ഉജ്ജൈനിലെ പഠനത്തിനിടയ്ക്കാണ് രാജ്ഘട്ട് എന്ന സ്ഥലത്ത് ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ അധിവസിപ്പിച്ചിരുന്ന ‘പ്രേം പ്രഗതി’യില്‍ രണ്ടാഴ്ചയോളം ശുശ്രൂഷ ചെയ്യുവാന്‍ അവസരം ലഭിച്ചത്. മദ്ധ്യപ്രദേശിലുള്ള അനേകം ജില്ലകളില്‍നിന്നായി ഏകദേശം അറുപതോളം കുട്ടികള്‍ അന്ന് ‘പ്രേംപ്രഗതി’യില്‍ ഉണ്ടായിരുന്നു. തിരുഹൃദയസന്ന്യാസിനീ സമൂഹത്തിലെ സി. അനിതയും, സി. ടെയ്സിയും സി. മെറിനുമായിരുന്നു അന്ന് ‘പ്രേംപ്രഗതി’യിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നത്. തങ്ങളുടേതല്ലാത്ത കുറ്റത്താല്‍ വൈകല്യം ബാധിച്ച, പലപ്പോഴും വീട്ടുകാരും സ്വന്തക്കാരുമൊക്കെ തങ്ങളുടെ അപമാനമായി കണക്കാക്കിയിരുന്ന അറുപതോളം നിഷ്ക്കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് ആ മൂന്ന് സന്ന്യാസിനിമാര്‍ എങ്ങനെയാണ് സ്നേഹം വിളമ്പുന്ന അമ്മമാരായിത്തീര്‍ന്നതെന്ന് ആ ദിവസങ്ങളില്‍ കണ്ടു. എന്നും പുലര്‍ച്ചെ നാലരയോടെ സിസ്റ്റേഴ്സിന്‍റെ അന്നത്തെ തിരക്കേറിയ ജീവിതം തുടങ്ങുകയായി. ‘പ്രേംപ്രഗതി’യിലെ കൊച്ചുചാപ്പലില്‍ തങ്ങളുടെ പ്രഭാതപ്രാര്‍ത്ഥനയ്ക്കുശേഷം അവര്‍ കുഞ്ഞുങ്ങളെ ഓരോരുത്തരെയായി ഉണര്‍ത്തി പ്രഭാതകൃത്യങ്ങള്‍ ചെയ്യിക്കുവാന്‍ ആരംഭിക്കുന്നു. സ്വന്തമായി ഒന്നും ചെയ്യാനറിയാത്ത കുഞ്ഞുങ്ങളെ പല്ലുതേപ്പിക്കുന്നതും മലമൂത്രവിസര്‍ജ്ജനം നടത്താന്‍ സഹായിക്കുന്നതും കുളിപ്പിച്ച് പൗഡര്‍ ഇട്ടുകൊടുത്ത് വസ്ത്രങ്ങള്‍ ധരിപ്പിച്ച് മുടിചീകി കെട്ടി ഓരോരുത്തരെയായി അവരവരുടെ സ്ഥാനങ്ങളില്‍ ഇരുത്തുന്നതുമൊക്കെയായ ശ്രമകരമായ ജോലി വിശുദ്ധകുര്‍ബാനയ്ക്കുള്ള സമയംവരെ സിസ്റ്റേഴ്സ് തുടരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അവരെ ഭക്ഷണം കഴിപ്പിക്കുകയെന്ന ഭാരിച്ചജോലി, അതിനുശേഷം അവര്‍ക്കുള്ള പരിശീലനപരിപാടികള്‍… അങ്ങനെ ‘പ്രേംപ്രഗതി’ യിലെ ദിവസം മുമ്പോട്ടു പോകുന്നു.
രാത്രിയില്‍ കുട്ടികള്‍ കിടക്കുന്ന ഹാളില്‍തന്നെയാണ് സിസ്റ്റേഴ്സും കിടന്നിരുന്നത്. കാരണം രാത്രിയില്‍ കരയുകയും ഉറക്കമുണര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യുന്ന കുട്ടികളെ ശ്രദ്ധിക്കണമല്ലോ. പരാതിയും പരിഭവവും കൂടാതെ ആ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സന്തോഷത്തോടെ ജീവിച്ച ആ സിസ്റ്റേഴ്സിന്‍റെ മുഖത്ത് തങ്ങളുടെ സമര്‍പ്പിതജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിന്‍റെ ചാരിതാര്‍ത്ഥ്യം പ്രകടമായിരുന്നു.
