തെറ്റല്ല സമുദായ സ്നേഹം

ഫാ. മാത്യു ഇല്ലത്തുപറമ്പിൽ

വർഗീയതയെയും സമുദായബോധത്തെയും വേർതിരിച്ചു കാണേണ്ടതുണ്ട്. ഏതെങ്കിലും വർഗത്ത ഇതരവർഗത്തിൻ്റെ ചെലവിൽ പോഷിപ്പിക്കുന്നതാണ് ലളിതമായി പറഞ്ഞാൽ വർഗീയത. എന്നാൽ സ്വന്തം വർഗ്ഗത്തിൽപെട്ടവരുടെ ഉന്നമനത്തിനുവേണ്ടി നില കൊള്ളുന്നതാണ് സമുദായസ്നേഹം.

മതേതരചിന്താഗതി കേരള ക്രൈസ്‌തവരുടെ പൊതുവായ മുഖമുദ്രയാണ്. മതാതീതമായി, എല്ലാവരോടും സമഭാവനയോടെ പെരുമാറാൻ ക്രിസ്ത്യാനികൾ ശ്രദ്ധിക്കാറുണ്ട്. ജാതി, മത, വർഗ, വർണ്ണ വ്യത്യാസം കൂടാതെ സാമൂഹികസേവനങ്ങൾ നല്കിക്കൊണ്ടിരിക്കുന്നതുതന്നെ ഇതിൻ്റെ തെളിവ്. വർഗീയത അകറ്റിനിർത്തേണ്ട തിന്മയാണെന്ന പൊതുബോധവും നമുക്കുണ്ട്. ശ്രേഷ്‌ഠമായ ഗുണവിശേഷമാണിത്. എന്നാൽ ഇതിനു കുഴപ്പം പിടിച്ച ഒരു മറുവശമുണ്ട്. സ്വന്തം സമുദായത്തിനുവേണ്ടി നിലകൊള്ളാനോ ശബ്ദിക്കാനോ നാം ഭയപ്പെടുന്നു. കാരണം, അത് വർഗീയതയായി ഗണിക്കപ്പെടും എന്ന ആശങ്ക നമുക്കുണ്ട്. എന്നാൽ വർഗീയതയെയും സമുദായബോധത്തെയും വേർതിരിച്ചു കാണേണ്ടതുണ്ട്. സമുദായ ബോധം പുലർത്തുന്നത് തെറ്റല്ല എന്നുമാത്രമല്ല, ഇക്കാലത്ത് ആവശ്യവുമാണ്. ഏതെങ്കിലും വർഗത്ത ഇതരവർഗത്തിൻ്റെ ചെലവിൽ പോഷിപ്പിക്കുന്നതാണ് ലളിതമായി പറഞ്ഞാൽ വർഗീയത. മതം, ജാതി, ഭാഷ, രാഷ്ട്രീയം, വംശം, വർണ്ണം അങ്ങനെ എന്തുവേണമെങ്കിലും വർഗീയതക്ക് ആധാരമാകാം. എന്നാൽ സ്വന്തം വർഗ്ഗത്തിൽപെട്ടവരുടെ ഉന്നമനത്തിനുവേണ്ടി നില കൊള്ളുന്നതാണ് സമുദായസ്നേഹം. ശ്രദ്ധിക്കേണ്ട കാര്യം, ഇത് ഇതരവർഗങ്ങളുടെയോ സമുദായങ്ങളുടെയോ ചെലവിൽ ആകുമ്പോഴേ വർഗീയത ആയി മാറു. ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കേണ്ടതുണ്ട്.

