നീണ്ട ഇടവേളയ്ക്ക് ശേഷംസംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ സ്‌കൂളുകള്‍ ഇന്ന് ഭാഗീകമായി തുറക്കും. പത്താം ക്ലാസ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂളുകള്‍ തുറക്കുക. നീണ്ട ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്.

കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും ഇവര്‍ക്കായുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. സാനിറ്റൈസറുകളും കയ്യില്‍ കരുതണമെന്നാണ് നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ഇടയ്ക്കിടെ കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം സ്‌കൂളുകളിലും ഒരുക്കും. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന രീതിയിലാകും ക്രമീകരണം.

മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടക്കാന്‍ ഇരിക്കെയാണ് ഇവര്‍ക്കായി സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യ ഘട്ടത്തില്‍ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. എന്നിരുന്നാലും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ എത്തുമെന്നാണ് അദ്ധ്യാപകര്‍ പ്രതീക്ഷിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌കൂളുകള്‍ അടച്ചത്.

Leave a Reply