ആരവങ്ങളും, കൊട്ടിഘോഷങ്ങളുമില്ലാതെ, പേരിനും പ്രശസ്തിക്കുമല്ലാതെ, നിശബ്ദരായി ഒരുപാട് നന്മകള്‍ ചെയ്ത് ആത്മാര്‍പ്പണത്തിന്‍റെ സാക്ഷ്യങ്ങളായി ജീവിക്കുന്ന ഇങ്ങനെയുള്ള കുറെയേറെ സന്ന്യാസിനികള്‍ സഭയുടെ പുണ്യമാണ്. അപവാദങ്ങള്‍ ഉണ്ടാകാം അത് എല്ലായിടത്തും ഉണ്ടല്ലോ.
നമ്മുടെയൊക്കെ ഇടവകകളിലും ദേവാലയങ്ങളിലും സ്കൂളുകളിലും വേദപാഠക്ലാസ്സുകളിലും ഭക്തസംഘടനകളിലുമൊക്കെ അവര്‍ ചെയ്യുന്ന ഒരുപാട് നിശബ്ദസേവനങ്ങളുണ്ട്. അവയില്‍ പലതും വിലമതിക്കപ്പെടാതെ പോകുന്നെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അവരുടെ ശുശ്രൂഷകളെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരുപാടുപേരുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അഭ്യസ്ഥവിദ്യനായ ഒരു ഹൈന്ദവസഹോദരനുമായി സംസാരിക്കുന്നതിനിടയ്ക്ക് അദ്ദേഹം പറഞ്ഞത് ഓര്‍മിക്കുന്നു… “വ്യക്തിപരമായ പ്രശസ്തിയും പ്രതിഫലവും സ്ഥാനമാനങ്ങളും ഒന്നും ലഭിക്കാഞ്ഞിട്ടും നിങ്ങളുടെ സഭയില്‍ സിസ്റ്റഴ്സ് ചെയ്യുന്ന നിസ്വാര്‍ത്ഥസേവനങ്ങളെ ഞാനെന്നും ആദരവോടെയാണ് കാണുന്നത്.”
വീടിന്‍റെ സുരക്ഷിതത്വത്തില്‍നിന്ന് ആദ്യമായി നഴ്സറിയിലെത്തിയ ദിവസം വാതിലിനിടയില്‍ കൈവിരല്‍ കുടുങ്ങി വേദനിച്ച് കരഞ്ഞപ്പോള്‍ മിഠായി തന്നും ചിത്രങ്ങള്‍ കാണിച്ചും, ഏങ്ങലടക്കുകയും പിന്നീട് അറിവുകളുടെ ലോകത്തേക്കുള്ള ആദ്യ പടികള്‍ കാണിച്ചുതരികയും ചെയ്ത എന്‍റെ പ്രിയപ്പെട്ട ‘നഴ്സറി ടീച്ചര്‍’ സി. ജോര്‍ജ്ജ് മേരി എസ്. എച്ച്. ആണ് കുഞ്ഞുന്നാളിലെ ഓര്‍മ്മകള്‍ ചികയുമ്പോള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്ന സിസ്റ്റര്‍. കരഞ്ഞമുഖവുമായി നഴ്സറിയിലെത്തിയിരുന്ന ഞങ്ങളെ പഠിപ്പിക്കുകയും കളിപ്പിക്കുകയും ഉറക്കുകയുമൊക്കെ ചെയ്തിരുന്ന ഞങ്ങളുടെ ടീച്ചര്‍ ഞങ്ങള്‍ക്ക് മറ്റൊരമ്മയായിരുന്നു.
പിന്നെ സ്കൂളിലും വേദപാഠക്ലാസ്സിലുമൊക്കെ വേറെയും സിസ്റ്റര്‍മാരെ കണ്ടു. തിരുബാലസഖ്യത്തില്‍ചേര്‍ന്ന് ഉണ്ണീശോയുടെ മുമ്പില്‍ കൈകൂപ്പിനിന്ന് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞുതന്നവര്‍, മിഷന്‍
ലീഗില്‍ അംഗമായിരുന്നപ്പോള്‍ പ്രസംഗങ്ങള്‍ എഴുതിത്തന്ന് കാണാതെ പഠിപ്പിച്ച് സ്റ്റേജില്‍ കയറിനിന്ന് പറയാന്‍ പഠിപ്പിച്ചവര്‍. മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാങ്ങിച്ച് ആത്മവിശ്വാസംവളര്‍ച്ചയുടെ വഴികളില്‍ നന്മയിലൂടെ കൈപിടിച്ച്, നടത്താന്‍ കാരണമായിട്ടുള്ള കുറെയേറപ്പേരെ ഓര്‍മ്മിക്കുന്നു. ഇതു വായിക്കുന്ന പലര്‍ക്കും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു ഇതുപോലെ ചില ഓര്‍മ്മകള്‍.
