്ന ബോധ്യം അജപാലകര്‍ വിശ്വാസികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ട്. നമ്മുടെ പള്ളികളില്‍ പൊതുവായി മാസ വണക്കങ്ങള്‍ ആചരിക്കുന്നത് മാര്‍ത്തോമ്മ നസ്രാണി സഭാ പൈതൃകത്തിന് ചേര്‍ന്നതല്ല.
‘ഭക്താനുഷ്ഠാനങ്ങളിലെ പലതും ലത്തീന്‍സഭയുടെ വികലമായ ലിറ്റര്‍ജി കാഴ്ചപ്പാടിന്‍റെ പശ്ചാത്തലത്തില്‍നിന്ന് ഉടലെടുത്തിട്ടുള്ളവയാണ്. മാസങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആരാധനാവത്സര ക്രമീകരണം അല്ല നമുക്കുള്ളത്’. സിറോ മലബാര്‍ സഭയുടെ കിരീടം എന്നു ബെനഡിക്റ്റ് മാര്‍പാപ്പ വിശേഷിപ്പിച്ച മാര്‍ ഔസേഫ് പൗവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ഈ വാക്കുകള്‍ നമ്മുടെ കണ്ണുകളേയും തുറപ്പിക്കട്ടെ.
നോമ്പ് കാലം സീറോ മലബാര്‍സഭ അഥവാ മാര്‍തോമാ നസ്രാണിസഭയില്‍
വിവിധ സഭകളില്‍ വിവിധ രീതിയിലാണ് നോമ്പ് ആരംഭിക്കുന്നത്. പാശ്ചാത്യ സഭയായ ലത്തീന്‍സഭ അഥവാ റോമന്‍ കത്തോലിക്കാസഭയില്‍ നോമ്പ് ആരംഭിക്കുന്നത് നെറ്റിയില്‍ ചാരം പൂശിയാണ് (യോഹ 3:6). അത് ലത്തീന്‍ ദൈവശാസ്ത്രം അനുസരിച്ചു ശരിയാണ്. എന്നാല്‍ പൗരസ്ത്യസഭകള്‍ തങ്ങളുടെ ദൈവശാസ്ത്രപ്രകാരം പാശ്ചാത്യസഭയില്‍നിന്നും തികച്ചും വിഭിന്നമായ നിലപാട് ആണ് സ്വീകരിച്ചുപോരുന്നത്.
‘നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാല്‍, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും’ (മത്തായി 6:16-18).
ലത്തീന്‍ സഭയില്‍ ബുധനാഴ്ച വലിയ നോമ്പ് ആരംഭിക്കുമ്പോള്‍ സിറോ മലബാര്‍ സഭയിലടക്കമുള്ള പൗരസ്ത്യ സഭകളില്‍ വലിയനോമ്പ് ആരംഭിക്കുന്നത് തിങ്കളാഴ്ചയാണ് ( ഞായറാഴ്ച വൈകിട്ട് 6 മണിക്ക് റംശാ നമസ്കാരത്തോടുകൂടി). പാശ്ചാത്യ സഭ നാല്‍പത് ദിവസമാണ് നോമ്പ് അനുഷ്ഠിക്കുന്നത്. ഞായറാഴ്ചകളില്‍ അവര്‍ക്ക് മാംസ വര്‍ജ്ജനവുമില്ല. പക്ഷേ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ പാരമ്പര്യം അനുസരിച്ച് അന്‍പത് ദിവസമാണ് സൗമ്മാ റമ്പാ എന്ന് അറിയപ്പെടുന്ന വലിയ നോമ്പ്. മത്സ്യമാംസാദികള്‍, പാല്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ പൂര്‍ണ്ണമായും നോമ്പുകാലത്ത് ഉപേക്ഷിക്കുന്നു.പെസഹാ വ്യാഴാഴ്ച വീട്ടിലെ അപ്പം മുറിക്കല്‍ ശുശ്രൂഷ കഴിയുന്നത് മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെ അവര്‍ പള്ളയില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ജാഗരണത്തിലും കഴിഞ്ഞിരുന്നു. സംസാരം പോലും ഉപേക്ഷിച്ചിരുന്നു. ഉപവാസം ആരംഭിക്കുന്നത് തലേന്ന് റംശാ നമസ്കാരത്തോട് കൂടിയാണ്,പിറ്റേന്ന് റംശാ നമസ്കാരം കഴിഞ്ഞേ അവര്‍ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ഈ സമയം മുഴുവന്‍ അവര്‍ തമ്പുരാനോട് കൂടെ ആയിരുന്നു. മറ്റുള്ളവരെ കാണിക്കുവാന്‍ വേണ്ടിയുള്ള ഉപവാസം അവര്‍ അനുഷ്ഠിച്ചിരുന്നില്ല. ഉപവസിക്കുന്ന വ്യക്തിയും ദൈവവും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പാശ്ചാത്യ മിഷണറിമാര്‍ അതുകൊണ്ടായിരിക്കാം മാര്‍ തോമാ നസ്രാണികളുടെ പൂര്‍വ്വികരെ ‘നോമ്പിന്‍റെ സ്നേഹിതര്‍’ എന്ന് വിളിച്ചത്.
