ഡോ. അനിറ്റ് ജോസഫ്
കാരയ്ക്കാട്ട്
സുപരിചിതമായ രണ്ടു പദങ്ങള്‍ – ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ്സ് അവ എന്താണ്?
ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും:
കാര്‍ഡിയാക് ആന്‍ജിയോഗ്രാം:- ഒരു എക്സ്റേ ടെസ്റ്റാണിത്. ശരീരത്തിലെ ഒരു രക്തക്കുഴല്‍ വഴി (കൈയിലോ, കാലിലോ ഉള്ള) ട്യൂബ് (കത്തീറ്റര്‍) കടത്തി അത് എക്സറേ സഹായത്തോടെ ഹൃദയത്തിലെ രക്തക്കുഴലിലെത്തിച്ച് അതില്‍ ഒരു മരുന്ന് (ഡൈ) കുത്തിവച്ച്, ഹൃദയത്തിലെ രക്തക്കുഴലുകളെ പഠിക്കുന്ന ഒരു ടെസ്റ്റാണ് കാര്‍ഡിയാക് ആന്‍ജിയോഗ്രാം. ആന്‍ജിയോഗ്രാം വഴി ഹൃദയത്തിന്‍റെ ഏതെങ്കിലും രക്തക്കുഴലുകളില്‍ അടവുണ്ടോയെന്നും അടവ് ഏതുഭാഗത്താണെന്നും, അത് എത്രത്തോളം തടസ്സമുണ്ടാക്കുന്നുണ്ടെന്നും കണ്ടുപിടിക്കുന്നു. ഈ പ്രക്രിയ സാധാരണ അരമണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍വരെ നീണ്ടുപോകാം, ഇത് വേദനാജനകമല്ല; ടെസ്റ്റ് കഴിഞ്ഞ് രോഗിക്ക് വീട്ടില്‍ പോകാം.
ആര്‍ക്കെല്ലാം ചെയ്യുന്നു?
1. നിരന്തരമായ നെഞ്ചുവേദന (ആന്‍ജൈന)
2. താടിയിലേക്കും കൈയിലേക്കും പടരുന്ന നെഞ്ചുവേദന
3. ജന്മനാ ഹൃദ്രോഗമുള്ളവര്‍ക്ക്
4. ഹൃദയവാല്‍വിന് തകരാറുള്ളവര്‍ക്ക്
5. ഹൃദ്രോഗപരിശോധനകളില്‍ എന്തെങ്കിലും അടവ് ഉള്ളതായി സംശയം തോന്നുമ്പോള്‍.
ആന്‍ജിയോഗ്രാമിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-
1. ധാരാളം വെള്ളം കുടിക്കുക: ആന്‍ജിയോഗ്രാം ചെയ്യുന്നതിനുവേണ്ടി കുത്തി വച്ച മരുന്ന് (ഡൈ) മൂത്രം വഴിയാണ് പുറത്തുപോകുന്നത്, അതിന് ധാരാളം വെള്ളം കുടിക്കണം.
2. കഠിനാധ്വാനവും ഭാരം ഉയര്‍ത്തുന്നതും കുറച്ചു ദിവസത്തേക്ക് ഒഴിവാക്കുക.
* ട്യൂബ് കടത്തിവിട്ട സ്ഥലത്ത് ചെറിയ അസ്വസ്ഥത ഉണ്ടാകാം; എന്നാല്‍ അമിതമായ രക്തസ്രാവം, വേദന, ചൊറിച്ചില്‍ മുതലായവ അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ടറെ കാണണം.