കുറച്ചുനാളുകള്‍ക്കുമുമ്പ് മണ്ഡ്യായിലെ ഹലഗൂര്‍ എന്ന സ്ഥലത്തുള്ള ആതുരാലയത്തിലെത്തിയപ്പോള്‍ ഒരു വൃദ്ധന്‍റെ കാലിലെ ദുര്‍ഗന്ധം വമിക്കുന്ന വ്രണത്തില്‍നിന്ന് ജീവനുള്ള പുഴുക്കളെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതെ പെറുക്കിമാറ്റുന്ന ഹോളിഫാമിലി സന്ന്യാസിനി സമൂഹത്തിലെ ഒരു സഹോദരിയെ കണ്ടു.
ബാംഗ്ലൂരിലെ ഒരു റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെണ്‍ കുഞ്ഞിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊല്ലുന്നതിനുമുമ്പ് ചിലര്‍ ചേര്‍ന്ന് രക്ഷിച്ചതിനെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. നായകടിച്ച് മൃതപ്രായയാക്കിയ ആ കുഞ്ഞിനെ പിന്നീട് ഏറ്റെടുത്തത് ബാംഗ്ലൂരില്‍ കര്‍മ്മലാരാമിലുള്ള ‘സാന്ത്വന’യിലെ സെന്‍റ് കമില്ലസ് സിസ്റ്റേഴ്സാണ്. കുഞ്ഞിന്‍റെ നട്ടെല്ലിനേറ്റ മാരകമായ മുറിവ് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത് അവള്‍ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു. പക്ഷ, സിസ്റ്റേഴ്സിന്‍റെ നിരന്തരമായ പരിചരണവും പ്രാര്‍ത്ഥനയും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവര്‍ ആ കുഞ്ഞിനൊരു പേരിട്ടു. അമ്മു.
കല്‍ക്കട്ടയില്‍ കാളിഘട്ടിലുള്ള ‘നിര്‍മ്മല്‍ ഹൃദയ്’യില്‍ പോയിട്ടുണ്ട്. നൂറുകണക്കിന് അഗതികളായ രോഗികളെ അവിടെ കാണാം. എല്ലാവരുടെയടുത്തും നിറസാന്നിദ്ധ്യമായി കൈയില്‍ മരുന്നും തുണിയും ഭക്ഷണവുമൊക്കെയായി നീലബോര്‍ഡറുള്ള വെളുത്ത സാരിയുടുത്ത മാലാഖാമാര്‍ രാവും പകലും ശുശ്രൂഷ ചെയ്യുന്നത് കാണാം. പലരാത്രികളിലും അവരുടെ ഉറക്കം നാമമാത്രമാണ്. അവരുടെ ഭക്ഷണവും ജീവിതരീതികളുമൊക്കെ എത്രത്തോളം ലളിതമാണെന്നും അവിടെയായിരുന്നപ്പോള്‍ കണ്ടു.
ഇവിടെ കുറിച്ചതൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെ മറ്റുള്ളവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സാന്നിദ്ധ്യമായി മാറുന്ന എത്രയോ സമര്‍പ്പിതകള്‍.
ഇങ്ങനെയുള്ള സമര്‍പ്പിതകളെ ലോകത്തിന് എന്നും ആവശ്യമുണ്ട്. സമര്‍പ്പിതജീവിതത്തിന്‍റെ പ്രസക്തി ഒരിക്കലും ഇല്ലാതെയാവുന്നില്ല. ഈശോയെപ്രതി സമര്‍പ്പിതയായി ജീവിക്കാനാഗ്രഹിച്ച് മുന്നിട്ടിറങ്ങുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഇന്ന് കുറവ് വരുന്നുണ്ടെങ്കില്‍ അത് സമര്‍പ്പിതജീവിതത്തിന്‍റെ പ്രസക്തി കാലഹരണപ്പെടുന്നതിന്‍റെ അടയാളമല്ല; മറിച്ച് സ്നേഹവും സഹതാപവും പരിഗണനയുമൊക്കെ കാലഹലരണപ്പെടുന്ന പുതിയ സംസ്കാരത്തിന്‍റെ പ്രതിഫലനമാണ്.
