നോബിള്‍ തോമസ് പാറയ്ക്കല്‍
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫ് സാറിനെ മനുഷ്യത്വരഹിതമായി ആക്രമിക്കുകയും മനഃസാക്ഷി മരവിക്കുംവിധം അദ്ദേഹത്തിന്‍റെ കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്ത കിരാതസംഭവത്തിന് കേരളം സാക്ഷിയായിട്ട് അധികവര്‍ഷങ്ങളായിട്ടില്ല. ലോകമൊന്നാകെ അപലപിച്ച കിരാതകൃത്യത്തിന് ഒരു ദശകത്തോളം പ്രായമാകുമ്പോളും കോളേജ് മാനേജ്മെന്‍റ് അദ്ദേഹത്തിനെതിരേ കൈക്കൊണ്ട നടപടിക്രമങ്ങളുടെ പേരില്‍ കത്തോലിക്കാസഭയൊന്നാകെ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും ഇന്നും ആക്ഷേപിക്കപ്പെടുകയാണ്. പലരും യാഥാര്‍ത്ഥ്യങ്ങളറിയാതെയും ചിലര്‍ കോളേജ് മാനേജ്മെന്‍റിന്‍റെ തീരുമാനത്തിന്‍റെ പശ്ചാത്തലമറിയാതെയും യാഥാര്‍ത്ഥ്യങ്ങളറിയാവുന്ന കുറേപ്പേര്‍ കത്തോലിക്കാസഭക്കെതിരെ ആരോപണമുന്നയിക്കാനുള്ള ഒരു വഴിയായിക്കണ്ടുമാണ് ഈ വിഷയം ഉന്നയിക്കാറുള്ളത്. സഭ പ്രൊഫ. ടി.ജെ. ജോസഫിനോട് അനീതി പ്രവര്‍ത്തിച്ചുവെന്നതാണ് ഏവരുടെയും ആരോപണം. ആരോപണങ്ങളെ ആരോപണങ്ങളായും യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായും അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ലേഖനം.
പശ്ചാത്തലം
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്നു പ്രൊഫ. ടി.ജെ. ജോസഫ് സാര്‍. 2010 മാര്‍ച്ച് മാസത്തില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷക്ക് നല്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യമാണ് എല്ലാത്തിനും ആരംഭം കുറിക്കുന്നത്. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മലയാള സിനിമാസംവിധായകനായ ശ്രീ പി.ടി. കുഞ്ഞുമുഹമ്മദ് രചിച്ച തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഏതാനും വരികളാണ് പാഠഭേദം വരുത്തി ചോദ്യപേപ്പറില്‍ ഉചിതമായ അടയാളങ്ങളിടാനായി നല്കിയിരുന്നത്. തിരക്കഥയുടെ രീതിശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ ‘ഗര്‍ഷോം’ (1999) എന്ന തന്‍റെ ചിത്രത്തിലെ ഒരു രംഗം വിവരിക്കുന്നുണ്ട്. ഗര്‍ഷോമിലെ കഥാപാത്രമായ മുരളി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഒരു വിദേശഇന്ത്യക്കാരനാണ്. മുരളിയായി കുഞ്ഞുമുഹമ്മദ് അവതരിപ്പിക്കുന്നതാകട്ടെ താന്‍ വഴിയരികില്‍ കണ്ടുമുട്ടിയ മതിഭ്രമമുള്ള ഒരു മനുഷ്യനെയാണ്. മതിഭ്രമം ബാധിച്ച ഈ മനുഷ്യന്‍ ദൈവത്തോട് നടത്തുന്ന സംഭാഷണമാണ് തന്‍റെ കഥാപാത്രമായ മുരളിയിലൂടെ ശ്രീ കുഞ്ഞുമുഹമ്മദ് ആവിഷ്കരിച്ചത്.