ആന്‍ജിയോ പ്ലാസ്റ്റി:-
മരുന്നുകള്‍ വഴിയും, ആഹാരക്രമീകരണങ്ങളും വ്യായാമവും വഴിയും ഹൃദ്രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കാത്ത രോഗികള്‍ക്ക് ആന്ജിയോപ്ലാസ്റ്റി വേണ്ടി വരുന്നു. ആന്‍ജിയോപ്ലാസ്റ്റി വഴി ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ ഉള്ള അടവ് നീക്കം ചെയ്യുന്നു. ഹൃദയത്തിന് മൂന്നു പ്രധാനപ്പെട്ട രക്തധമനികളാണുള്ളത്. ആന്‍ജിയോപ്ലാസ്റ്റി സാധാരണ ഹൃദയത്തിന്‍റെ ഒന്നോ രണ്ടോ; ചുരുക്കമായി മൂന്നു രക്തക്കുഴലിലും ചെയ്യാറുണ്ട്. ഇതിനായി ആന്‍ജിയോഗ്രാം ചെയ്യുന്നതുപോലെ ഒരു രക്തക്കുഴലില്‍ കൂടി (കൈയിലോ കാലിലോ ഉള്ള) ട്യൂബ് (കത്തീറ്റര്‍) കടത്തിവിടുന്നു. പല രീതിയില്‍ അടവ് നീക്കാം. കത്തീറ്ററിന്‍റെ അറ്റത്ത് ബലൂണ്‍ കടത്തിവിട്ട്, ആ ബലൂണ്‍ വികസിപ്പിച്ച് അടവ് / തടസ്സത്തെ നീക്കുന്നതിന് ബലൂണ്‍ ആന്‍ജിയോ പ്ലാസ്റ്റി എന്നു പറയുന്നു. അത് ലേസര്‍ ഉപയോഗിച്ച് ചെയ്യുന്നതിന് ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി എന്നു പറയുന്നു. ഇത് അരമണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ എടുക്കാം. രോഗിക്ക് അന്നോ അല്ലെങ്കില്‍ പിറ്റേന്നോ വീട്ടില്‍ പോകാം. ആന്‍ജിയോ പ്ലാസ്റ്റി വഴി തടസ്സം നീക്കിയ രക്തക്കുഴലുകള്‍ വീണ്ടും തടസ്സമുണ്ടായി അടയാതിരിക്കാന്‍ തടസ്സം നീക്കിയ ഭാഗത്ത് സ്റ്റെന്‍റ് വയ്ക്കാറുണ്ട്.
സ്റ്റെന്‍റുകള്‍ മൂന്നു തരമുണ്ട്:
1. ലോഹനിര്‍മ്മിതമായ സ്റ്റെന്‍റ്
2. മരുന്നുപുരട്ടിയ സ്റ്റെന്‍റ്
3. ശരീരത്തിനുള്ളില്‍ ഇരുന്ന് പതുക്കെ അലിഞ്ഞ് ഇല്ലാതാകുന്ന സ്റ്റെന്‍റുകള്‍.
ആന്‍ജിയോപ്ലാസ്റ്റി ഹൃദയാഘാതത്തിനുശേഷം അടിയന്തിരമായി ചെയ്യാം; അല്ലെങ്കില്‍ ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ അടവ് കണ്ടുപിടിച്ചതുകൊണ്ട് ചെയ്യാം.
ആന്‍ജിയോപ്ലാസ്റ്റിയുടെ സങ്കീര്‍ണ്ണതകള്‍:-
1. ട്യൂബ് ഇട്ട സ്ഥലത്ത് രക്തസ്രാവം, രക്തം കട്ടപിടിക്കാം; ചുവപ്പും നീരും അണുബാധയുമുണ്ടാകാം.
2. ഹൃദയമിടിപ്പിന് വ്യതിയാനങ്ങളുണ്ടാകാം.
3. ഹൃദയത്തിലെ രക്തക്കുഴലുകള്‍ക്കോ, വാല്‍വിനോ ക്ഷതമേല്ക്കാം.
4. ഹൃദയാഘാതമുണ്ടാകാം
5. കിഡ്നി രോഗികള്‍ക്ക് കിഡ്നി ഫെയ്ലിയര്‍ ഉണ്ടാകാം.
ഒരിക്കല്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്തതുകൊണ്ട് ഭാവിയില്‍ വേറെ തടസ്സങ്ങളുണ്ടാകാതിരിക്കണമെന്നില്ല. അതേ സ്ഥലത്തോ മറ്റു രക്തക്കുഴലിലോ തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ സ്റ്റെന്‍റും അടഞ്ഞുപോകാം.
വളരെ ഫലപ്രദമായ ഒരു ചികിത്സാരീതിയാണ് ആന്‍ജിയോപ്ലാസ്റ്റി എങ്കിലും, പത്തു ശതമാനത്തില്‍ താഴെ രോഗികളില്‍ ഇത് ഫലപ്രദമാകാറില്ല. ഇത്തരം രോഗികള്‍ക്കു മറ്റു ചികിത്സാരീതികള്‍ അവലംബിക്കേണ്ടി വരും.
