കൂടുതൽ ഓക്സിജൻ ട്രക്കുകൾക്കായി സംസ്ഥാനം; യു എ ഇയിൽ നിന്നും കണ്ടെയിനറുകളും

മെഡിക്കല്‍ ഓക്സിജന്റെ നീക്കം സുഗമമാക്കാന്‍ കൂടുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കൂടുതല്‍ ഓക്സിജന്‍ ട്രക്കുകള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.യുഎഇയില്‍ നിന്നും കണ്ടെയിനറുകള്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എല്‍എന്‍ജി ട്രക്കുകള്‍ ഓക്സിജന്‍ ട്രക്കുകളാക്കി മാറ്റാനും ശ്രമിക്കുകയാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ സംസ്ഥാനത്താകെ ഇത്തരം 12 വലിയ ട്രക്കുകളാണ് ഓടുന്നതെന്നും എന്നാല്‍ 15 എണ്ണമെങ്കിലും കൂടുതലായി ഉടന്‍ വേണം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്ടുനിന്ന് എത്തിക്കാന്‍ രണ്ടു വലിയ ട്രക്കുകളും നിറയ്ക്കല്‍ കേന്ദ്രങ്ങളില്‍നിന്ന് ആശുപത്രികളിലെത്തിക്കാന്‍ മൂന്നെണ്ണവും ഉള്‍പ്പെടെയാണിത്.

സംസ്ഥാനത്തെ പ്രധാന ഓക്സിജന്‍ ഉത്പാദകരായ പാലക്കാട്ടെ ഐനോക്സുമായി കരാറുള്ള ട്രക്കുകളും സംസ്ഥാനത്തെമ്ബാടുമുള്ള ഓക്സിജന്‍ നിറയ്ക്കല്‍ കേന്ദ്രങ്ങളിലെ ട്രക്കുകളുമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഓരോ ജില്ലയിലും 4-5 ട്രക്കുകള്‍ വീതമെങ്കിലും വേണമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ സാഹചര്യത്തിലാണ് യുഎഇയില്‍ നിന്നും കണ്ടെയിനറുകള്‍ എത്തിക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.