എന്നാല്‍ ചോദ്യപേപ്പറിലേക്ക് പകര്‍ത്തിയെഴുതിയ ഭാഗത്ത് ശ്രീ കുഞ്ഞുമുഹമ്മദിനെ തന്നെ മുരളിയുടെ സ്ഥാനത്ത് സങ്കല്പിച്ചുകൊണ്ട് ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണത്തെ മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണമായാണ് പ്രൊഫ. ജോസഫ് അവതരിപ്പിച്ചത്. ഈ ഭാഗത്തെ പിന്നീട് ദൈവവും പ്രവാചകനായ മുഹമ്മദും തമ്മിലുള്ള സംഭാഷണമായി ദുര്‍വ്യാഖ്യാനം ചെയ്തിടത്തുനിന്നാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. മുഹമ്മദിന്‍റെ ചോദ്യങ്ങള്‍ക്ക് ഒരു വിശ്വാസിയുടെ യാഥാസ്ഥിതികദൈവസങ്കല്പത്തിന് ഒട്ടും അനുയോജ്യമല്ലാത്ത പദപ്രയോഗങ്ങളാണ് ദൈവത്തിന്‍റേതായി പ്രസ്തുത പാഠഭാഗം അവതരിപ്പിക്കുന്നത്. എന്നാല്‍ കലയെയും സാഹിത്യത്തെയും അതിന്‍റേതായ കാഴ്ചപ്പാടിലൂടെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്ന നിഷ്പക്ഷമതികള്‍ക്ക് അതില്‍ തെറ്റുകണ്ടെത്താനാവില്ല എന്നതും സത്യമാണ്.
പ്രസ്തുത ചോദ്യപേപ്പറില്‍ ദൈവദൂഷണമെന്ന കുറ്റം ആരോപിച്ച് മാധ്യമം ദിനപ്പത്രം പ്രാദേശികവാര്‍ത്താപേജില്‍ പ്രസിദ്ധീകരിച്ചതോടെ മതവികാരം കാട്ടുതീപോലെ പടര്‍ന്നകയറിവ്രണപ്പെട്ടുകൊണ്ടിരുന്നു. ഒരു ക്ലാസ്സിലെ കുട്ടികള്‍ക്ക് പരീക്ഷക്ക് ഇട്ട ചോദ്യമാണെന്നോ അതില്‍ പരാമര്‍ശിക്കപ്പെട്ട മുഹമ്മദ് പ്രവാചകന്‍ മുഹമ്മദ് അല്ലെന്നോ ഒന്നും ചിന്തിക്കാനുള്ള സാവധാനമോ സാവകാശമോ കാണിക്കാതെ വ്യാഖ്യാനങ്ങള്‍ ചമക്കപ്പെട്ടുകൊണ്ടേയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനമായ ക്യാംപസ് ഫ്രണ്ട് പ്രൊഫസര്‍ക്കെതിരേ പ്രകടനം നടത്തി. കോണ്‍ഗ്രസിന്‍റെയും മുസ്ലീം ലീഗിന്‍റേയും വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും പ്രതിഷേധപ്രകടനവുമായി കോളേജിലെത്തി. ചോദ്യപേപ്പറിന്‍റെ ഭാഗങ്ങള്‍ പലയിടങ്ങളിലും വിതരണം ചെയ്യപ്പെടുകയും പ്രതിഷേധപ്രകടനങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു.