അന്യന്‍റെ നൊമ്പരങ്ങളെക്കുറിച്ച് നൊമ്പരപ്പെടാനറിയാത്ത, തങ്ങളെക്കുറിച്ചുമാത്രം വ്യഗ്രതപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എം.ടി. വാസുദേവന്‍നായരുടെ ‘നാലുകെട്ട്’ എന്ന നോവലിലെ സേതുവിനെപ്പോലെയാകുന്നു പലരും. നോവലില്‍ സുമിത്ര എന്ന കഥാപാത്രം സേതുവിനെക്കുറിച്ച് ഒരവസരത്തില്‍ പറയുന്നുണ്ട്. “സേതൂന് എന്നും ഒരാളോടെ ഇഷ്ടമുണ്ടായിരുന്നുള്ളൂ. സേതുവിനോടു മാത്രം.”
സന്ന്യാസം ഉപേക്ഷിച്ച് മഠത്തില്‍നിന്നും ഇറങ്ങിപ്പോകുന്ന സിസ്റ്റര്‍ മാര്‍ഗലീത്ത കേന്ദ്രകഥാപാത്രമാകുന്ന സാറാജോസഫിന്‍റെയൊരു നോവലാണ് ‘ഒതപ്പ്’ വ്യവസ്ഥിതികളുടെയും കുറെ വേഷവിധാനങ്ങളുടെയും പിടിമുറുക്കത്തിനുള്ളില്‍ ശ്വാസംമുട്ടുന്ന സന്ന്യാസിനികളുടെ പ്രതിരൂപമായാണ് മാര്‍ഗലീത്തയെ കഥാകാരി അവതരിപ്പിക്കുന്നത്. ആ പിരിമുറുക്കവും ശ്വാസംമുട്ടലുമാണത്രെ മാര്‍ഗലീത്തയെ രക്ഷപ്പെട്ടോടാന്‍ പ്രേരിപ്പിക്കുന്നത്.
ആനന്ദമാണ് ദൈവമെന്നും ശരീരത്തിന് ശരീരത്തോട് തോന്നുന്ന പ്രണയത്തിലാണ് ആനന്ദമെന്നും പ്രണയിക്കുമ്പോള്‍ ശരീരം ആദ്ധ്യാത്മികാനന്ദം അനുഭവിക്കുകയാണെന്നുമൊക്കെയുള്ള ആശയങ്ങള്‍ തന്‍റെ കഥകളിലെ കഥാപാത്രങ്ങളുടെ ചിന്താധാരകളാണെന്ന ഭാവേന വായനക്കാരുടെ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന സാറാ ജോസഫിനെപ്പോലുള്ള എഴുത്തുകാര്‍ക്ക് ഒരുപക്ഷേ, സമര്‍പ്പിതരുടെ ആത്മീയാനന്ദത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
സമര്‍പ്പിതര്‍ക്ക് അവരുടെ അര്‍പ്പണം ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള വഴിയാണ്. ഈ വഴിയിലെ ബുദ്ധിമുട്ടുകള്‍ ആരും അവരെ അടിച്ചേല്പ്പിക്കുന്നതല്ല. മറിച്ച്, അവര്‍ സ്വയം ഏറ്റെടുക്കുന്നതാണ്. അത്തരമൊരു അര്‍പ്പണമാണ് അവരുടെ ആത്മീയതയും ആനന്ദവും.
ആത്മീയതയുടേയും ബോധ്യങ്ങളുടേയും പിന്‍ബലമില്ലാത്ത സമര്‍പ്പണങ്ങളൊക്കെ തീര്‍ച്ചയായുംശ്വാസംമുട്ടലുകളായി പരിണമിക്കും. അപ്പോഴാണ് സമര്‍പ്പിതജീവിതചര്യകളൊക്കെ പീഡനമുറകളാണെന്ന വ്യാഖ്യാനവുമായി ചിലരൊക്കെ പടിയിറങ്ങുന്നത് (പടിയിറങ്ങിപ്പോകുന്നവരെല്ലാം തെറ്റുകാരാകണമെന്നുമില്ല).