ബൈപാസ് സര്‍ജറി:-
കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റ്/സര്‍ജറി (രീൃീിമൃ്യ മൃലേൃ്യ യ്യുമൈ ഴൃമളേ ീൃ ൗൃഴെലൃ്യ) എന്നാല്‍ ഹൃദയത്തിന്‍റെ പ്രധാന രക്തക്കുഴലില്‍ അല്ലെങ്കില്‍ കുഴലുകളില്‍ വലിയ അടവുകളുള്ളപ്പോള്‍ ചെയ്യുന്നതാണ്. ഈ ഓപ്പറേഷനില്‍ തടസ്സമുള്ള രക്തക്കുഴലിന്‍റെ ഭാഗത്തിനെ ബൈപാസ്സ് ചെയ്തത് (രക്തയൊഴുക്ക് മാറ്റി വിട്ട്) ഒഴുക്ക് സുഗമം ആക്കുന്നു. ബൈപാസ്സ് ചെയ്യുന്നതിന് (മാറ്റി വിടുന്നതിന്) പ്രധാനമായും കാലിലെ അല്ലെങ്കില്‍ നെഞ്ചിലെ ചിലപ്പോള്‍ കൈയിലെ ഒരു ഞരമ്പ് എടുത്ത് അത് തടസ്സമുള്ള രക്തക്കുഴലില്‍ തുന്നിച്ചേര്‍ത്ത് രക്ത ഒഴുക്ക് ഈ ഞരമ്പില്‍ കൂടി കടത്തിവിട്ട് തടസ്സമുള്ള ഭാഗത്തെ ബൈപാസ്സ് ചെയ്തത് ഹൃദയഭിത്തിയിലേക്കുള്ള രക്ത ഓട്ടം പുനഃസ്ഥാപിക്കുന്നു. ആന്‍ജിയോ പ്ലാസ്റ്റിയെ അപേക്ഷിച്ച് ബൈപാസ്സ് സര്‍ജറിയാണ് കൂടുതല്‍ ഫലപ്രദം.
ആര്‍ക്കെല്ലാം ചെയ്യുന്നു?
1. ഹൃദയത്തിന്‍റെ മൂന്നു പ്രധാനരക്തക്കുഴലിലും സാരമായ തടസ്സമുള്ളപ്പോള്‍
2. ഹൃദയത്തിന്‍റെ പ്രധാനപ്പെട്ട ഒരു രക്തധമിനിയില്‍ സാരമായ തടസ്സമുള്ളപ്പോള്‍
3. മുന്‍പ് ആന്‍ജിയോ പ്ലാസ്റ്റിയും സ്റ്റെന്‍റിങ്ങും ചെയ്ത രോഗിയില്‍ അത് ഫലപ്രദമാകാതിരുന്നാല്‍
4. ഹൃദയാഘാതമായി വരുന്ന ചില രോഗികളില്‍ മറ്റു ചികിത്സകളൊന്നും ഫലപ്രദമാകാതെ വരുമ്പോള്‍ അടിയന്തിരമായും ഇത് ചെയ്യാറുണ്ട്. ബൈപാസ് സര്‍ജറി രണ്ടു രീതിയില്‍ ചെയ്യുന്നു:-
1. ഓണ്‍ പമ്പ് സര്‍ജറി:- ഹൃദയത്തെ താല്ക്കാലികമായി ഒരു മെഷീനില്‍ (ഹാര്‍ട്ട് ലംങ്ക് മെഷീന്‍) ഘടിപ്പിച്ച് ഓപ്പറേഷന്‍ ചെയ്യുന്നു.
2. ഓഫ് പമ്പ് സര്‍ജറി/ബീറ്റിങ്ങ് ഹാര്‍ട്ട് സര്‍ജറി:- പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തില്‍ ചെയ്യുന്ന സര്‍ജറി ആണിത്.
ഓപ്പറേഷനുശേഷം ആദ്യത്തെ ഒന്നോ രണ്ടോ ദിവസം രോഗി വെന്‍റിലേറ്ററിലായിരിക്കും.
ബൈപാസ്സ് സര്‍ജറിയുടെ സങ്കീര്‍ണ്ണതകള്‍:-
1. ഹൃദയമിടിപ്പ് വ്യതിയാനങ്ങള്‍
2. അണുബാധ
3. ഹൃദയാഘാതം
4. പക്ഷാഘാതം
ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ്സും കഴിഞ്ഞ് വീണ്ടും അതേ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
1. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ മുടക്കം വരുത്താതെ കഴിക്കണം.
2. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള സന്തുലിതാഹാരവും, കൃത്യമായ വ്യായാമവും ശീലമാക്കണം.
3. പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കണം.
4. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കണം.
5. കൊഴുപ്പുള്ള ആഹാരപദാര്‍ത്ഥങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതും മുതലായവ ഒഴിവാക്കണം.
6. ശരീരഭാരം നിയന്ത്രിക്കണം.
7. മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കണം.
8. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് 3-4 ആഴ്ചയും ബൈപാസ്സ് കഴിഞ്ഞ് 4-6 ആഴ്ചകളും രോഗി കഠിനാധ്വാനവും, ഭാരം ചുമക്കുന്നതും, വ്യായാമം ചെയ്യുന്നതും വണ്ടി ഓടിക്കുന്നതും ഒഴിവാക്കണം.

