സിജോ പൈനാടത്ത് (മാധ്യമ പ്രവർത്തകൻ)
സ്വതന്ത്രഭാരതത്തിന്‍റെ ഏഴര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ചില ചോദ്യങ്ങൾ..
‘ഇന്ത്യ എന്‍റെ രാജ്യം’ എന്നു നമ്മള്‍ ഇന്നലെയും നമ്മുടെ മക്കള്‍ ഇന്നും സ്കൂള്‍ അസംബ്ലികളില്‍ അറ്റന്‍ഷനായി നിന്നു പ്രതിജ്ഞയെടുക്കുന്നതില്‍ മാത്രം, ഈ ഭാരതം എന്‍റേതും നമ്മുടേതും ആയാല്‍ മതിയോ? ഇന്ത്യ ഇന്ന് ആരുടെ രാജ്യം? എന്ന അന്വേഷണത്തിനു പ്രസക്തി കൂടിവരുന്നുണ്ടോ? ഇന്ത്യ എന്‍റെ രാജ്യം എന്ന പ്രതിജ്ഞയ്ക്കായി നീട്ടിയ കൈവെള്ളകള്‍ യാചനാരൂപത്തിലേക്കൊന്നു മടക്കി, ഈ രാജ്യത്തു ജീവിക്കാന്‍ ഉള്ളവനു നേരെ കനിവു തേടി കൈനീട്ടുന്ന ഭിക്ഷാംദേഹികളുടെ ഇന്ത്യയെയും സൂക്ഷ്മനിരീക്ഷണത്തില്‍ നാം ഇന്നും കണ്ടുമുട്ടും. ഇതും നടക്കുന്നതു ‘ആസാദി കാ അമൃത് മഹോത്സവ്’ കൊണ്ടാടുന്ന സമത്വ സുന്ദര ഭാരതത്തിലാണെന്നറിയുക.!
കണക്കുകള്‍ കഥ പറയും
രാജ്യത്ത് ഇന്നു 130 കോടി ജനങ്ങള്‍. കോവിഡനന്തരകാലത്തിന്‍റെ ക്ഷീണം മാറാത്ത ഇന്ത്യയില്‍ ഇക്കഴിഞ്ഞ ജൂലൈയില്‍ തൊഴില്‍രഹിതരായത് 1.30 കോടി പേര്‍.
ദാരിദ്ര്യത്തിന്‍റെ കാര്യത്തില്‍ ഇന്ത്യ നാലു പതിറ്റാണ്ടുമുമ്പുള്ള സ്ഥിതിയിലാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ദരിദ്രരുടെ എണ്ണം ആറു കോടിയില്‍ നിന്ന് 13.4 കോടിയിലെത്തിയെന്നു യുഎസിലെ പ്യൂ റിസര്‍ച്ച് സെന്‍ററിന്‍റെ പഠനത്തില്‍ പറയുന്നു. പ്രതിദിന വരുമാനം 150 രൂപയില്‍ താഴെയുള്ളവരുടെ എണ്ണം ലക്ഷക്കണക്കിനാണ്.
2019 ല്‍ ഇന്ത്യയില്‍ ജനസംഖ്യയുടെ 28 ശതമാനം പേര്‍ (34.6 കോടി) ദരിദ്രരായിരുന്നെങ്കില്‍, ഇന്ന് സ്ഥിതി അതിനേക്കാള്‍ രൂക്ഷമാണെന്നു ലോകബാങ്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇതേ ഘട്ടത്തില്‍ തന്നെ, അംബാനിയും അദാനിയുമെല്ലാം ഉള്‍പ്പെടുന്ന നമ്മുടെ രാജ്യത്തെ 100 പേരുടെ ആസ്തി പലമടങ്ങു വര്‍ധിച്ചുവെന്നതിന്‍റെയും കണക്കുകള്‍ നാം അറിയുന്നു. ഒപ്പം വിജയ് മല്യ, ലളിത് മോദി, നീരവ് മോദി, മെധുല്‍ ചോക്സി തുടങ്ങി ഭരണകൂട ദൃഷ്ടിയില്‍ ‘പാപ്പരായ പാവങ്ങളുടെ’ 11 ദശലക്ഷം കോടി കടം സര്‍ക്കാര്‍ എഴുതിത്തള്ളിയതും നാം കണ്ടു.
ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, സ്വാതന്ത്ര്യപൂര്‍വ ഘട്ടത്തിലുണ്ടായിരുന്ന, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം സ്വാതന്ത്ര്യാനന്തര ഭാരതത്തിലും കുറഞ്ഞില്ലെന്നു കൂടി മനസ്സിലാക്കണം.
തന്‍റെ രാജ്യത്തെ ജനങ്ങള്‍ വസ്ത്രം ധരിക്കാനും പട്ടിണിയകറ്റാനും കഴിവില്ലാതെ വലയുന്നതിന്‍റെ യാഥാര്‍ഥ്യം മനസ്സിലാക്കി അതിന്‍റെ പേരില്‍ മേല്‍വസ്ത്രം വേണ്ടെന്നു വച്ച രാഷ്ട്രപിതാവിന്‍റെ നാടാണിത്. ഗാന്ധിജി സ്വപ്നം കണ്ട സമത്വ സുന്ദരഭാരതത്തിലേക്കു വളര്‍ന്നില്ലെന്നു മനസ്സിലാക്കാന്‍ അന്താരാഷ്ട്ര ഉച്ചകോടികളിലേക്കൊന്നും പോകേണ്ടതില്ല; രാജ്യത്തെ ചേരികളിലേക്കൊന്നു പോയാല്‍ മതിയാകും.!
അസമത്വം വഴി അനീതിയിലേക്ക്
‘അസ്തിത്വാരംഭം മുതല്‍ എല്ലാ മാനവസ്വപ്നങ്ങള്‍ക്കും ആലയമൊരുക്കിയ ഒരു നാട് ഭൂമിയില്‍ ഉണ്ടെങ്കില്‍ അത് ഇന്ത്യയാണ്.’ ഫ്രഞ്ച് എഴുത്തുകാരനായ റൊമൈന്‍ റൊളാങ്ങിന്‍റേതാണ് ഈ വാക്കുകള്‍. സമഭാവനയുടെയും സമത്വത്തിന്‍റെയും അടയാളപ്പെടുത്തലുകള്‍ ഘോഷിക്കപ്പെടുന്ന ഇന്ത്യയില്‍ അതിന്‍റെ പിന്നാമ്പുറങ്ങളിലെ അനീതിയുടെ കറുത്ത പാടുകള്‍ മൂടിവയ്ക്കുവതെങ്ങനെ?
ഐക്യരാഷ്ട്രസഭയുടെ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം സമത്വത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്- ‘എല്ലാ മനുഷ്യരും സ്വതന്ത്രമായും അന്തസിലും അവകാശങ്ങളിലും തുല്യരായി ജനിക്കുന്നു’. വികേന്ദ്രീകൃത ഉല്പാദനവും പങ്കാളിത്ത ജനാധിപത്യവും മുറുകെപ്പിടിച്ച ഗാന്ധിജിയും, സമാനമായ ആശയങ്ങള്‍ ഭരണഘടനയിലൂടെ സാര്‍ഥകമാക്കാന്‍ ശ്രമിച്ച ഡോ. അംബേദ്കറുമെല്ലാം ഭാരതത്തിന്‍റെ സാമൂഹ്യ ചരിത്രത്തില്‍ വിളക്കുമരങ്ങളായി ജ്വലിക്കുന്നുണ്ട്.
ഗാന്ധിജിക്കും അംബേദ്കറിനും ശേഷം മാറിയ കാലം സമത്വത്തിനും നീതിക്കും പുതിയ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും നല്‍കിയതിനും സ്വതന്ത്രഭാരതം സാക്ഷി. സമ്പത്തിന്‍റെ വിതരണത്തിലുള്ള നീതി രാജ്യത്തിന്‍റെ പൊതുവായ നീതിയുമായി പൊരുത്തപ്പെടണമെന്നായിരുന്നു അംബേദ്കറുടെ ദര്‍ശനം. സാമ്പത്തികമായ അസമത്വം അനീതിയാണെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞു.