വര്‍ഷങ്ങളോളം തങ്ങള്‍ അംഗമായിരുന്ന സമര്‍പ്പിതസമൂഹങ്ങളില്‍നിന്നും ചില അഭിപ്രായവ്യത്യാസങ്ങളുടേയും പൊരുത്തക്കേടുകളുടെയും പേരില്‍ പുറത്തുചാടി, ഏതാനും ചിലരുടെ വീഴ്ച കളെയും ബലഹീനതകളെയും ഉദാഹരിച്ച് (കുറ്റവാളികളായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പലരും സമര്‍പ്പിതജീവിതം ഉപേക്ഷിച്ചവരുമാണ്) സമര്‍പ്പിതരെയൊന്നാകെ അവഹേളിച്ച് ആരോടൊക്കെയോ ഉള്ള വാശി തീര്‍ക്കാന്‍ മെനക്കെട്ടിരുന്ന് ‘ആമ്മേനും’ ‘സ്വസ്തി’യു മൊക്കെ എഴുതിയുണ്ടാക്കുകയാണല്ലോ ചില ‘നന്മനിറഞ്ഞവര്‍.’
പാവങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന്‍റെ പേരില്‍ ജാര്‍ഖണ്ഡിലും മധ്യപ്രദേശിലുമൊക്കെ അതിദാരുണമായി കൊല്ലപ്പെട്ട ചില സഹോദരിമാരെക്കുറിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളിലെ പ്രേഷിതജോലികള്‍ക്കിടയില്‍ മാരകരോഗങ്ങള്‍ ബാധിച്ച്, ആരോഗ്യം ക്ഷയിച്ചവരെക്കുറിച്ചും മരണമടഞ്ഞവരെക്കുറിച്ചും സമൂഹം വിലക്കു കല്പിച്ച് മാറ്റിനിര്‍ത്തുന്ന എയ്ഡ്സ് ബാധിതരെപ്പോലുള്ളവരെ ശുശ്രൂഷിക്കാന്‍ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചിട്ടുള്ള സഹോദരിമാരെക്കുറിച്ചും അവഗണിക്കപ്പെട്ടവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കുമായി വിശ്രമമില്ലാതെ സമയവും ആരോഗ്യവും സമര്‍പ്പിക്കുന്നവരെക്കുറിച്ചും എന്തേ ഇവരൊന്നും തങ്ങളുടെ പുസ്തകത്താളുകളില്‍ ഒരിടത്തും പരാമര്‍ശിക്കുന്നുപോലുമില്ല? കാരണം, അവര്‍ക്കറിയാം അല്പം എരിവും പുളിയും പീഡനകഥകളുമൊക്കെ ഉണ്ടെങ്കിലേ പുസ്തകം അറിയപ്പെടുകയുള്ളു എന്നും, വിറ്റുപോകൂ എന്നും. ജമീല എന്ന ലൈംഗികതൊഴിലാളിയുടെ ആത്മകഥ ‘ഒരു ലൈംഗികതൊഴിലാളിയുടെ ആത്മകഥ’ എന്നപേരില്‍ എരിവും പുളിയും ചേര്‍ത്ത് പുസ്തകമാക്കി കാശുവാരിയതുപോലെ ഇവരുടെ പുസ്തകങ്ങള്‍ വിറ്റും പുസ്തകപ്രസാധകര്‍ കാശുണ്ടാക്കും. യൂദാസിന് കിട്ടിയ വിഹിതംപോലെ പുസ്തകം എഴുതിയവര്‍ക്കും കിട്ടും ഒരു വിഹിതം. പിന്നെ, ചിലരോടൊക്കെ പകവീട്ടിയതിന്‍റെ ആത്മസംതൃപ്തിയും.
പടലപ്പിണക്കങ്ങളുടെ പേരില്‍ സന്ന്യാസം ഉപേക്ഷിച്ച ഈ പുസ്തകരചയിതാക്കളുടെ ‘വെളിപ്പെടുത്തലുകളെ’ ഉദാഹരിച്ചുകൊണ്ട് സമര്‍പ്പിതസമൂഹം മുഴുവന്‍ ജീര്‍ണ്ണതയുടെ പടുകുഴിയിലാണെന്ന മട്ടിലുള്ള മുഖപ്രസംഗത്തോടെയാണ് പൊട്ടിക്കരയുന്ന ഒരു സമര്‍പ്പിതയുടെ മുഖച്ചിത്രവുമായി 2012 ജൂലൈ 23 ല്‍ ‘ഔട്ട്ലുക്ക്’ മാഗസിന്‍ പുറത്തിറങ്ങിയത്. വെളിപ്പെടുത്തലുകള്‍ക്കൊക്കെയൊരു ആധികാരികത നല്കാന്‍ ‘ജലലേൃ’െ ഒീൗലെ ശെ ആൃീസലി’ എന്ന പേരില്‍ സഖറിയായുടെ ഒരു ലേഖനവും! അവര്‍ക്കും കിട്ടിയിരിക്കും നല്ലൊരു വരുമാനം.
