ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ അന്തരിച്ചു.

ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ (75) അന്തരിച്ചു. അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെയാണ് ബാവ കാലംചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതി മോശമായിരുന്ന ബാവയുടെ ചികിത്സ വെന്‍റിലേറ്ററിലായിരുന്നു തുടര്‍ന്നിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.35 നാണ് അദ്ദേഹം കാലം ചെയ്തത്.

മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടത്തുക.

തൃശൂര്‍ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെഐ ഐപ്പിന്‍റെയും കുഞ്ഞീറ്റയുടേയും മകനായി 1946 ഓഗസ്റ്റ് 30-നാണ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ജനനം. തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്ന് ബിഎസ് സിയും കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് എംഎയും കരസ്ഥമാക്കിയ അദ്ദേഹം 1973-ലാണ് ശെമ്മാശപ്പട്ടവും വൈദീകപ്പട്ടവും നേടുന്നത്.

പിന്നീട് സഭയുടെ നേതൃത്വത്തിലേക്ക് പടിപടിയായി ഉയര്‍ന്ന അദ്ദേഹം 2010 നവംബര്‍ ഒന്നിന് ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് സഭാധ്യക്ഷനായി. ലോകമെമ്ബാടുമുള്ള മുപ്പത് ലക്ഷം വരുന്ന ഓര്‍ത്തഡോക്സ് സമൂഹത്തിന്‍റെ മെത്രാപ്പൊലീത്തയും കാതോലിക്കയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍.

സഭാധ്യക്ഷ സ്ഥാനം ഏറ്റെടുത്ത കാലം മുതല്‍ വലിയ ബാവ നേരിട്ട പ്രധാന വെല്ലുവിളി ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കമായിരുന്നു. സഭാ തര്‍ക്കത്തില്‍ സഭയുടെ നിലപാടുകള്‍ പൊതുസമൂഹത്തില്‍ ശക്തമായി അവതരിപ്പിക്കാനും പിന്തുണ നേടാനും ബാവ നിരന്തരം പ്രയത്നിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധികിട്ടിയിട്ടും പള്ളി ഏറ്റെടുത്ത് നല്‍കാത്ത സര്ക്കാരുകളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു.

സഭയ്ക്ക് നീതി കിട്ടിയില്ലെന്ന് തോന്നിയാല്‍ ഇടത് – വലത് വ്യത്യാസമില്ലാതെ അദ്ദേഹം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പിന്തുണ തേടി ദേവലോകത്ത് എത്തുന്ന രാഷ്ട്രീയക്കാരോടെല്ലാം സഭ നേരിടുന്ന അനീതികളെക്കുറിച്ച്‌ ബാവ പരാതിപ്പെടും. സഭയോട് അനീതി കാട്ടിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ നിലപാടെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുമായിരുന്നു. സഭയില്‍ ഭിന്നതയും തര്‍ക്കങ്ങളുമില്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച ബാവ തന്‍്റെ ഏത് പ്രസംഗത്തിലും സഭാ ഐക്യം ഊട്ടിയുറപ്പിക്കുന്നതും സഭയോടുള്ള അനീതിയെ തുറന്ന് കാട്ടുന്നതുമായ സന്ദേശം നല്‍കുമായിരുന്നു.

2019 ഡിസംബറിലാണ് ബാവയ്ക്ക് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. പിന്നീട് വിദേശത്തും മറ്റുമായി ചികിത്സയ്ക്കായി നിരവധി യാത്രകള്‍ അദ്ദേഹം നടത്തി. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ഒരു വര്‍ഷമായി സഭയുടെ നിയന്ത്രണത്തിലുള്ള പരുമല ആശുപത്രിയിലായിരുന്നു ബാവയുടെ താമസം. തന്‍്റെ ആരോഗ്യനില മോശമായതിനാല്‍ പിന്‍ഗാമിയെ കണ്ടെത്താന്‍ സഭയുടെ കഴിഞ്ഞ സിനഡില്‍ ബാവ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ബാവയുടെ വിയോഗം.