ആദിവാസിയെ തല്ലിക്കൊല്ലുന്നവര്‍!
വനം, വെള്ളം, ഭൂമി എന്നീ മൂന്നു കാര്യങ്ങളിലൂന്നി, ആദിവാസികളെ അവരുടെ തനതായ ആവാസ വ്യവസ്ഥയില്‍ വളരാനും മാന്യമായി ജീവിക്കാനും അവസരമൊരുക്കണമെന്നതായിരുന്നു നെഹ്റുവിയന്‍ ചിന്ത. പൊതുസമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് അവര്‍ ഒരിക്കലും നിഷ്കാസിതരാവരുതെന്ന ചിന്ത തന്നെയായിരുന്നു നെഹ്റുവിന് ഉണ്ടായിരുന്നത്.
ഉത്തരേന്ത്യയില്‍ ഉള്‍പ്പടെ രാജ്യത്തെ ദളിത്, ആദിവാസി, പിന്നോക്ക ജനവിഭാഗങ്ങള്‍ ഇന്നും അംബേദ്കറുടെ ദര്‍ശനത്തിലുള്ള നീതിവിചാരങ്ങളില്‍ നിന്ന് ഇനിയുമെത്രയോ അകലെയാണ്. പണമുള്ളവന്‍ എന്നും കൂടുതല്‍ പണമുള്ളവനാകുന്നതും, പാവപ്പെട്ടവന്‍ എന്നും കൂടുതല്‍ പാവപ്പെട്ടവനും ദരിദ്രനുമായിക്കൊണ്ടിരിക്കുന്നുവെന്നതും ആധുനികഭാരതം ലോകത്തിനു മുന്നില്‍ നിരത്തിവയ്ക്കുന്ന സൂക്ഷ്മമായ കാഴ്ചകളിലുണ്ട്. ജാതിയുടെയും വര്‍ഗത്തിന്‍റെയും വര്‍ണത്തിന്‍റെയും എന്തിനേറെ, അടുക്കളയില്‍ പാകപ്പെടുത്തുന്ന ഭക്ഷണത്തിന്‍റെ പേരില്‍പ്പോലും വെറുപ്പിന്‍റെ ജയ് വിളികള്‍ മുഴങ്ങുന്നതും പഴയ ഭാരതത്തിലല്ല; 75ലെത്തിയ ഭാരതത്തില്‍ത്തന്നെ! അധികാരത്തിന്‍റെ ആലകളില്‍ പരുവപ്പെടുത്തുന്ന അത്തരം വോട്ടുരാഷ്ട്രീയ തിരക്കഥകളും ആവിഷ്കാരങ്ങളും, കൃത്യമായി മൂടിവച്ച് സ്വഛഭാരതും, ആത്മനിര്‍ഭര്‍ഭാരതും, വികസനപൊയ്മുഖങ്ങളുമെല്ലാം പിആര്‍ വര്‍ക്കിന്‍റെ പൊലിമയില്‍ ഉച്ചത്തില്‍ പാടിഘോഷിക്കാനുള്ള വിദ്യ പഠിച്ചുവച്ചവരാണ് പുതിയകാല ഭരണവര്‍ഗം. ആനന്ദലബ്ധിക്കിനിയെന്തുവേണം…!!!
ഭരണകൂടത്തിന്‍റെ വികസന മുദ്രാവാക്യങ്ങളും മുതലാളിത്തത്തിന്‍റെ വ്യാപനത്തിലുള്ള കണ്ണടയ്ക്കലുമെല്ലാം ചേര്‍ന്ന്, ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ തങ്ങളുടെ ഇടമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഭൂപരിഷ്കരണമെന്ന പേരില്‍ സ്വതന്ത്രഭാരതം കൊട്ടിഘോഷിച്ച വിപ്ലവപദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താക്കളുടെ പട്ടികയില്‍ ആദിവാസി ജനത ഇന്നും പിന്നിലാണ്.
ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ‘നാം’ തല്ലിക്കൊന്ന അട്ടപ്പാടിയിലെ മധുവിന്‍റെ വിലാപം, ഈ രാജ്യം ആ ജനതയോടു ചെയ്തിട്ടുള്ള മുഴുവന്‍ അരുതുകളുടെയും അനീതികളുടെയും പേരിലുള്ള പ്രതികരണമാണ്. മധുവിന്‍റെ കേസില്‍ ഓരോ ദിനവുമെന്നോണമെത്തുന്ന സാക്ഷികളുടെ കൂറുമാറ്റവിശേങ്ങള്‍ ആ അനീതിയുടെ സ്വാഭാവികമായ തുടര്‍ച്ച മാത്രം.!
കര്‍ഷകരുടെ കണ്ണീര്‍
2018 മുതലുള്ള മൂന്നു വര്‍ഷവും ശരാശരി 5000 കര്‍ഷകര്‍ ഇന്ത്യയിലുടനീളം ആത്മഹത്യ ചെയ്തു. അടുത്തിടെ രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ട സബ്മിഷനു മറുപടിയായി കൃഷി മന്ത്രാലയം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 805 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായി.
കൃഷി സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഇന്ത്യയില്‍, കര്‍ഷകര്‍ക്കെന്നും കണ്ണീരാണ്. സ്വാതന്ത്ര്യസമരത്തിന്‍റെ ഓര്‍മകള്‍ ഉണര്‍ത്തി ഡല്‍ഹിയില്‍ മാസങ്ങള്‍ നീണ്ട കര്‍ഷകസമരത്തിലുയര്‍ന്നതും ആ കണ്ണീരേറെ കുടിച്ചവരുടെ നിലവിളികളും പ്രതിരോധങ്ങളുമായിരുന്നല്ലൊ.
വര്‍ധിച്ച ഉല്പാദനച്ചെലവ്, വിളവു നഷ്ടം, ഉല്പന്നങ്ങള്‍ക്കു മതിയായ വില ലഭിക്കാത്ത സ്ഥിതി, ഇടനിലക്കാരുടെ ചൂഷണം, ഉദാരമായ ഇറക്കുമതി എന്നിവയെല്ലാം ഇന്ത്യന്‍ കര്‍ഷകരുടെ നടുവൊടിക്കുന്നതാണ്. പിടിച്ചുനില്‍ക്കാനാവാത്തവര്‍ ഗത്യന്തരമില്ലാതെ ആത്മഹത്യയില്‍ അഭയം തേടുന്നു. കര്‍ഷക ആത്മഹത്യ വലിയ വാര്‍ത്തയല്ലാതായിരിക്കുന്നു ഇന്നു ഭാരതത്തില്‍.
മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ ജനസംഖ്യയുടെ 65 ശതമാനം പേരും കൃഷിയെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. അവിടെനിന്നും നൂറുകണക്കിന് ആത്മഹത്യകളുടെ വാര്‍ത്ത നാം ഞെട്ടലോടെയാണു കേട്ടത്. കൃഷി മന്ത്രാലയം പുറത്തുവിട്ട കര്‍ഷക ആത്മഹത്യകളുടെ വിശദമായ കണക്കുകള്‍ കൂടി അറിയണം.
2019ല്‍ ഇന്ത്യയിലുടനീളം 5,945 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതില്‍ 2,680 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും 1,331 പേര്‍ കര്‍ണാടകയില്‍ നിന്നുമാണ്. 2020-ല്‍ ആന്ധ്രാപ്രദേശില്‍ 546 ആത്മഹത്യകള്‍ ഉണ്ടായപ്പോള്‍ തെലുങ്കാനയില്‍ -466, പഞ്ചാബ് -174, ഛത്തീസ്ഗഢില്‍ -227 എന്നിങ്ങനെയാണ് കര്‍ഷക ആത്മഹത്യകള്‍.
2020ല്‍ 5,570 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 2,567 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 1072 പേരാണ് ആത്മഹത്യ ചെയ്തത്.
