ഒരു ചെറിയ വീഡിയോ അധിഷ്ഠിത സാമൂഹികമാധ്യമമാണ് ടിക്ടോക് എന്നു വേണമെങ്കില്‍ പറയാം. 2014 ല്‍ തുടങ്ങി, യുവാക്കളുടെ ഹരമായി മാറിയ മ്യൂസിക്കലി എന്ന ആപ്ലിക്കേഷനാണ് പിന്നീട് ടിക്ടോക്കായി മാറിയത്. 50 കോടിയിലധികം ഉപയോക്താക്കളാണ് ഇന്ന് ടിക്ടോക് ഉപയോഗിക്കുന്നത്. പ്രതിദിനം 1-2 കോടി വീഡിയോസ് ആണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിളിന്‍റെ ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ടിക്ടോക് ആപ്പ്, സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
നേരത്തെ പ്രചാരത്തില്‍വന്ന ഡബ്സ്മാഷ് പോലെ സ്വന്തമായി വീഡിയോ നിര്‍മ്മിക്കാന്‍ ഇതിലൂടെ കഴിയും. ടിക്ടോക്കിലെ ചുണ്ട് ചലിപ്പിച്ചുകൊണ്ടുള്ള ഡബ്സ് മാഷ് മോഡല്‍ പാട്ടുകളും ഡയലോഗുകളും ഡാന്‍സുകളുമൊക്കെ ഒന്നിനുപിറകേ ഒന്നായി വൈറലായി മാറുകയാണ്. ഉപയോക്താക്കള്‍ക്ക് താല്‍പര്യമുള്ള സൗണ്ട്ട്രാക്ക് തിരഞ്ഞെടുത്ത് 15 സെക്കണ്ട് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ടിക്ടോക്കുവഴി ചിത്രീകരിക്കാന്‍ സാധിക്കും. ഒപ്പം വ്യത്യസ്ത സ്പീഡ് ഒപ്ഷനുകളില്‍ (ടൈം ലാപ്സ്, ഫാസ്റ്റ്, നോര്‍മല്‍, സ്ലോമോഷന്‍ തുടങ്ങിയവ) വീഡിയോ നിര്‍മ്മിക്കുകയും ചെയ്യാം. തമാശകള്‍, സ്കിറ്റുകള്‍, കരോക്കേ, വീഡിയോകള്‍, പാട്ടുകള്‍ അങ്ങനെ പോകുന്നു ടിക്ടോക് തരംഗം.
ഏറ്റവും പുതിയ കണക്കനുസരിച്ച് ടിക് ടോക് ഉപയോക്താക്കളില്‍ 78 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരാണ്. ഇവരില്‍തന്നെ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ടിക്ടോക് ഉപയോഗിക്കുന്ന കൗമാരപ്രായക്കാര്‍ ശ്രദ്ധിക്കണമെന്നും ലൈംഗിക ആക്രമണങ്ങളെ കരുതിയിരിക്കണമെന്നും മിക്ക രാജ്യങ്ങളിലെയും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഓടി വരുന്ന ബസ്സിന്‍റെയും മറ്റ് വാഹനങ്ങളുടെയും മുന്നിലേക്ക് ഹെല്‍മറ്റ് ധരിച്ചും മറ്റ് പല രീതിയിലും മുഖം മറച്ച് ചാടി വീണിട്ടാണ് ജാസി ഗിഫ്റ്റിന്‍റെ പാട്ടിനൊത്ത് യുവ തലമുറ ചുവടുവയ്ക്കുന്നത്. പൊതുജനത്തെ ബുദ്ധിമുട്ടിച്ചുള്ള ഇത്തരം പ്രവണതകള്‍ ശരിയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ടിക് ടോക്കില്‍ ഒന്നിനും നിയന്ത്രണമില്ല. എന്തും ഏതും എപ്പോഴും പോസ്റ്റ് ചെയ്യാം. അതുകൊണ്ടുതന്നെ, ടിക്ടോക്കിലെ വീഡിയോകള്‍ കാരണം കുടുംബം തകര്‍ന്നവരും അടുത്ത സുഹൃത്തുക്കളെ നഷ്ടപ്പെട്ടവരും ആത്മഹത്യയ്ക്ക് ശ്രമിച്ചവരും നിരവധിയാണ്. കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ സോഷ്യല്‍ മീഡിയ മേഖലയില്‍ ടിക്ടോക്ക് വീഡിയോകള്‍ നാളെ എന്ത് ദുരന്തമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാനാവില്ല.
ഡോ. ജൂബി മാത്യു