വേണം സമുദായസ്നേഹം

ഇവിടെ ഞങ്ങൾ മാത്രം മതി എന്ന് പറയുന്നതാണ് വർഗീയത; ഞങ്ങളും ഇവിടെ ഉണ്ടാകും എന്ന് പറയുന്നതാണ് സമുദായസ്നേഹം. നിങ്ങളുടേത് ഞങ്ങൾക്ക് വേണം എന്ന് പറയുന്നതാണ് വർഗീയത. ഞങ്ങളുടേത് ഞങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന് പ്രഖ്യാപിക്കുന്നത് സമുദായസ്നേഹമാണ്. പൊതുമുതലെല്ലാം ഞങ്ങൾ അനുഭവിക്കും എന്ന് പറയുന്നതാണ് വർഗീയത; പൊതുമുതൽ ഞങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന് പറയുന്നതാണ് സമുദായസ്നേഹം. ഞങ്ങൾ മാത്രം വളരണം, കച്ചവടം ചെയ്യണം എന്ന നിലപാടെടുക്കുന്നത് വർഗീയതയാണ്; ഞങ്ങളും വളരണം എന്ന നിലപാട് സമുദായസ്നേഹമാണ്. ഇവിടെ ഒരു പാർട്ടിയും ഒരേതരം വസ്ത്രവും ഒരേതരം ഭക്ഷണവും മതി എന്ന് പറയുന്നത് വർഗീയതയാണ്. ഞങ്ങളുടെ രുചികളും ഞങ്ങളുടെ അഭിരുചികളും ഞങ്ങൾ തീരുമാനിക്കും എന്ന് വെളിപ്പെടുത്തുന്നതാണ് സമുദായബോധം. ഭരണഘടന വേണ്ട ഞങ്ങളുടെ മതഗ്രന്ഥം മതി ഇനിമുതൽ എന്ന് പറയുന്നത് വർഗീയതയാണ്. ഭരണഘടന അനുവദിച്ചു തരുന്ന മതസ്വാതന്ത്യം ഞങ്ങൾക്കുവേണം എന്ന് പറയുന്നത് സമുദായസ്നേഹമാണ്. സർക്കാർ ജോലികളും ക്ഷേമപദ്ധതികളും എല്ലാം ഞങ്ങൾക്കുമാത്രം എന്ന് പറയുന്നത് വർഗീയതയാണ്; സർക്കാർ ജോലികളും ക്ഷേമാനുകൂല്യങ്ങളും സാമൂഹിക നീതിയും നിയമവും അനുസരിച്ചു ഞങ്ങൾക്കും വേണം എന്ന് പറയുന്നത് സമുദായസ്നേഹമാണ്. ഞങ്ങളുടെ നോമ്പിന് നിങ്ങളും ഉപവസിക്കണം എന്ന് പറയുന്നത് വർഗീയതയാണ്; ഞങ്ങളുടെ നോമ്പുകാലത്തു ഞങ്ങൾ സൗകര്യംപോലെ ഉപവസിച്ചുകൊള്ളാം എന്ന് പറയുന്നത് സമുദായ സ്നേഹമാണ്.

സമുദായസ്നേഹം ക്രിസ്‌തീയമോ?