പ്രതിഷേധപ്രകടനങ്ങളും മറ്റും വഴിതെറ്റുന്ന അവസ്ഥയിലേക്കെത്തുകയും കോളേജിന്‍റെ അനുദിനപ്രവര്‍ത്തനങ്ങള്‍ നിരന്തരമായി തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കളക്ടര്‍ സര്‍വ്വകക്ഷിസമ്മേളനം വിളിക്കുകയും മതവിദ്വേഷം പ്രചരിപ്പിക്കുവിധത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകനെതിരേ നടപടി സ്വീകരിക്കാന്‍ കോളേജ് മാനേജ്മെന്‍റിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമം 295 പ്രകാരം മതനിന്ദ ചുമത്തി കേസെടുത്ത പോലീസ് ഒരാഴ്ചത്തെ അന്വേഷണത്തിന് ശേഷം പ്രൊഫ. ടി.ജെ. ജോസഫിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ രൂക്ഷമാവുകയും പോലീസ് അറസ്റ്റ് സംഭവിക്കുകയും കോളേജിന്‍റെ സമാധാനപരമായ നടത്തിപ്പിന് കൂടുതല്‍ ഭീഷണികളുയരുകയും ചെയ്ത സാഹചര്യത്തില്‍ കോളേജ് മാനേജ്മെന്‍റ് പ്രൊഫ. ടി.ജെ. ജോസഫിനെ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്യുകയും തങ്ങളുടെ കോളേജിലെ ഒരു അദ്ധ്യാപകന്‍റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയെപ്രതി പൊതുമാദ്ധ്യമങ്ങളിലൂടെ മാപ്പുചോദിക്കുകയും ചെയ്തു. കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ കോളേജ് മാനേജ്മെന്‍റ് ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു.
കൈവെട്ടിയ ക്രൂരത
പ്രാരംഭസംഭവങ്ങള്‍ക്കും പ്രതിഷേധപ്രകടനങ്ങള്‍ക്കും ശേഷം മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഏവരെയും ഞടുക്കുന്ന രീതിയില്‍ പ്രൊഫസര്‍ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. 2010 ജൂലൈ 4 പ്രഭാതത്തില്‍ അമ്മയോടും സഹോദരിയോടുമൊപ്പം ദേവാലയത്തിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തെ എട്ടംഗസംഘം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സ്ഫോടകവസ്തുക്കള്‍ വലിച്ചെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചശേഷം പ്രൊഫസറെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയും അദ്ദേഹത്തിന്‍റെ വലതുകരം ഛേദിച്ച് വലിച്ചെറിയുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ഇറങ്ങാനാവാതെ നിന്ന അമ്മയും സഹോദരിയും എല്ലാത്തിനും സാക്ഷിയായിരുന്നു. പോലീസ് റിപ്പോര്‍ട്ടനുസരിച്ച് പ്രൊഫസറെ ആക്രമിച്ചത് എട്ടംഗസംഘമാണ്. പോലീസ് ഏവരെയും തിരിച്ചറിയുകയും കേസെടുക്കുകയും ചെയ്തതും അതിന്‍റെ വിധി വന്നതുമെല്ലാം നാം മാധ്യമങ്ങളില്‍ വായിച്ചതാണല്ലോ.
സംഭവം നടന്ന ഉടനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച പ്രൊഫസര്‍ ടി.ജെ ജോസഫ് 16 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാവുകയും അതുവഴിയായി മുറിച്ചുമാറ്റിയ കൈ വീണ്ടും തുന്നിപ്പിടിപ്പിക്കുകയും ചെയ്തു. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ ആ ക്രൂരതയെ അദ്ദേഹം അപലപിച്ചു. എങ്കിലും അക്രമികളോട് ക്ഷമിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം പ്രതികരിച്ചത്.
