തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് കേരള ഫിലിം ചേംബര്‍. ലോക്ക് ഡൗണ്‍ 5ന്റെ ഭാഗമായി തിയേറ്ററുകള്‍ക്ക് ഉള്‍പ്പെടെ ഇളവുകള്‍ നല്‍കിയെങ്കിലും തിയേറ്ററുകള്‍ തുറക്കില്ലെന്ന് പ്രഖ്യാപിച്ച് ഫിലിം ചേംബര്‍. കൊവിഡ് കാലത്ത് സര്‍ക്കാര്‍ തിയേറ്ററുകളെ അവഗണിച്ചുവെന്നും വിനോദ നികുതി നിര്‍ത്തലാക്കണമെന്നും ഫിലിം ചേംബര്‍ പറഞ്ഞു.
നേരത്തെ കൊവിഡ് കാലത്ത് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന നിലപാട് സ്വീകരിച്ച് ഫിലിം ചേംബര്‍ രംഗത്തെത്തിയത്.
മറ്റ് സിനിമ സംഘടനകളുടെ പിന്തുണ തേടുമെന്നും കേരള ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 1 മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള തിയേറ്ററുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി നല്‍കുക. തിയേറ്ററില്‍ പകുതി സീറ്റിലേക്ക് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ടായിരുന്നു.

