ഈ രാജ്യത്ത് എന്താണ് നടക്കുന്നത്?

മാര്‍ഷല്‍ ഫ്രാങ്ക്

Dont Spare me” പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ പ്രസിദ്ധീകരണമായ ‘ശങ്കേഴ്സ് വീക്ക്ലി’ യുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് ആധുനിക ഇന്ത്യയുടെ ശില്പി ആദരണീയനായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ വാക്കുകളാണ് തുടക്കത്തില്‍ കൊടുത്തിട്ടുള്ളത്. Dont Spare me” “മിസ്റ്റര്‍ ശങ്കര്‍, താങ്കളുടെ കാര്‍ട്ടൂണിന് വിഷയീഭവിക്കുന്ന വ്യക്തികളിലും വിഷയത്തിലും എന്നെ കൂടി ഉള്‍പ്പെടുത്തണം. വിമര്‍ശനങ്ങളില്‍ നിന്ന് ഒരിക്കലും എന്നെ ഒഴിവാക്കരുത്.” പണ്ഡിറ്റ്ജി അസന്നിഗ്ധമായ ഭാഷയില്‍ പ്രൗഢമായ സദസ്സിനെ സാക്ഷി നിറുത്തി പതിറ്റാണ്ടുകള്‍ക്കു മുമ്പ് പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു, വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്നും ആയതിനു ഉപയോഗിക്കുന്ന ചിന്തയും, ഭാഷയും, വരയും, വാക്കുകളും അത് എത്രത്തോളം കഠിനമാണെങ്കിലും അതില്‍ അല്പം പോലും വിഷമമില്ലെന്നും സഹിഷ്ണുതയോടെ അത് വീക്ഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മാധ്യമരംഗത്തിലെ വര്‍ത്തമാനകാലസമസ്യകളെ കമ്പോടു കമ്പ് പൂരിപ്പിക്കുവാന്‍ ശ്രമിക്കുന്ന സാധാരണ ഇന്ത്യക്കാരന്‍റെ മനസ്സില്‍ കാഷ്മീരി പണ്ഡിറ്റില്‍ നിന്നും, ഗുജറാത്തി മോദിയിലേക്ക്എത്തി നില്ക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യയുടെ ഭരണചക്രം തിരിയുന്ന ദിശയെ സംബന്ധിച്ച് ഒട്ടേറെ ആശങ്കകള്‍ രൂപപ്പെട്ടുവരുന്നു.
അത്യന്തം ഭീതിജനകവും, അതുപോലെതന്നെ ആശാവഹവുമല്ലാത്ത ഒട്ടേറെ സംഭവവികാസങ്ങളാണ് ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമരംഗത്ത് ഇന്ന് നടമാടുന്നത്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹിയില്‍ 2019 ജൂണ്‍ 8-ന് സംഭവിച്ചത്. ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് ഉത്തര്‍പ്രദേശ് പോലീസ്, പ്രശാന്ത് കനോജിയ എന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിനെ അറസ്റ്റ് ചെയ്തു. യു.പി.മുഖ്യമന്ത്രി കാഷായവേഷധാരി യോഗി ആദിത്യനാഥിന് അപകീര്‍ത്തിപരമായ പരാമര്‍ശം ‘ട്വീറ്റ്’ ചെയ്തു എന്ന അപരാധം ചുമത്തിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. ഒരു കൊടുംകുറ്റവാളിയുടെ മുദ്ര ചാര്‍ത്തി മറ്റൊരു സംസ്ഥാനത്ത് അതിക്രമിച്ചു കയറി, വീട്ടില്‍ നിന്നും പിടിച്ചിറക്കി മാധ്യമപ്രവര്‍ത്തകനെ തടങ്കല്ലിലാക്കുകയായിരുന്നു. അന്യായവും നിയമവിരുദ്ധവുമായ ഈ നടപടിക്ക് എതിരെ കനോജിയായുടെ ഭാര്യ ജഗീഷാ അറോറ കോടതിയെ സമീപിക്കുകയും, ബഹു സുപ്രീം കോടതി ജൂണ്‍ 22-ന് ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു.
