എട്ടു കിലോമീറ്റർ നീളം മൂന്നര കിലോമീറ്റര്‍ വീതി; കൊച്ചിതീരത്തു പുതിയൊരു ദ്വീപ് ഉയരുന്നു.

ഇന്ന് അന്താരാഷ്ട്ര സമുദ്രദിനം. കുറച്ച്‌ വര്‍ഷങ്ങളായി ഈ ദിവസം കേരളം പറയാറുള്ളത്, കരയായിരുന്നതെല്ലാം കടലെടുക്കുന്ന പതിവ് പ്രതിഭാസത്തെ കുറിച്ചാണ്. എന്നാല്‍, ഇക്കുറി അതു തിരിച്ചും സംഭവിക്കുകയാണ്. കൊച്ചി തുറമുഖത്തിന് സമീപത്തായി കടലിനുള്ളില്‍ പുതിയൊരു ദ്വീപാണ് തെളിഞ്ഞ് വരുന്നത്.

എട്ട് കിലോമീറ്റര്‍ നീളം, മൂന്നര കിലോമീറ്റര്‍ വീതി. കടലില്‍ രൂപപ്പെട്ട മണല്‍ത്തിട്ടയുടെ വലിപ്പം കുമ്ബളങ്ങിക്കരയുടെ അഞ്ചിരട്ടിയാണ്. 2018 ഡിസംബറിലുണ്ടായ ഓഖിയ്ക്ക് ശേഷമാണിങ്ങനെയൊരു തുരുത്ത് പൊങ്ങിപ്പൊങ്ങി വരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. സാധാരണയിങ്ങനെയുണ്ടായാല്‍ അല്‍പകാലം കഴിഞ്ഞാല്‍ താനേ താണില്ലാതായിപ്പോവാറാണ് പതിവ്.

എന്നാല്‍ കൊച്ചി തുറമുഖ കവാടത്തിന് ഏഴ് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള മണല്‍ത്തുരുത്ത് 21 അടി താഴ്ചയിലേക്ക് വരെ ഉയര്‍ന്ന് വന്നതോടെയാണ് സംഗതി പന്തിയല്ലെന്ന് വ്യക്തമായത്. തിട്ടയില്‍ അടിഞ്ഞു കൂടിയ മണലിന്റെ സാംപിളെടുത്ത് പരിശോധിച്ച്‌ പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല.

മണല്‍ നിക്ഷേപം ദ്വീപായി രൂപാന്തരപ്പെടുന്നതിന്റെ സാധ്യതകള്‍ പഠിച്ച്‌ ഒരു മാസത്തിനകം റിപ്പോര്‍ട്ട് ഫിഷറീസ് വകുപ്പിന് സമര്‍പ്പിക്കും. ഒപ്പം മണല്‍നിക്ഷേപത്തിന്റെ വ്യാവസായിക സാധ്യതകളുള്‍പ്പെടെ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. അതേ സമയം ചെല്ലാനത്ത് നിന്നൂര്‍ന്ന് പോയ മണ്ണാണിങ്ങനെ അടിഞ്ഞ് കൂടിയതെന്നാണ് തീരദേശവാസികളുടെ വാദം. ആ മണ്ണ് തിരികെ തങ്ങളുടെ കരയിലിട്ട് കടലേറ്റം തടയണമെന്നാണവരുടെ ആവശ്യം. എന്തായാലും ഖനനത്തിന് പറ്റുന്ന മണല്‍ നിക്ഷേപമാണ് രൂപപ്പെട്ടതെങ്കില്‍ കോടികളുടെ ഖനന സാധ്യതകളാണ് തുറക്കപ്പെടുക.