സിഡ്നി: ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. നായകന് ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ചുറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ആറ് വിക്കറ്റിന് 374 റണ്‍സ് അടിച്ചുകൂട്ടി. ഇന്ത്യയ്ക്കെതിരേ ഏകദിന ക്രിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ സ്കോറാണ് സിഡ്നിയില്‍ പിറന്നത്.
അതിവേഗ സെഞ്ചുറി നേടിയ സ്മിത്ത് 66 പന്തില്‍ 105 റണ്‍സ് അടിച്ചുകൂട്ടി. 11 ഫോറും നാല് സിക്സും അടങ്ങിയതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്
ഫിഞ്ച് 124 പന്തില്‍ 114 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (69), ഗ്ലെന്‍ മാക്സ് വെല്‍ (19 പന്തില്‍ 45) എന്നിവരും ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു.
ടോസ് ലഭിച്ച ബാറ്റിംഗിനിറങ്ങിയ ഓസീസ് ഓപ്പണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. ഫിഞ്ച്-വാര്‍ണര്‍ സഖ്യം 27.5 ഓവറില്‍ 156 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. എന്നാല്‍ വാര്‍ണര്‍ വീണതോടെ ക്രീസിലെത്തിയ സ്മിത്ത് പതിവ് മൂഡിലല്ലായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച സ്മിത്ത് ഇന്ത്യന്‍ ബൗളര്‍മാരെ സിഡ്നി ഗ്രൗണ്ടിന്റെ നാലുപാടും പായിച്ചു. ഇതിനിടെ ശ്രദ്ധയോടെ നായകന് ഫിഞ്ച് ഒരുവശം കാത്തുസൂക്ഷിച്ചു.
ഫിഞ്ചും മാര്‍ക്കസ് സ്റ്റോയിനസും (0) അടുത്തടുത്ത പന്തില്‍ പുറത്തായെങ്കിലും സ്മിത്തിന് കൂട്ടായി മാക്സ് വെല്‍ എത്തിയതോടെ ഓസീസ് സ്കോര്‍ കുതിച്ചുയര്‍ന്നു. 19 പന്തുകള്‍ മാത്രം നേരിട്ട മാക്സ് വെല്‍ അഞ്ച് ഫോറും മൂന്ന് സിക്സും പറത്തി. 13 പന്തില്‍ 17 റണ്‍സ് നേടിയ അലക്സ് കാരി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ നിരയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. യുസ് വേന്ദ്ര ചഹല്‍ 10 ഓവറില്‍ 89 റണ്‍സും നവദീപ് സെയ്നി 10 ഓവറില്‍ 83 റണ്‍സും വാങ്ങിക്കൂട്ടി.

