ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപത ബാലാരിഷ്ടതകൾ മറികടന്ന് യുവത്വത്തിന്റെ പ്രസരിപ്പോടെ 20-ാം പിറന്നാളിൽ! ഒന്നുമില്ലായ്മയിൽനിന്ന് ദൈവാശ്രയബോധത്തോടെ വളർച്ചയുടെ പടവുകളിലേക്ക് രൂപതയെ നയിക്കുന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെ 20-ാം വാർഷികവുമാണിത്. ഈ ധന്യനിമിഷം കൃതജ്ഞതാഭരിതമാക്കാൻ കുടുംബവർഷാചരണത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു ചിക്കാഗോ സെന്റ് തോമസ് രൂപതയിലെ വിശ്വാസീസമൂഹം. 2021 ജൂലൈ ഒന്നുമുതൽ 2022 ജൂൺ 30വരെയാണ് രൂപതയിൽ കുടുംബവർഷാചരണം.
കുടുംബജീവിതക്കാർക്കായി ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക തിരുവെഴുത്തായ ‘അമോരിസ് ലെത്തീസ്യ’യുടെ (ജോയ് ഓഫ് ലൗ) അഞ്ചാം പിറന്നാളിനോട് അനുബന്ധിച്ചുകൂടിയാണ് ചിക്കാഗോ രൂപതയിലെ കുടുംബവർഷാചരണം. 20-ാം പിറന്നാളിനോട് അനുബന്ധിച്ച് ബെൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ മാർ അങ്ങാടിയത്തിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ബലിക്കുശേഷമായിരുന്നു രൂപതാതല ഉദ്ഘാടനം. ‘അമോരിസ് ലത്തീസ്യ’യെ കുറിച്ചുള്ള പ~നം ഓരോ കുടുംബത്തിലും പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച വർഷാചരണത്തിൽ ഇടവകതലത്തിലാണ് കാര്യപരിപാടികൾ ക്രമീകരിക്കുന്നത്.
മികച്ച ജീവിതസാഹചര്യങ്ങൾതേടി അമേരിക്കയിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗങ്ങളെ ഒരുമിച്ച് ചേർക്കുക, അവർക്ക് തനത് ആരാധനക്രമത്തിൽ വളരാൻ സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളുമായി 2001 ജൂലൈ ഒന്നിനാണ് ചിക്കാഗോ കേന്ദ്രീകരിച്ച് സെന്റ് തോമസ് രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടത്. അന്നേ ദിനംതന്നെയായിരുന്നു മാർ അങ്ങാടിയത്തിന്റെ മെത്രാഭിഷേകവും. ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപത എന്നതിനപ്പുറം ഭൂവിസ്തൃതിയിൽ ഏറ്റവും വലുപ്പമുള്ള രൂപത എന്ന ഖ്യാതികൂടിയുണ്ട് ചിക്കാഗോ രൂപതയ്ക്ക്. 50 സംസ്ഥാനങ്ങളുള്ള അമേരിക്കൻ ഐക്യനാടുകൾ മുഴുവനുമാണ് ചിക്കാഗോ രൂപതയുടെ അധികാര പരിധി.
രണ്ട് ഇടവകകളും ആറ് മിഷൻ കേന്ദ്രങ്ങളും എട്ട് വൈദികരും- ഇതായിരുന്നു ആരംഭത്തിൽ രൂപതയുടെ ഘടന. പ്രതിബന്ധങ്ങളും വെല്ലുവിളികളും ആവോളം ഉണ്ടായെങ്കിലും ദൈവപദ്ധതിയുടെ പൂർത്തീകരണത്തിനായി ഇടയനൊപ്പം ഒരു സമൂഹം ഒന്നടങ്കം അണിചേർന്നപ്പോൾ അത്ഭുതാവഹമായ വളർച്ചയാണ് അമേരിക്കയിലെ സീറോ മലബാർ സമൂഹം കൈവരിക്കുന്നത്. ഇടവകകളുടെ എണ്ണം രണ്ടിൽനിന്ന് 49 ആയി, മിഷൻ കേന്ദ്രങ്ങൾ ആറിൽനിന്ന് 36 ആയി. 14 ഫെറോനകളിലായി 90,000ൽപ്പരം അംഗങ്ങളുള്ള രൂപതയിൽ ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത് 75 വൈദികരാണ്. 10,000ൽ കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി 2800ൽപ്പരം അധ്യാപകർ ശുശ്രൂഷചെയ്യുന്നു.
