മരംകൊള്ള കേസ് അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു

സംസ്ഥാനത്തെ മരംകൊള്ള കേസ് അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. ഐ.ജി സ്പര്‍ജന്‍ കുമാര്‍ മേല്‍നോട്ടം വഹിക്കും. തൃശൂര്‍, കോട്ടയം, മലപ്പുറം എസ്.പിമാര്‍ക്കാണ് അന്വേഷണ ചുമതല. കേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.

നിലവില്‍ മരംമുറി സംബന്ധിച്ച്‌ വനം വകുപ്പ് നടത്തുന്ന പ്രത്യേക അന്വേഷണത്തിന് പുറമെയാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം വകുപ്പുകളാണ് ഉന്നതതല സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക.

വിജിലന്‍സ്, വനം വകുപ്പുകളില്‍ നിന്ന് മിടുക്കരായ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ നിയോഗിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അധികം വൈകാതെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങും. അതിനുശേഷം അന്വേഷണ സംഘം യോഗം ചേര്‍ന്നായിരിക്കും തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കുക.