“ബന്ധങ്ങള്‍ക്കിടയില്‍ കാരുണ്യത്തിന്‍റെ പച്ചപ്പ് കാത്തുസൂക്ഷിക്കുന്ന ചിലരൊക്കെ ഇനിയും അവശേഷിക്കുന്നതുകൊണ്ടാണ് ഈ ഭൂമി ജീവിക്കാന്‍ കൊള്ളുന്ന ഒരിടമായി ഇപ്പോഴും നമുക്ക് അനുഭവപ്പെടുന്നത്” എന്ന എം.ടി. വാസുദേവന്‍നായരുടെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന സാധാരണ ചില സന്ന്യാസിനിമാര്‍ ഉള്ളതുകൊണ്ടാണ് ‘പ്രേംപ്രഗതി’യിലെ കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കുന്നതും ‘സാന്ത്വന’യിലെ അമ്മുവും കൂട്ടുകാരികളും വിഹ്വലതകളില്ലാതെ കളിച്ചുല്ലസിക്കുന്നതും. ‘നിര്‍മ്മല്‍ഹൃദയ്’ലെ അന്തേവാസികള്‍ ജീവിതത്തെ സ്നേഹിക്കാന്‍ തുടങ്ങുന്നതുമൊക്കെ. ആരുമില്ലാത്തവര്‍ക്ക് ആരെങ്കിലുമാകാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ? ‘അപരന്‍ നരകമാണ്’ (ഠവല ീവേലൃ ശെ മ വലഹഹ) എന്നുള്ള സാര്‍ത്രിയന്‍ ഫിലോസഫിയുടെ സ്നേഹിതര്‍ക്ക് ഇതൊക്കെ അര്‍ത്ഥശൂന്യതകളാണ്.
ജീവിതം സമര്‍പ്പണമാക്കിയെന്നു കരുതി ഈ സഹോദരിമാര്‍ പോരായ്മകളില്ലാത്തവരാകണമെന്നില്ല. നമ്മുടെയൊക്കെ കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്ന, പൂര്‍ണ്ണതയുടെ നിറകുടമാകാനുള്ള അത്ഭുതസിദ്ധികളൊന്നും വരമായി കിട്ടാത്ത സാധാരണ മനുഷ്യരാണവരും. കുറവുകളോടെ അവരെ നമുക്ക് അംഗീകരിക്കാം. അവരുടെ അര്‍പ്പണങ്ങളെയും ത്യാഗങ്ങളെയും വിലമതിക്കാം.
തീര്‍ച്ചയായും, വിമര്‍ശനങ്ങള്‍ ആത്മവിചിന്തനങ്ങളിലേക്കുംപരിവര്‍ത്തനങ്ങളിലേക്കും നയിക്കണം. അനേകരുടെ ആത്മാര്‍ത്ഥ സഹനങ്ങളുടെയും ത്യാഗങ്ങളുടെയും അര്‍പ്പണങ്ങളുടെയുമൊക്കെ ചേതോഹരശോഭയെ മറയ്ക്കുന്ന കാര്‍മേഘത്തുണ്ടുകളെ സൃഷ്ടിക്കാന്‍ ഒരാളുടെപോലും ഇടര്‍ച്ചകള്‍ക്കാകും. കരിവാരിതേക്കാനും വാശിതീര്‍ക്കാനും സ്വയം ന്യായീകരിക്കുവാനുമൊക്കെയുള്ള ചിലരുടെ കുത്സിതശ്രമങ്ങളോട് മനോവീര്യം തകരാതെയുള്ള ജീവിതസാക്ഷ്യത്തിലൂടെ പ്രതികരിക്കുവാന്‍ സമര്‍പ്പിതവഴിയിലൂടെ ചരിക്കുന്നവര്‍ക്കെല്ലാം സാധിക്കട്ടെ.

ഫാ. റോബി അടപ്പൂര്‍ എം.എസ്.റ്റി.

Leave a Reply