പ്രായത്തെ വെല്ലുന്ന കരുത്തോടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച്‌ 104 കാരി അന്നം

കോവിഡ് വാക്സിന്‍ സംരക്ഷണ വലയം തീര്‍ക്കാന്‍ പ്രായം വകവെക്കാതെ 104കാരി അന്നവും കണ്ണിയായി. വാര്‍ധക്യ അവശതകളെ അവഗണിച്ച്‌ അങ്കമാലി താലൂക്കാശുപത്രിയിലെത്തിയാണ് അന്നം കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാള്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.

അങ്കമാലി കറുകുറ്റി സ്വദേശിയായ അന്നം മക്കളോടൊപ്പം എത്തിയാണ് വാക്സിന്‍ സ്വീകരിച്ചത്. കരയാംപറമ്ബ് പുതിയാട്ടില്‍ വീട്ടില്‍ വര്‍ക്കിയുടെ ഭാര്യയായ ഇവര്‍ക്ക് ഏഴ് മക്കളും 14 കൊച്ചുമക്കളും 22 പേരക്കുട്ടികളുമുണ്ട്.

പണ്ടു കാലത്ത് നാട്ടില്‍ ഭീതിപരത്തിയ വിവിധങ്ങളായ മഹാമാരികളുടെ അനുഭവങ്ങള്‍ പാഠമാക്കി യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് അമ്മച്ചി ആശുപത്രിയിലെത്തിയത്.

104 കാരി കോവിഡ് വാക്സിന്‍ എടുക്കാനത്തെിയതറിഞ്ഞ് ആരോഗ്യവകുപ്പധികൃതര്‍ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. മടി കാണിക്കാതെ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് വിഡിയോ സന്ദേശത്തില്‍ അന്നം പറഞ്ഞു.

Leave a Reply