‘ദൈവം സമൃദ്ധമായി രൂപതയെ അനുഗ്രഹിച്ച നാളുകളായിരുന്നു ഇത്. വൈദികരുടെ ശുശ്രൂഷയ്ക്കും സമർപ്പിതരുടെ നിരന്തര പ്രാർത്ഥനയ്ക്കും വിശ്വാസീസമൂഹത്തിന്റെ സർവവിധ പിന്തുണയ്ക്കും ദൈവം നൽകിയ പ്രതിഫലമാണിത്. രൂപതയ്ക്ക് സഹായ മെത്രാനെ ലഭിച്ചു, രൂപതയിലെ പുതുതലമുറയിൽനിന്ന് അഞ്ച് പുരോഹിതരെ ലഭിച്ചു. ഏഴു പേർ വൈദിക പരിശീലനം നടത്തുന്നു, സമർപ്പിത വിളികളും വർദ്ധിക്കുന്നു. വിവിധ സഭകളിൽനിന്നുള്ള നിരവധി കന്യാസ്ത്രീകൾ രൂപതയുടെ ശുശ്രൂഷാരംഗങ്ങളിൽ വ്യാപൃതരാണിപ്പോൾ,’ മാർ അങ്ങാടിയത്ത് പറഞ്ഞു.
1960കളുടെ അവസാനത്തിൽ അമേരിക്കയിലേക്ക് ആരംഭിച്ച സീറോ മലബാർ കുടിയേറ്റം 1980കളോടെ കൂടുതൽ വ്യാപകമായി. ആദ്യ നാളുകളിൽ, കേരളത്തിൽനിന്ന് കുടിയേറിയ ഇതര സഭാ വിഭാഗങ്ങൾ കൂടിച്ചേർന്ന് രൂപീകരിച്ച കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു ആത്മീയ ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്. ഉന്നത പഠനത്തിനായി അവിടെയെത്തിയ വൈദികരുടെ കാർമികത്വത്തിൽ മാസങ്ങൾ കൂടുമ്പോഴായിരുന്നു മലയാളം ദിവ്യബലി. പിന്നീട്, വിവിധ സ്ഥലങ്ങളിൽ സീറോ മലബാർ കൂട്ടായ്മകൾ രൂപീകൃതമായതോടെയാണ് തനത് രൂപത എന്ന ആഗ്രഹം നാമ്പിട്ടത്.
കുടിയേറ്റക്കാരുടെ അജപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രൂപീകൃതമായ കമ്മീഷൻ അധ്യക്ഷനും നോർത്ത് അമേരിക്കയിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേറ്ററുമായ മാർ ഗ്രിഗറി കരോട്ടെബ്രേൽ 1996ൽ നടത്തിയ അമേരിക്കൻ പര്യടനമാണ് ഇക്കാര്യത്തിൽ നിർണായകമായത്. വിവിധ സ്ഥലങ്ങളിലെ കൂട്ടായ്മകളെ സന്ദർശിച്ചും വിശദമായ പഠനം നടത്തിയും പരിശുദ്ധ പിതാവിനും പൗരസ്ത്യ തിരുസംഘത്തിനും അദ്ദേഹം റിപ്പോർട്ടുകൾ അയച്ചു. 1998ൽ അന്ന് സീറോ മലബാർ സഭയുടെ അഡ്മിനിസ്‌ട്രേറ്റരായിരുന്ന (പിന്നീട് മേജർ ആർച്ച്ബിഷപ്പ്) കർദിനാൾ മാർ വർക്കി വിതയത്തിൽ നടത്തിയ പര്യടനത്തോടെ സ്വന്തം രൂപത എന്ന സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക് നീങ്ങി.
1999ൽ ഫിലാഡൽഫിയയിൽ സമ്മേളിച്ച സീറോ മലബാർ കൺവെൻഷനോടെ ആ സ്വപ്‌നം യാഥാർത്ഥ്യത്തിന്റെ തൊട്ടടുത്തെത്തി. വർഷങ്ങൾ നീണ്ട പ്രാർത്ഥനയ്ക്കുള്ള ഉത്തരമെന്നോണം, വിശ്വാസീസമൂഹം കാത്തുകാത്തിരുന്ന ആ പ്രഖ്യാപനം 2011 മാർച്ച് 13നാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയത്. 1984 മുതൽ അമേരിക്കൻ ശുശ്രൂഷകളിൽ വ്യാപൃതനായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തിനെ ഇടയനായി നിയോഗിക്കുകയും ചെയ്തു പാപ്പ. മൂന്ന് മാസങ്ങൾക്കപ്പുറം ജൂലൈ ഒന്നിനായിരുന്നു രൂപതയുടെ ഉദ്ഘാടനം. കാനഡയിലെ മിസിസാഗ കേന്ദ്രീകരിച്ച് 2015ൽ ഏക്‌സാർക്കേറ്റ് സ്ഥാപിതമാകുംവരെ കാനഡയുടെ അപ്പസ്‌തോലിക് വിസിറ്റേറ്റർ കൂടിയായിരുന്നു മാർ അങ്ങാടിയത്ത്.

