മ്യാന്മറിലെ ജനാധിപത്യപ്രക്ഷോഭകരെ തോക്കിൻ കുഴലിൽനിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻപോലും നോക്കാതെ പട്ടാളക്കാർക്ക് മുന്നിൽ മുട്ടുകുത്തി കൈവിരിച്ച് പ്രതിരോധം സൃഷ്ടിച്ചു സിസ്റ്റർ ആൻ റോസ് നു തവാങ്

മ്യാന്മറിലെ ജനാധിപത്യപ്രക്ഷോഭകരെ തോക്കിൻ കുഴലിൽനിന്ന് രക്ഷിക്കാൻ സ്വന്തം ജീവൻപോലും നോക്കാതെ പട്ടാളക്കാർക്ക് മുന്നിൽ മുട്ടുകുത്തി കൈവിരിച്ച് പ്രതിരോധം സൃഷ്ടിച്ച കന്യാസ്ത്രീയെ ഓർമയില്ലേ, സിസ്റ്റർ ആൻ റോസ് നു തവാങ്. ക്രിസ്തീയ സ്‌നേഹത്തെപ്രതി സിസ്റ്റർ പോരാട്ടം തുടരുകയാണ്. ഇത്തവണ കോവിഡ് വിരുദ്ധ യുദ്ധമുഖത്താണ് സിസ്റ്ററിന്റെ പോരാട്ടം.

‘കോവിഡ് രോഗികൾക്കിടയിലെ ശുശ്രൂഷ എന്നെയും രോഗബാധിതയാക്കാം, ചിലപ്പോൾ മരണ കാരണമായേക്കാം. എങ്കിലും ഞാൻ ഭയപ്പെടുന്നില്ല,’ ജനങ്ങൾക്കുനേരെ വെടിയുതിർക്കല്ലേ എന്ന് കണ്ണീരോടെയാണ് പട്ടാളക്കാരോട് യാചിച്ചതെങ്കിൽ, ഇപ്പോൾ സിസ്റ്ററിന്റെ മുഖത്ത് ഗൗരവഭാവം. രാഷ്ട്രീയ അരക്ഷിതാവസ്ഥയും കോവിഡ് വ്യാപനവുംമൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ എന്തു ചെയ്യാനാകുമെന്ന ചിന്തയാണ് സിസ്റ്ററിനെ കോവിഡ് വിരുദ്ധ പോരാളിയാക്കിയത്.

മ്യാന്മറിലെ ജനാധിപത്യപ്രക്ഷോഭകരെ തോക്കിൻ കുഴലിൽനിന്ന് രക്ഷിക്കാൻ പട്ടാളക്കാർക്ക് മുന്നിൽ സിസ്റ്റർ ആൻ റോസ് മുട്ടുകുത്തി കൈവിരിച്ച് പ്രതിരോധം സൃഷ്ടിച്ചപ്പോൾ. (ഫയൽ ചിത്രം)

കച്ചിംഗ് സംസ്ഥാനത്ത് സഭയുടെ മേൽനോട്ടത്തിലുള്ള കോവിഡ് ചികിത്‌സാകേന്ദ്രത്തിലാണ് സിസ്റ്റർ ശുശ്രൂഷ ചെയ്യുന്നത്. സമീപ ഗ്രാമങ്ങളിൽനിന്ന് എത്തുന്നവരെ പരിശോധന വിധേയമാക്കുന്നതിനൊപ്പം അവർക്ക് ആത്മബലം നൽകുന്നതിലും ശ്രദ്ധാലുവാണ് സിസ്റ്റർ. ‘അന്ന്, പട്ടാളക്കാർക്ക് മുന്നിലേക്ക് ഓടിയെത്തുമ്പോൾ എന്റെ ജീവൻ അപകടമാകുമോ എന്ന ഭയമെന്നുമുണ്ടായിരുന്നില്ല. കാരണം, ആളുകൾ മരിച്ചുവീഴുന്നത് കാണാൻ എനിക്ക് കഴിയില്ലായിരുന്നു.’

അതേ ചിന്തതന്നെയാണ് സിസ്റ്ററിനെ കോവിഡ് ചികിത്‌സാ രംഗത്ത് വ്യാപരിക്കാൻ പ്രചോദിപ്പിക്കുന്നത്. ‘ആരോഗ്യപ്രവർത്തകരുടെ ക്ഷാമവും ചികിത്‌സാ സൗകര്യങ്ങളുടെ അഭാവവുംമൂലം സർക്കാർ ആശുപത്രികളിൽനിന്ന് കാര്യക്ഷമമായ സേവനം ലഭ്യമാകുന്നില്ല. അനേകരാണ് മരണപ്പെടുന്നത്. എന്നാൽ കഴിയുന്നത് ചെയ്യേണ്ടത് അനിവാര്യമായിരുന്നു. ഈ ശുശ്രൂഷയിൽനിന്ന് മരണഭയം എന്നെ പിന്തിരിപ്പിക്കുന്നില്ല,’ സിസ്റ്റർ പറഞ്ഞു.

സിസ്റ്റേഴ് ഓഫ് സെന്റ് ഫ്രാൻസിസ് സേവ്യർ കോൺഗ്രിഗേഷൻ സഭാംഗമാണ് സിസ്റ്റർ ആൻ റോസ്. ആക്രമണോത്സുകരായി നിലയുറപ്പിച്ച സൈന്യത്തിനും പ്രക്ഷോഭകർക്കും ഇടയിൽ പ്രതിരോധമായി നിൽക്കാൻ ധൈര്യം ലഭിച്ചത് ദിവ്യകാരുണ്യ ആരാധനയിൽ നിന്നാണെന്ന സിസ്റ്ററുടെ സാക്ഷ്യവും ഏറെ ശ്രദ്ധേയമായിരുന്നു. റോമിലെ മാധ്യമപ്രവർത്തകർക്ക് വീഡിയോ കോളിലൂടെ നൽകിയ അഭിമുഖത്തിലാണ് ധൈര്യത്തിന് പിന്നിലെ രഹസ്യം സിസ്റ്റർ ആൻ റോസ് വെളിപ്പെടുത്തിയത്.