കമ്മീഷന്‍ കണ്ടെത്തലും നടപടികളും
ജോസഫ് സാര്‍ ആക്രമിക്കപ്പെടുകയും മറ്റും ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് നല്കിയിരുന്ന സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ യൂണിവേഴ്സിറ്റി തലത്തില്‍ തീരുമാനമായി. എങ്കിലും കോളേജ് മാനേജ്മെന്‍റ് നിയമിച്ചിരുന്ന അന്വേഷണക്കമ്മീഷന്‍റെ കണ്ടെത്തലുകള്‍ ജോസഫ് സാറിനെതിരായിരുന്നു. ചോദ്യപേപ്പര്‍ മനഃപൂര്‍വ്വം തന്നെ രൂപപ്പെടുത്തിയതാണെന്നും വിവാദമായ ഭാഗത്തുണ്ടായേക്കാവുന്ന പ്രശ്നം ചൂണ്ടിക്കാണിച്ച ഡിറ്റിപി ഓപ്പറേറ്ററുടെ നിര്‍ദ്ദേശം അവഗണിച്ചുവെന്നതും അന്വേഷണക്കമ്മീഷന്‍ ഗൗരവമായി പരിഗണിച്ചു. ഒരു സമുദായത്തിന്‍റെ മതവികാരം വ്രണപ്പെട്ടുവെന്ന് ആരോപിക്കപ്പെടുകയും വളരെയേറെ ദിവസങ്ങള്‍ സ്ഥാപനം അടച്ചിടേണ്ടിവരികയും വലിയ ഭീഷണികള്‍ മാനേജ്മെന്‍റ് തന്നെ അഭിമുഖീകരിക്കേണ്ടിവരികയും ചെയ്ത സാഹചര്യങ്ങളുണ്ടായിട്ടും തനിക്ക് പറ്റിയത് തെറ്റാണെന്ന് അംഗീകരിക്കാനോ ഒരുവാക്കെങ്കിലും മാപ്പുപറയാനോ പ്രൊഫസര്‍ തയ്യാറാകാതിരുന്നതും, കുറ്റം നടന്നുവെന്നത് തെളിയിക്കപ്പെട്ടതും ഒപ്പം സ്ഥാപനവും സ്ഥാപനത്തിലെ ജീവനക്കാരും ജോസഫ് സാര്‍ അഭിമുഖീകരിച്ചതിന് തുല്യമായ ഭീഷണികള്‍ നേരിടേണ്ടി വരുന്നതും പരിഗണിച്ച് 2010 സെപ്തംബര്‍ 4-ന് കോളേജ് മാനേജ്മെന്‍റ് ജോസഫ് സാറിനെ ജോലിയില്‍ നിന്നും നീക്കം ചെയ്തു. കത്തോലിക്കാസഭയുടെ സ്ഥാപനമായിരുന്ന ന്യൂമാന്‍ കോളേജ് മാനേജ്മെന്‍റിന്‍റെ തീരുമാനത്തിനെതിരേ കത്തോലിക്കാസഭയില്‍ത്തന്നെ വ്യത്യസ്തഅഭിപ്രായങ്ങളുയര്‍ന്നു. എന്നാല്‍ സ്ഥാപനവും സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മറ്റാര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലാത്തതിനാലും പിരിച്ചുവിടലിലേക്ക് നയിച്ച മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണെന്ന് തോന്നിയതിനാലും സാവകാശം പ്രതിഷേധപ്രകടനങ്ങള്‍ അവസാനിച്ചു. മാനേജ്മെന്‍റ് തീരുമാനത്തിനെതിരേ യൂണിവേഴ്സിറ്റി തന്നെ കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായി. നിരവധി പ്രതിഷേധങ്ങള്‍ പല തലങ്ങളില്‍ നിന്ന് പ്രസ്തുത തീരുമാനത്തെപ്രതി മാനേജ്മെന്‍റിന് നേരിടേണ്ടതായും വന്നു. തനിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് മാനേജ്മെന്‍റ് നല്കിയതെന്നും അത് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജോസഫ് സാര്‍ പ്രതികരിച്ചു.