സ്വന്തം സമുദായത്തിൽപെട്ടവരോട് പ്രത്യേക പരിഗണന കാണിക്കുന്നത് ക്രിസ്‌തീയമാണോ? ക്രിസ്തു പഠിപ്പിച്ച സാർവത്രിക സ്നേഹത്തിനു വിരുദ്ധമല്ലേ അത് എന്ന ചോദ്യം ന്യായമാണ്. സ്വന്തം സമുദായത്തിൽപെട്ടവരെ സ്നേഹിക്കാനും പരിഗണിക്കാനുംവേണ്ടി ഇതരസമുദായത്തിൽപ്പെട്ടവരെ ദ്രോഹിക്കുന്നതും അവരോട് അന്യായം കാണിക്കുന്നതും ക്രിസ്‌തീയമല്ല. എന്നാൽ സ്വന്തം സമുദായത്തിൻ്റെ ഉന്നമനത്തിനുവേണ്ടി ശ്രമിക്കുന്നത് തെറ്റല്ല എന്നു മാത്രമല്ല, ആവശ്യവുമാണ്. സ്വന്തം കുടുംബത്തെ ഒരാൾ സ്നേഹിക്കുന്നതു കൊണ്ട് അന്യകുടുംബങ്ങൾക്ക് അയാൾ എതിരാണ് എ ന്ന് വരുന്നില്ല. അതുപോലെയാണിതും. വിശുദ്ധ പൗലോസ് പഠിപ്പിച്ചു, എല്ലാവർക്കും നന്മ ചെയ്യണം, പ്രത്യേകിച്ച് വിശ്വാസത്താൽ ഒരേ കുടുംബത്തിൽ അംഗങ്ങളായവർക്ക് (ഗലാ 6:10). സ്നേഹത്തിൻ്റെ ശ്രേണിയെക്കുറിച്ച് പഠിപ്പിക്കുമ്പോൾ അന്യരെയാണോ അതോ സ്വന്തക്കാരെയാണോ ആദ്യം സ്നേഹിക്കേണ്ടത് എന്ന ചോദ്യം വിശുദ്ധ തോമസ് അക്വിനാസ് ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ “സ്വന്തക്കാർ’ പ്രഥമ പരിഗണന അർഹിക്കുന്നു. ഇപ്പറഞ്ഞ ‘സ്വന്തക്കാരെ’ രക്തബന്ധമുള്ളവർ, സ്വന്തം രാജ്യക്കാർ, സ്വന്തം ട്രൂപ്പിലെ പട്ടാളക്കാർ എന്നിങ്ങനെ പലതരത്തിൽ അദ്ദേഹം വേർതിരിക്കുന്നുണ്ട് (ST II-II q 26, 28).

സ്വന്തം സമുദായത്തിലെ അവശരെയും അവഗണിക്കപ്പെട്ടവരെയും മറന്ന് സാർവത്രികസ്നേഹം പറയുമ്പോൾ സ്നേഹത്തെ സൗകര്യപൂർവം നാം ഒരാശയമാക്കി ചുരുക്കുകയും സ്വന്തം സുരക്ഷിതമണ്ഡലങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ആർക്കും തൊടാനാവാത്ത ഉയരത്തിൽ പറക്കുന്നവർക്ക് സാർവത്രിക സ്നേഹം മാത്രം പറഞ്ഞാൽ മതിയാകും, എന്നാൽ വീണുകിടക്കുന്നവർക്കും മുട്ടിലിഴയുന്നവർക്കും സമുദായസ്നേഹത്തിന്റെ കൈത്താങ്ങു കൂടി ആവശ്യമുണ്ട്. എല്ലാവരും എല്ലാവരുടെയും കാര്യം നോക്കാത്ത കാലത്ത് ഓരോരുത്തരും അവനവന്റെ കാര്യം നോക്കുന്നത് തെറ്റല്ല. എല്ലാവരും സ്വന്തം കാര്യം മാത്രം ഉറപ്പാക്കാൻ ശ്രമിക്കുന്ന കാലത്ത് സ്വന്തം സമുദായത്തിൻ്റെ കാര്യം നോക്കാതിരിക്കുന്നത് തെറ്റാണ്. ഇവിടെയും ആവർത്തിക്കട്ടെ, അത് മറ്റുള്ളവരുടെ ചെലവിൽ ആകരുതെന്ന് മാത്രം.