1940 കളിലെ ഗ്രോ മോര്‍ ഗ്രോ ഫുഡ്, 1950ലെ സമഗ്ര ഭക്ഷ്യ, നാണ്യവിള ഉല്പാദന പദ്ധതി, 1968 ല്‍ തുടക്കമിട്ട ഹരിതവിപ്ലവം, 1995ലെ എവര്‍ഗ്രീന്‍ വിപ്ലവം, ധവളവിപ്ലവം എന്നിവയെല്ലാം ഇന്ത്യന്‍ കാര്‍ഷികരംഗത്തിനു കരുത്തു പകര്‍ന്നുവെന്നു പറയാതെ വയ്യ. എന്നാല്‍ തൊണ്ണൂറുകള്‍ക്കുശേഷം കാര്‍ഷികരംഗത്തേക്കും വ്യാപിച്ച ഉദാരവത്കരണ, ആഗോളീകരണ നയങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കര്‍ഷകര്‍ക്കു കണ്ണീരായെന്നുവേണം മനസ്സിലാക്കാന്‍. സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷങ്ങള്‍ കാര്‍ഷികമേഖലയ്ക്കു സമ്മാനിച്ചവയില്‍ അസമത്വത്തിന്‍റെയും അനീതിയുടെയും കഥകളാണു ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.
സ്വപ്നങ്ങളില്‍ നിന്നിറങ്ങിപ്പോയ ഇന്ത്യ
അടുത്ത നാളുകളില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ധനകാര്യ മന്ത്രിയോട് ഉന്നയിച്ച ഒരു ചോദ്യത്തിന്‍റെ ഉള്ളടക്കം, ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ സവിശേഷമായും യുവതയുടെ ജീവിതസ്വപ്നങ്ങള്‍ക്കു നിറം പകരാനുള്ള അന്തരീക്ഷമില്ലെന്നതാണ്.
എന്‍ജിനിയറിംഗ് പഠിച്ചിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് ശരാശരി 10000-14000 രൂപയാണ് പ്രതിമാസ വരുമാനം. ഇവിടെ കൂലിപ്പണിക്കു വരുന്ന അതിഥിതൊഴിലാളിക്ക് അതിലധികം ലഭിക്കുമ്പോഴാണ് ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കു ജീവിക്കാന്‍ പര്യാപ്തമായ തൊഴില്‍സാഹചര്യങ്ങള്‍ ഇല്ലാത്തത്.
ഗുണമേന്മയുള്ള അക്കാദമിക്, തൊഴില്‍ സാഹചര്യങ്ങള്‍ രൂപപ്പെടുത്താനായില്ലെങ്കില്‍, നമ്മുടെ ചെറുപ്പക്കാര്‍ മുഴുവന്‍ വിദേശത്തേക്കു ചേക്കേറും. പ്ലസ്ടു പഠിക്കുന്ന വിദ്യാര്‍ഥികളിലെ ഭൂരിഭാഗത്തിനും വിദേശത്തു പഠിക്കാനും അവിടെ ജീവിക്കാനുമാണ് ഇഷ്ടമെന്നറിയുമ്പോള്‍, നമ്മുടെ രാജ്യം ഇവിടെ ഒരുക്കാന്‍ വിട്ടുപോയതും നമുക്കിനിയും ആവാത്തതും എന്താണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
എട്ടു ലക്ഷം മുതല്‍ 45 ലക്ഷം രൂപ വരെ ബാങ്ക് വായ്പയെടുത്ത് വിദേശത്തേക്കു പോകുന്നവര്‍ തുടര്‍ജീവിതം അവിടെ ക്രമപ്പെടുത്താന്‍ ഇഷ്ടപ്പെടുന്നുവെന്നതും ഗൗരവമായ ചിന്തയ്ക്കു വിഷയമാക്കണം. കേരളവും ഇന്ത്യയും പുതിയ തലമുറയുടെ സ്വപ്നങ്ങള്‍ക്കൊപ്പം കുതിക്കാനാകാതെ കിതയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിനും 75 വര്‍ഷം പൂര്‍ത്തിയായ സ്വതന്ത്രഭാരതം ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

