ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഇവര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നത് തടയണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി തള്ളി.
കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രമെന്ന സംഘടന നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. സാമൂഹ്യ, സാമ്പത്തിക സ്ഥിതി കണക്കിലെടുത്താല്‍ മുസഌം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പിന്നാക്ക വിഭാഗമായി കാണാന്‍ കഴിയില്ലെന്നും പട്ടിക ജാതിയില്‍ നിന്നുള്ള പരിവര്‍ത്തിതര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
എന്നാല്‍, ഭരണഘടന, മറ്റു നിയമങ്ങള്‍, സുപ്രീം കോടതി വിധികള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിച്ചതെന്നും സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വിശദീകരിച്ചു.
ഹര്‍ജി ഏതെങ്കിലും തരത്തിലുള്ള പഠനമോ പരിശോധനകളോ നിയമപരമായ സാദ്ധ്യതകളോ വിലയിരുത്താതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. പിഴത്തുക അപൂര്‍വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി രൂപം നല്‍കിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നല്‍കണമെന്നും കോടതി വിധിച്ചു.