വർഗീയവിരുദ്ധ വായ്ത്താരികൾ

വർഗീയനീക്കങ്ങളുടെ ആഴവും ആക്കവും കൂടും തോറും കേരളത്തിൽ മുഴങ്ങിക്കേൾക്കുന്ന ഒരു സാരോപദേശമുണ്ട്: നിങ്ങൾ വർഗീയത പറയരുത്. വർ ഗീയമായി ഈ നാടിനെ വിഭജിക്കരുത്. ഈ നാട്ടിലെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും ആവർത്തിച്ചു പറയുന്ന ഉപദേശമാണിത്. ക്രൈസ്‌തവർ രാഷ്ട്രീയകാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു തുടങ്ങിയാൽ, തങ്ങൾ നേരിടുന്ന വിവേചനങ്ങൾക്കെതിരെ പ്രതികരിച്ചാൽ അതിനെതിരെ കേരളത്തിൽ കുറച്ചു കാലമായി ചിലർ പ്രയോഗിക്കുന്ന ഒരു ചെറുകിട രാഷ്ട്രീയ തന്ത്രമാണിത്. വർഗീയവാദിപ്പട്ടം ക്രിസ്‌ത്യാനികളുടെ തലയിൽ ഇട്ടുകൊടുത്താൽ അവരുടെ വായടപ്പിക്കാം എന്ന ഗൂഢവിചാരമാണ് ഈ നീക്കത്തിനു പിന്നിൽ. പൊതുജീവിതത്തിൽ അനാവശ്യമായി പേരുദോഷം വരുത്തിവക്കേണ്ട എന്ന് ചിന്തിക്കുന്ന ക്രൈസ്‌തവർ കുറച്ചധികമുണ്ടല്ലോ. ആരു പറഞ്ഞാലും പറയുന്നവരുടെ ഉദ്ദേശ്യശുദ്ധി എന്തുതന്നെയാണെങ്കിലും വർഗീയത പാടില്ല എന്ന ഉപദേശത്തിൻ്റെ ഉള്ളടക്കം പ്രസക്തമാണ്; അവഗണിക്കാനാകാത്തതാണ്. പക്ഷേ പരിശോധിക്കണം, എവിടെയാണ് വർഗീയത, ആരാണ് അതിന്റെ പ്രായോജകർ, ആരാണ് അതിൻ്റെ പ്ര യോക്താക്കൾ?

വർഗീയത ഒഴിവാക്കണം എന്ന് പറയുന്ന എല്ലാവർക്കും നല്ല നിശ്ചയമുണ്ട്, വർഗീയതയുടെ അദൃശ്യ മർമ്മരങ്ങൾ നമ്മുടെ നാട്ടിൽ പ്രബലമാണ്. തിരഞ്ഞടുപ്പ് കാലത്ത് യാതൊരു നാണവുമില്ലാതെ ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം വോട്ട് എന്ന് പറയുന്നവരുണ്ട്. വർഗീ യപ്രസ്ഥാനങ്ങൾ വച്ചുനീട്ടുന്ന വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന് പ്രഖ്യാപിക്കാത്ത രാഷ്ട്രീയ പാർട്ടികളും വർഗീയതയ്ക്ക് പാദസേവ ചെയ്യുക‌യാണ്. മതാടിസ്ഥാനത്തിലുള്ള എല്ലാത്തരം പ്രീണനങ്ങളും വർഗീയ നീക്കങ്ങളാണ്. ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും സർക്കാർ നിയമനങ്ങളിലും അത് സംഭവിക്കുന്നു ണ്ടെങ്കിൽ, അതിനെ വർഗീയത എന്നു തന്നെ വിളിക്കണം. പച്ചമലയാളത്തിൽ, മതരാഷ്ട്രവാദത്തിന്റെ ഏത് നീക്കവും വർഗീയതയാണ്; അത് ആരു നടത്തിയാലും. വർഗീയമായ നീക്കങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ അത് സർക്കാരിന്റെ വർഗീയതയാണ് വെളിപ്പെടുത്തുന്നത്. ഭാരതം ഏതെങ്കിലും മതക്കാരുടേത് മാത്രമാണെന്ന് വീമ്പിളക്കുന്നതും വർഗീയതയാണ്.