മാര്‍ത്തോമ്മാ നസ്രാണികളുടെ നോമ്പുകള്‍
25 നോമ്പ്, 3 നോമ്പ്, 50 നോമ്പ്, 8 നോമ്പ്, 15 നോമ്പ്, ബുധന്‍ വെള്ളി നോമ്പുകള്‍, ഏലിയ ശ്ലീഹാ നോമ്പ്, കന്യകകളുടെ നോമ്പ്, മറുരൂപപ്പെടല്‍ നോമ്പ് തലേന്നാളത്തെ ജാഗരണ നോമ്പ് (യല്‍ദാ, പന്തക്കുസ്താ,സൂലാക്ക,ശൂനായ,മാര്‍ ഹോര്‍മീസ്), ഇടവക മധ്യസ്ഥന്‍റെ തിരുനാളിന്‍റെ തലേന്നാള്‍, മാര്‍ കേപ്പാ മാര്‍ പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിന്‍റെ തലേനാള്‍, യല്‍ദാ മുതല്‍ 12 വെള്ളിയാഴ്ച, ശ്ലീഹാനോമ്പ് (പന്തക്കുസ്താ മുതല്‍ ഏഴാഴ്ച).
ഇങ്ങനെ എല്ലാ നോമ്പുകളും ചേര്‍ത്തു വച്ചു നോക്കുമ്പോള്‍ ഏതാണ്ട് 290 ദിവസം മാര്‍ത്തോമ്മ നസ്രാണികള്‍ക്ക് നോമ്പാണ്. ഇരട്ടിപ്പുകള്‍ ഒഴിവാക്കുമ്പോള്‍ 225 ദിവസം നോമ്പ് ദിനങ്ങളാണ് ഒരു വര്‍ഷത്തില്‍ തന്നെ. വര്‍ഷത്തില്‍ ഇത്രയും ദിവസം നോമ്പ് അനുഷ്ഠിക്കുന്ന താപസിക തീക്ഷ്ണതയോടെ ജീവിച്ച മറ്റൊരു സഭാസമൂഹവും ലോകത്ത് തന്നെ കാണില്ല. ഒരുപക്ഷേ പൗരസ്ത്യ സുറിയാനി സന്യാസ പാരമ്പര്യവും യഹൂദ നസ്രായ വ്രത പാരമ്പര്യവും ആവാം ഇതിനു പിന്നില്‍. അല്‍മായര്‍, പട്ടക്കാര്‍, സന്യാസികള്‍ എന്ന വ്യത്യാസങ്ങളൊന്നും കൂടാതെ മാര്‍ത്തോമാ നസ്രാണികള്‍ എല്ലാവരും വളരെയധികം താപസ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. വൈകുന്നേരത്തെ റംശ നമസ്കാരത്തിനുശേഷം ഒരു നേരത്തെ ഭക്ഷണം മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതും വളരെ കുറച്ച് അളവില്‍ മാത്രമേ ആഹാരം അവര്‍ കഴിച്ചിരുന്നുള്ളൂ. പൂര്‍ണ്ണമായും പ്രാര്‍ത്ഥനയുടെ നാളുകള്‍ ആയിരുന്ന നോമ്പ് കാലഘട്ടങ്ങളില്‍ കുട്ടികളെ പോലും നിശബ്ദത പാലിക്കാന്‍ നമ്മുടെ പൂര്‍വികര്‍ പരിശീലിപ്പിച്ചിരുന്നു. പള്ളിയുടെ അടുത്തുള്ളവര്‍ യാമ ശുശ്രൂഷകളും മറ്റുമായി പള്ളിയില്‍ പോയി ദീര്‍ഘനേരം ധ്യാനത്തിലും പ്രാര്‍ത്ഥനയിലും ചിലവഴിച്ചിരുന്നു. ഏതെങ്കിലും നിയമം നിര്‍ബന്ധിച്ചതുകൊണ്ടോ കടമുള്ളതുകൊണ്ടോ അല്ലത്. മറിച്ച് കൂടുതല്‍ പ്രാര്‍ത്ഥനയില്‍ വ്യാപരിക്കുവാനും മാനസിക ശാരീരിക അച്ചടക്കത്തിനുമായി സ്വയം പ്രേരിതവും ധീരവും തികച്ചും വ്യക്തിപരമായ തീരുമാനങ്ങളുമാണ് അത്തരമൊരു താപസിക ജീവിതപാത പിന്തുടരാന്‍ അവര്‍ക്ക് പ്രേരകമായത്.