രണ്ടുവര്‍ഷത്തിനു മുമ്പ്, വിശ്രുതമാധ്യമ പ്രവര്‍ത്തകന്‍ ചഉഠഢ യുടെ പ്രണോയ് റായ്ക്കും സംഘത്തിനും നേരിട്ട ദുരനുഭവം ഓര്‍മ്മയില്‍ സജീവമായി നില്ക്കുന്നു. ഭരണകര്‍ത്താക്കളുടെ ചില നടപടികളിലെ പിശകുകള്‍ ചൂണ്ടിക്കാണിക്കുക എന്ന സാധാരണ മാധ്യമ ധര്‍മ്മം നിര്‍വ്വഹിച്ച, സ്ഥാപനത്തെയും പ്രവര്‍ത്തകരെയും പോലീസുകാര്‍ ദിവസങ്ങളോളം പീഡിപ്പിക്കുകയും, രേഖകളും സാമഗ്രികളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. റാഫാല്‍ വിഷയത്തില്‍ ചെന്നൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ദി ഹിന്ദു’ എന്ന ആംഗലേയ ദിനപ്പത്രത്തിന് എതിരായി കൈക്കൊണ്ട നടപടികളും ഇവിടെ സ്മരിക്കാം. നാളിതുവരെ വിമാനത്തിന്‍റെ ഒരു സൂചി പോലും ഉല്‍പ്പാദിപ്പിച്ച് പ്രവൃത്തിപരിചയമില്ലാത്ത, ജനിച്ചിട്ട് കേവലം പതിനഞ്ച് ദിവസം തികയാത്ത കമ്പനിയെയാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായുള്ള യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ ചുമതലപ്പെടുത്തിയത്. പ്രസ്തുത ഇടപാടിലെ ലക്ഷം കോടികളുടെ അപാകതകളും പിന്നാമ്പുറ കളികളും രേഖകള്‍ സഹിതം പ്രസിദ്ധീകരിച്ചതിനാണ് പുരോഗമനാശയക്കാരനായ എന്‍.റാമിനെയും അദ്ദേഹത്തന്‍റെ ഹിന്ദു പത്രത്തെയും മുള്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചത്. ഇന്ത്യയിലെ ഏകദേശം എഴുപതോളം ആംഗലേയ-പ്രാദേശികഭാഷ അച്ചടി ദൃശ്യമാധ്യമങ്ങളുടെ നിയന്ത്രണം ഇന്ന് കോര്‍പ്പറേറ്റ് ഭീമന്‍ അംബാനിയുടെ കരങ്ങളിലാണെന്നു നാമറിയുന്നു. ഇതിനായി ലക്ഷം കോടി തുകയാണ് ഇവര്‍ മുടക്കിയിരിക്കുന്നത്. വന്‍തുക പ്രതിഫലമായി നല്കിയും, വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് ഇവയൊക്കെ വരുതിയിലാക്കുന്നത് എന്നാണ് മാധ്യമ ഉപശാലകളിലെ വര്‍ത്തമാനം. കനോജിയായ്ക്കു ശേഷം ഉത്തരേന്ത്യയില്‍ ഇഷിതാ സിംഗ്, അനൂജ് ശുക്ല തുടങ്ങി അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ കൂടി പോലീസ് കസ്റ്റഡിലാവുകയുണ്ടായി. ഇവരെല്ലാം തന്നെ ഇപ്പോഴും ഇരുമ്പഴിക്കുള്ളില്‍ കഴിയുന്നു. പ്രശാന്ത് കനോജിയായ്ക്കു ജാമ്യം ലഭിച്ചതിന്‍റെ തൊട്ടടുത്ത ദിവസം പടിഞ്ഞാറന്‍ യൂ.പി.യിലെ ഷാംലീ പട്ടണത്തില്‍ ഇന്‍സ്പെക്ടര്‍ രാകേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ മഫ്തിയില്‍ വന്ന പോലീസുകാര്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ പട്ടാപ്പകല്‍ പരസ്യമായി റോഡിലിട്ട് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനും സമൂഹം സാക്ഷികളാണ്.