വർഗ്ഗീയത ഫണം വിടർത്തിയാടിയ സംഭവങ്ങൾ പലത് കേരളത്തിൽ ഉണ്ടായിട്ടുണ്ട്. മതബിംബങ്ങൾ നിന്ദിക്കപ്പെട്ട സംഭവങ്ങൾ, യേശുക്രിസ്‌തുവിനെ പിഴച്ചു പെറ്റവൻ എന്ന് വിശേഷിപ്പിച്ച പ്രസംഗം, ബൈബിൾ കത്തിച്ച സംഭവം, പുല്ക്കൂട് തോട്ടിലെറിഞ്ഞ സംഭവം തുടങ്ങിയ പലതും കേരളത്തിൽ നടന്നിട്ടുണ്ട്. കന്യാസ്ത്രീമഠത്തിൽ അന്യമത ആരാധനക്കായി ഇടം ചോദിച്ച് ഇരച്ചുകയറിയത് അടുത്ത കാലത്താണ്. അന്യമതസ്ഥരോട് മലരും കുന്തിരിക്കവും കരുതിവക്കാനുള്ള മുന്നറിയിപ്പ് മുഴങ്ങിയതും ഈ കേരളത്തിലാണ്. തലങ്ങും വിലങ്ങും വർഗീയവിഷം ചീറ്റിയ ഉദാഹരണങ്ങൾ അനവധിയുണ്ട്. എല്ലാം പറയുന്നില്ല.
ഇന്ത്യ എന്ന മതേതര രാഷ്ട്രത്തിൻ്റെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. ഒരു മതഗ്രന്ഥവുമല്ല. ഈ രാജ്യത്തെ വ്യവഹാരനിയമം സിവിൽ നിയമങ്ങളാണ്, ഒരു മതത്തിൻ്റെയും അനുശാസനങ്ങളല്ല. അതേസയമം എല്ലാ മതവിശ്വാസികൾക്കും അവരുടെ മതഗ്രന്ഥം ഉയർത്തിപ്പിടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ സ്വന്തം മതവിശ്വാസമനുസരിച്ചും എന്നാൽ അന്യമത വിശ്വാസികളുടെ അവകാശങ്ങൻ ഹനിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇനി, മതരഹിതർക്കാകട്ടെ, ഒരു മതത്തെയും പിൻപറ്റാതെയും എന്നാൽ മതവിശ്വാസികളുടെ അവകാശങ്ങൾ തകർക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിന് എവിടെയെങ്കിലും ഭംഗം വരുമ്പോൾ അത് വിളിച്ചുപറയുന്നത് വർഗീയവിരുദ്ധതയാണ്; എന്നാൽ മതേതര സങ്കല്‌പത്തിന്റെ ലംഘനങ്ങൾ കണ്ടില്ല എന്ന് ഉത്തരവാദിത്വപ്പെട്ടവർ നടിക്കുന്നത് കൗശലക്കാരന്റെ അടക്കിപ്പിടിച്ച കൊടിയ വർഗീയതയാണ്.

ക്രിസ്തീയ സമുദായ സംഘടനകൾ തെരുവിൽ ഉയർത്തുന്നത് വന്യമൃഗശല്യം നേരിടുന്ന കർഷകരുടെ കേവലം കൂട്ടക്കരച്ചിലല്ല. വിവിധ തലങ്ങളിൽ നടക്കുന്ന നീതിനിഷേധത്തിനെതിരെയുള്ള അവകാശപ്പോരാട്ടമാണ്. അതിൽ കർഷകരും ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും പെൻഷൻകാരും ആശാവർക്കർമാരും കച്ചവടക്കാരും തൊഴിൽരഹിതരും ഉൾപ്പെടെയുള്ളവരുടെ പ്രശ്‌നങ്ങളുണ്ട്. ഇതാകട്ടെ, ഹിന്ദുവിനോ മുസൽമാനോ ആദിവാസിക്കോ ജൈനർക്കോ മതരഹിതർക്കോ എതിരായിട്ടല്ല. എന്നാൽ ആത്യന്തികമായി വർഗീയതയുടെ പേരിൽ നീതിനിഷേധം അനുഭവിക്കുന്ന സകല മനുഷ്യർക്കും വേണ്ടിയാണ്.