കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ കേസില്‍ പ്രതിയായ മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിംലീഗ് നേതാവുമായ എം.സി. ഖമറുദ്ദീന്െറ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് എ.എസ്.പി വിവേക് കുമാര്‍. ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. എം.എല്‍.എക്കെതിരായ തെളിവുകള്‍ ലഭിച്ചതായി എ.എസ്.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ എം.എല്‍.എയെ ചോദ്യംചെയ്യല്‍ തുടരുകയാണ്. കാസര്‍കോട് എസ്.പി ഓഫിസില്‍ 10 മണിയോടെയാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
ജ്വല്ലറി ജനറല്‍ മാനേജര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ കമ്ബനിയിലെ 16 ഡയറക്ടര്‍മാരെയും ജീവനക്കാരെയും നേരത്തെ ചോദ്യംചെയ്തിരുന്നു.കൂടാതെ, കേസ് ഒത്തുതീര്‍ക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം മധ്യസ്ഥതക്ക് ഏല്പിച്ച കല്ലട്ര മാഹിന്‍ ഉള്‍പ്പെടെ 60 പേരെയും ഇതുവരെ ചോദ്യംചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ബാങ്ക് പരിശോധനകളില്‍ നിന്നുമായി സുപ്രധാന രേഖകള്‍ കണ്ടെത്തിയെന്നും നിര്‍ണായക നടപടി ഉടന്‍ പ്രതീക്ഷിക്കാമെന്നും അന്വേഷണസംഘം സൂചന നല്‍കിയിരുന്നു