കോളേജ് മാനേജ്മെന്‍റിന്‍റെ നടപടികളെ ക്രൂരതയായിക്കണ്ട് അപലപിക്കുകയും ആ തീരുമാനത്തിനെതിരേ പ്രതിഷേധിക്കുകയും ചെയ്തവര്‍ നിരവധിയായിരുന്നു. എന്നാല്‍ നടപടിയെ ഉചിതമായിക്കണ്ടവരും കുറവല്ല. ഒരു ധാര്‍മ്മികപ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതില്‍ ഒരു സ്ഥാപനം പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ പലതാണ്. അവയെല്ലാം തന്നെ ഒരു പൊതുസമൂഹത്തിന്‍റെ മനസാക്ഷിയോട് അതേവിധത്തില്‍ സംവദിച്ചുകൊള്ളണമെന്നും നിര്‍ബന്ധമില്ല. സാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് ക്രിസ്തീയതയുടെ സ്നേഹജീവിതത്തിനും ക്രിസ്തുപ്രഘോഷിച്ച കാരുണ്യത്തിനും നിരക്കുന്നതാണോയെന്ന് ചോദിച്ചവര്‍ നിരവധിയാണ്. എന്നാല്‍ സത്യവും നീതിയും കാരുണ്യവും സ്നേഹവും എല്ലാമടങ്ങുന്ന നന്മയുടെ വളര്‍ത്തുനിലമായിത്തീരേണ്ട ഒരു കലാലയം നാളുകളോളം അനുഭവിച്ച പ്രതിസന്ധികളെയും അതിനു കാരണമായിത്തീര്‍ന്ന സംഭവവികാസങ്ങളെയും പുറത്തുള്ളവര്‍ മറന്നാലും ആ സ്ഥാപനത്തിന് മറക്കാനാകുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. നടപടികളെക്കുറിച്ച് വ്യക്തമായ ന്യായീകരണം മാനേജ്മെന്‍റിനും നടപടി ശരിയായില്ലെന്നതിനുള്ള കാരണങ്ങള്‍ മറുഭാഗത്തിനും ഉള്ളപ്പോള്‍ രണ്ടും അനുഭാവപൂര്‍വ്വം ശ്രവിക്കാന്‍ നിഷ്പക്ഷമതികള്‍ക്ക് സാധിക്കേണ്ടതുണ്ട്. അവിടെ മാത്രമേ സത്യത്തിന് വിജയമുണ്ടാവുകയുള്ളൂ.
നടപടിക്രമങ്ങളില്‍ നിന്ന് വിമുക്തനാകുന്ന പ്രൊഫ. ടി. ജെ. ജോസഫ്.
കേരളത്തിന്‍റെ സമീപകാലചരിത്രത്തില്‍ ഇരുണ്ട താളുകളില്‍ രേഖപ്പെടുത്തപ്പെട്ട പ്രൊഫ. ടി. ജെ. ജോസഫിന്‍റെ സഹനജീവിതത്തിലെ സുപ്രധാനമായ ഒരേടായിരുന്നു 2013 നവംബര്‍ 13-ലെ കോടതിവിധി. ബഹുമാനപ്പെട്ട കോടതി അദ്ദേഹത്തിനെതിരെയുള്ള എല്ലാ കുറ്റാരോപണങ്ങളില്‍ നിന്നും അദ്ദേഹത്തെ മുക്തനാക്കി പ്രഖ്യാപിച്ചു. കോടതിയില്‍ കുറ്റവിമുക്തനായ സാഹചര്യത്തിലും അദ്ദേഹത്തിന്‍റെ ജീവിതസാഹചര്യങ്ങളും മറ്റും കണക്കിലെടുത്തും മാനുഷികമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ കോളേജ് മാനേജ്മെന്‍റ് അദ്ദേഹത്തെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പക്കാന്‍ തീരുമാനിച്ചു. ഒരുപക്ഷേ, ശിക്ഷാനടപടികള്‍ക്ക് വിധേയനായ ഒരു വ്യക്തിയെ ഇപ്രകാരം നിരുപാധികം തിരിച്ചെടുക്കുന്നതു തന്നെ ആദ്യസംഭവമായിരിക്കാം. ഗവണ്മെന്‍റിന്‍റെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും അംഗീകാരത്തോടുകൂടി 2014 മാര്‍ച്ച് 29-ന് അദ്ദേഹം ന്യൂമാന്‍ കോളേജില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ കോളേജ് മാനേജര്‍ ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് അദ്ദേഹത്തെ കോളേജില്‍ സ്വീകരിച്ചു. വൈകുന്നേരം വരെ കോളേജില്‍ ചിലവഴിച്ച് അദ്ദേഹം മടങ്ങിപ്പോവുകയും ചെയ്തു.