പ്രാര്‍ത്ഥനയും ഉപവാസവും ഒരുമിച്ച് പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍പ്പെടുത്താന്‍ സാധ്യമല്ലെന്നും മാര്‍ അപ്രേം സാക്ഷിക്കുന്നു. ആദ്യപാപം ആദാമിന്‍റെ ഭക്ഷണപ്രിയത്തില്‍നിന്നും വന്നുവെങ്കില്‍, മിശിഹാ തന്‍റെ ഉപവാസത്താല്‍ ആദാമിന്‍റെ പാപം സുഖപ്പെടുത്തി. കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍ കല്ലുകളെ അപ്പമാക്കാന്‍ തയ്യാറായില്ല. അങ്ങനെ ഉപവാസത്തിന്‍റെ പ്രാധാന്യവും ശക്തിയും കര്‍ത്താവ് കാണിച്ചു തന്നു. പ്രാര്‍ത്ഥന കേള്‍ക്കുന്നവന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടും ഉപവാസം സ്വീകരിക്കുന്നവന്‍ ഉപവസിച്ചു കൊണ്ടും മാതൃക കാട്ടി. ഉത്തമമായ ഉപവാസം ഔഷധം പോലെയാണെന്നും മാര്‍ അപ്രേം ചൂണ്ടിക്കാണിക്കുന്നു. പാപത്തിന്‍റെ ഫലമായി ആത്മാവില്‍ ഉണ്ടായിട്ടുള്ള രോഗങ്ങള്‍ നോമ്പും ഉപവാസവും വഴി മാറുന്നു. സാത്താനെതിരായ പോരാട്ടത്തില്‍ നോമ്പിനെയും ഉപവാസത്തെയും ശക്തമായ സംരക്ഷണ കവചമായി അപ്രേം മല്പാന്‍ കാണുന്നു. കാരണം ദുഷ്ടനെതിരായ പോരാട്ടത്തില്‍ ഉപവാസം കര്‍ത്താവിന് ശക്തമായ ആയുധം ആയിരുന്നു (മത്താ:4/1). കര്‍ത്താവ് നമുക്ക് നല്‍കിയ ഉപവാസമാകുന്ന ആയുധം നാം ശരിയായ വണ്ണം ഉപയോഗിക്കേണ്ടിയിരിക്കുന്നു. അല്പം മാത്രം ഭക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും മാര്‍ അപ്രേം വിവരിക്കുന്നുണ്ട്. ഭക്ഷണത്തോടുള്ള മനോഭാവം ഈശോ മിശിഹായില്‍ നിന്നും, ശ്ലീഹന്മാരില്‍നിന്നും, പൂര്‍വ്വ പിതാക്കന്മാരായ മൂശെ, ഏലിയാ തുടങ്ങിയവരില്‍ നിന്നും നാം പഠിക്കേണ്ടിയിരിക്കുന്നു. ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കണമെന്നും; നോമ്പിനെ എളിമയോടെ സമീപിക്കണമെന്നും; യഥാര്‍ത്ഥ ഉപവാസം വലിയൊരു നിധി തന്നെയാണെന്നും അപ്രേം പിതാവ് വെളിവാക്കുന്നു. ഇപ്രകാരം നോമ്പിനേയും ഉപവാസത്തെയും കുറിച്ച് ആഴവും പരപ്പുമുള്ള ധാരാളം ഉള്‍ക്കാഴ്ച്ചകള്‍ അപ്രേം പുണ്യവാന്‍റെ രചനകളില്‍ കാണാം. വി. ഗ്രന്ഥത്തിലും, ആരാധനക്രമത്തിലും, സഭാപിതാക്കന്മാരിലും കേന്ദ്രീകരിച്ചായിരിക്കണം ഓരോ സഭയുടെയും ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും വളരേണ്ടതും വ്യാഖ്യാനിക്കപ്പെടേണ്ടതും. നോമ്പുകാല ആദ്ധ്യാത്മികതയും അപ്രകാരം തന്നെ. ആരാധനക്രമ കേന്ദ്രീകൃതമായ ഒരു നോമ്പാചരണമാണ് സീറോ മലബാര്‍ സഭയ്ക്കിന്നാവശ്യം. സഭയുടെ തനിമയുടെ ഭാഗങ്ങളാണിവയൊക്കെ. സഭാ പിതാക്കന്മാര്‍ അനുഭവിച്ചതും പ്രഘോഷിച്ചതും ഈ ശൈലിയാണ്. ഇപ്രകാരം സഭയുടെ തനിമയോട് ചേര്‍ന്നുള്ള ഒരു നോമ്പാചരണം സാധ്യമാകട്ടെ ഏവര്‍ക്കും.
ബാവായ്ക്കും പുത്രനും റൂഹാദ്ക്കുദിശായ്ക്കും സ്തുതി…
ആന്‍ മേരി ജോസഫ് പുളിക്കല്‍