മരംമുറിക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെയും കരാര്‍കാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്

സര്‍ക്കാര്‍ ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന മരംമുറിക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെയും കരാര്‍കാരുടെയും ഗൂഢാലോചനയുണ്ടെന്ന് ക്രൈം ബ്രാഞ്ച്. വിവിധ പട്ടയ- വന ഭൂമിയില്‍ നിന്നും മരം മോഷ്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്‍റെ എഫ്‌ഐആറില്‍ പറയുന്നുണ്ട്. റവന്യുപ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവ് മറയാക്കിയാണ് സംഭവം നടന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തുന്നു.

പട്ടയഭൂമിയില്‍ നിന്നും രാജകീയ മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റായി വ്യാഖ്യാനിച്ച്‌ ഉദ്യോഗസ്ഥരും- കരാറുകാരും ചേര്‍ന്ന് മരം മുറിച്ചെന്നാണ് ക്രൈംബ്രാഞ്ച് കേസ്. മോഷണത്തിനും ഗൂഢാലോചനക്കുമായി ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രധാനപ്പെട്ട പരാമര്‍ശംവിവിധ പട്ടയ ഭൂമികളില്‍ നിന്നും വനം പുറമ്ബോക്ക് ഭൂമിയില്‍ നിന്നും മരംമുറിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ക്രൈംബ്രാഞ്ച് ആരംഭിച്ച കണ്‍ട്രോള്‍ റൂമില്‍ മരംമുറിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വരുന്നുണ്ട്. ബത്തേരി, മീനങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഓരോ കേസുകളും പ്രത്യേകം പരിശോധിക്കേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. മരംമുറിച്ച്‌ ഭൂമിയുടെ പട്ടയത്തിന്‍റെ സ്വഭാവം, മരംമുറിക്കാനും കടത്താനും റവന്യൂ- വനം ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതി തുടങ്ങി ഓരോന്നും പരിശോധിച്ചാല്‍ മാത്രമേ ക്രമക്കേട് വ്യക്തമാവുകയള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നും തൃശൂരില്‍ യോഗം ചേര്‍ന്നു. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വ്യാപകമാക്കാനാണ് തീരുമാനം. അതിനിടെ ഉത്തരവിറക്കിയതില്‍ ഒരു തെറ്റും ഇല്ലെന്ന് റവന്യു മന്ത്രി ആവര്‍ത്തിച്ചു