2014 മാര്‍ച്ച് 31-നായിരുന്നു അദ്ദേഹത്തിന്‍റെ വിരമിക്കല്‍ തിയതി. വിരമിക്കുന്നതിനു തൊട്ടുമുമ്പ് തന്നെ ജോലിയില്‍ പുനഃപ്രവേശിക്കാന്‍ അനുവാദം നല്കിയതിനാല്‍ ജോലിയില്‍ നിന്ന് പിരിയുമ്പോഴുള്ള ആനുകൂല്യങ്ങളും പെന്‍ഷനും അദ്ദേഹത്തിന് ലഭ്യമാവുകയും ചെയ്തു. ജോലിയില്‍ തിരിച്ചെടുത്തത് അദ്ദേഹത്തിന്‍റെ ഭാര്യയുടെ മരണമടക്കുമുള്ള പല കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മാനുഷികമായ പരിഗണനകള്‍ നല്കിയാണെന്ന് പറയുന്ന കോളേജ് മാനേജ്മെന്‍റ് ഈ തീരുമാനത്തിനു മുകളില്‍ ബാഹ്യമായ യാതൊരു സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടില്ലായെന്ന് സമ്മതിക്കുന്നുമുണ്ട്. ആരുടെയെങ്കിലുമൊക്കെ ഇടപെടലുകളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മാനേജ്മെന്‍റിനെ കൊണ്ടുചെന്നെത്തിച്ചത് എന്ന് ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ തികച്ചും വ്യാജപ്രചരമാണ് നടത്തുന്നതും.
കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി എന്നത് സത്യമാണെങ്കിലും, കോളേജിലേക്ക് അദ്ദേഹത്തെ പുനഃപ്രവേശിപ്പിക്കുമ്പോള്‍ മാനേജ്മെന്‍റ് അദ്ദേഹത്തിലൂടെ സംഭവിച്ച മാനനഷ്ടത്തെയും കോളേജിനുണ്ടായ ദുഷ്കീര്‍ത്തിയെയും പരാമര്‍ശവിഷയമാക്കുന്നുണ്ട്. വ്യത്യസ്തമതവിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു കലാലയത്തില്‍ അവര്‍ക്ക് പരിശീലനം നല്കുകയും അറിവുപകരുകയും ചെയ്യേണ്ട അദ്ധ്യാപകര്‍ പുലര്‍ത്തേണ്ട ശ്രദ്ധയും നിഷ്ഠയും എത്രഗൗരവാവഹമാണ് എന്ന് കോതമംഗലം രൂപതാദ്ധ്യക്ഷന്‍ പുറപ്പെടുവിച്ച കത്ത് വ്യക്തമാക്കുന്നുണ്ട്.
ജോസഫ് സാറിന്‍റെ ജീവിതത്തില്‍ സംഭവിച്ചതിനെല്ലാം പിന്നില്‍ സഭയാണെന്ന ആരോപണം അതിശക്തമായി രൂപപ്പെടുത്തിയെടുക്കുന്നതിന് പിന്നില്‍ നിക്ഷിപ്തതാത്പര്യങ്ങളുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ നിയമത്തിന്‍റെയും ഒരു കലാലയത്തിന്‍റെ അച്ചടക്കമുള്ള അന്തരീക്ഷത്തിന്‍റെയും പശ്ചാത്തലത്തില്‍ വായിക്കാനും വ്യാഖ്യാനിക്കാനും ആരും തയ്യാറാകുന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സമാപനം
