വത്തിക്കാൻ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആർച്ച്ബിഷപ്പ് മാർ കുര്യൻ മാത്യു വയലുങ്കലിനെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലെ അപ്പസ്‌തോലിക ന്യൂൺഷ്യോയായി (വത്തിക്കാൻ സ്ഥാനപതി) നിയമിച്ച് ഫ്രാൻസിസ് പാപ്പ. 2021 ജനുവരി മുതൽ അൾജീരിയയുടെ ന്യൂൺഷോയായി ശുശ്രൂഷ ആരംഭിച്ച മാർ വയലുങ്കൽ 2016 മുതൽ പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക ന്യൂൺഷ്യോയായിരുന്നു.
കോട്ടയം വടവാതൂർ വയലുങ്കൽ എം.സി. മത്തായി- അന്നമ്മ ദമ്പതികളുടെ മകനായി 1966 ഓഗസ്റ്റ് നാലിനാണ് ജനനം. കോട്ടയം തിരുഹൃദയക്കുന്ന് സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കി 1991ൽ തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ സാന്താക്രോസെ യൂണിവേഴ്‌സിറ്റിയിൽനിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി.
വത്തിക്കാൻ നയതന്ത്ര അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയശേഷം ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ നിയമിതനായി. 2001ൽ മോൺസിഞ്ഞോർ, പ്രിലേറ്റ് ഓഫ് ഓണർ പദവികൾ ലഭിച്ചു. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗൺസിലറായി ശുശ്രൂഷ ചെയ്യവേ 2016ലാണ് അപ്പസ്‌തോലിക് ന്യുൺഷ്യോയായി ഉയർത്തപ്പെട്ടത്. അതേ വർഷം തന്നെയായിരുന്നു മെത്രാഭിഷേകം.