തികച്ചും അനിഷ്ടകരവും പൊതുജനവികാരം ഭീകരമായി ഉണര്‍ത്തപ്പെടുകയും ചെയ്യുന്ന സംഭവവികാസങ്ങളുണ്ടാവുകയും അതിനെത്തുടര്‍ന്ന് അതിന് കാരണക്കാരനായ വ്യക്തി തികച്ചും നൈയ്യാമികമായ നടപടിക്രമങ്ങള്‍ നേരിടുകയും നിയമത്തിന്‍റെ ദൃഷ്ടിയില്‍ നീതിപൂര്‍വ്വകമായ ശിക്ഷക്ക് വിധേയനാവുകയും ചെയ്തു എന്നതാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറുടെ വിഷയത്തില്‍ സംഭവിച്ചിരിക്കുന്നത്. കുറ്റം ചെയ്തയാള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കപ്പെടണമെന്നത് ഏതൊരു സംവിധാനത്തിന്‍റെയും അച്ചടക്കത്തിലുള്ള നിലനില്പിന് അനിവാര്യമാണ്. എന്നാല്‍ നടപടികള്‍ സ്വീകരിച്ചത് കത്തോലിക്കാസഭയുടെ സംവിധാനമാകയാല്‍ മാത്രം അത്തരം നടപടികളെ ഏകപക്ഷിയമായി ആക്രമിക്കുകയാണ് പലരും ചെയ്തിരിക്കുന്നത്. സമീപകാലത്ത് തിരുസ്സഭയോട് സമൂഹത്തില്‍ – പലരുടെയും സഭാവിരുദ്ധമായ കുത്സിതപ്രവര്‍ത്തനങ്ങളുടെ ഫലമായി – രൂപപ്പെട്ടിരിക്കുന്ന എതിര്‍മനോഭാവത്തിന്‍റെ ബഹിര്‍സ്ഫുരണമാണ് ഇത്തരം ആരോപണങ്ങളില്‍ത്തെളിയുന്നത്. എന്നാല്‍ മാനേജ്മെന്‍റിന്‍റെ തീരുമാനം നിയമപരവും യുക്തവുമായിരുന്നതിനാലാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്ക് കേരളം സാക്ഷിയാകാതിരുന്നത്.
മാനേജ്മെന്‍റിന്‍റെ തീരുമാനം കോടതിയില്‍ വെല്ലുവിളിക്കാന്‍പോലും ആകാത്തവിധം സുദൃഢമായിരിക്കുന്ന സാഹചര്യത്തിലാണ് യാതൊരു ബാഹ്യസമ്മര്‍ദ്ദവും കൂടാതെ മാനുഷികമായ പരിഗണനകളുടെ വെളിച്ചത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ മാനേജ്മെന്‍റ് തയ്യാറായത്. പ്രസ്തുത തീരുമാനത്തെപ്പോലും വിമര്‍ശിക്കുകയും വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും മനസ്സിലാക്കാതെ കണ്ണും പൂട്ടി തിരുസ്സഭയെ തെറി പറയുകയും ചെയ്യുന്നവര്‍ ആരുടെയും പക്ഷത്തല്ല, പക്ഷേ സഭക്ക് എതിരാണെന്ന് മാത്രം മനസ്സിലാകുന്നു. ഇങ്ങനെ സഭയെ എതിര്‍ക്കുന്നവര്‍ ഒരുപക്ഷവും ചേരാതിരിക്കുമ്പോഴും ചെയ്യുന്നത് നാരകീയമായ ക്ഷുദ്രപ്രവര്‍ത്തനങ്ങളാണെന്നത് പറയാതെയും വയ്യ.
ലേഖനം അവസാനിപ്പിക്കുമ്പോള്‍ തിരുസ്സഭയുടെ ആത്മീയതയും ദൈവവചനത്തിന്‍റെ സാരാംശവും സഭാ-സിവില്‍ നിയമങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളും കലാലയം എന്നതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാനും പക്ഷംചേരാതെ യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്താനും സാധിക്കുന്നവര്‍ക്ക് ഈ വിഷയത്തില്‍ തിരുസ്സഭയുടെ മേല്‍ യാതൊരു ദുരാരോപണവും ഉന്നയിക്കാന്‍ സാധിക്കുകയില്ലെന്ന് മാത്രമല്ല, വളരെ ഉചിതമായ രീതിയില്‍ വിഷയം കൈകാര്യം ചെയ്യുകയും യാതൊരു നിര്‍ബന്ധങ്ങളും ഇല്ലാതിരുന്നിട്ടും പ്രൊഫസറെ ജോലിയില്‍ തിരിച്ചുപ്രവേശിപ്പിക്കുകയും ചെയ്ത കോളേജ് മാനേജ്മെന്‍റിനെ സര്‍വ്വാത്മനാ അഭിനന്ദിക്കുകയും ചെയ്യും.