യാതൊരു പ്രകോപനവും ഇല്ലാതെ പോലീസ് കസ്റ്റഡിയിലെടുത്ത ഈശോസഭാ വൈദികനായ സ്റ്റാന്‍ സ്വാമിയെ ഇപ്പോഴും വിചാരണയില്ലാതെ അനധികൃതമായി തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്നു. 83 വയസ്സുള്ള ഇദ്ദേഹം പതിറ്റാണ്ടുകളായി ആദിവാസികള്‍,ദലിതര്‍ തുടങ്ങി അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഇടയില്‍ അവരുടെ അവകാശപോരാട്ടങ്ങളുടെ മുന്നണി പോരാളിയായി കര്‍മ്മ നിരതനായിരുന്നു. റാഞ്ചിയിലെ ആശ്രമത്തില്‍ നിന്നും അറസ്റ്റു ചെയ്യപ്പെട്ട പുരോഹിതന്‍റെ പേരില്‍ നക്സലൈറ്റ് തീവ്രവാദ പ്രവര്‍ത്തനമാണ് ആരോപിച്ചിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം സമൂഹത്തിന്‍റെ വിവിധ ശ്രേണിയിലുള്ള 23 പേര്‍ കൂടി തടവറയ്ക്കുള്ളില്‍ വിചാരണ കൂടാതെ, കുറ്റപത്രമില്ലാതെ അന്യായമായി തടവിലാക്കപ്പെട്ടിരിക്കുന്നു.
2019-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ ജനതാ (സെക്യുലര്‍) ദളിന് നേരിട്ട ദയനീയമായ തോല്‍വിയില്‍ ഖിന്നരായി, സങ്കടവും രോഷവും പ്രകടിപ്പിച്ചതിനാണ് പാര്‍ട്ടിപ്രവര്‍ത്തകരായ സിദ്ധരാജുവും, ചാമരാജും ജയിലിലായത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ കുടുംബവാഴ്ചയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച സാധാരണ പ്രവര്‍ത്തകരായ പെട്രോള്‍ പമ്പ് തൊഴിലാളിക്കും, ടാക്സി ഡ്രൈവര്‍ക്കും കയ്യാമം നല്‍കിയാണ് പാര്‍ട്ടി ഭരണകൂടം ആദരിച്ചത്. ഇതേ സമയത്തു തന്നെ ഛത്തീസ്ഗഡില്‍, റായ്പൂര്‍ സ്വദേശിയായ ലളിത് യാദവിനെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്‍റെ 67 (അ) വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ് പത്രം വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് അനിഷ്ടം തോന്നിയ വാര്‍ത്ത സമൂഹമാധ്യമത്തില്‍ ഇട്ടതിനായിരുന്നു അറസ്റ്റ്. 2016-ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന സി.പി.ഐ(എം) നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍, മുഖ്യമന്ത്രി സ.പിണറായി വിജയന് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി 119 പേരുടെ പേരില്‍ ക്രിമിനല്‍ കേസ് എടുത്തിരിക്കുന്ന കാര്യവും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വാര്‍ത്തയില്‍ ഇവരില്‍ 12 പേര്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരാണ്; ഒപ്പം പ്രതിപക്ഷകക്ഷികളുടെ അനുയായികളും. ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, കര്‍ണ്ണാടക, കേരള, ആസ്സാം, ത്രിപുര തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളിലും ഇന്ത്യയിലാകമാനവും, അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങുകള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. പണിപൂര്‍ത്തിയായവ അണിയിച്ചുകൊണ്ടിരിക്കുന്നു.
1990 കളില്‍ ഇന്ത്യയിലെ മാധ്യമരംഗത്തെ കൈപ്പിടിയിലൊതുക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട റിലയന്‍സ് ഗ്രൂപ്പിലെ അനില്‍ അംബാനി പരാജയപ്പെട്ട സ്ഥലത്ത് 2019-ല്‍ സഹോദരന്‍ മുകേഷ് അംബാനി വര്‍ദ്ധിത വീര്യത്തോടെ ഓരോ മാധ്യമസ്ഥാപനങ്ങളും വരുതിയിലാക്കി തന്‍റെ ജൈത്രയാത്ര അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. എതിര്‍ശബ്ദം പുറപ്പെടുവിക്കുന്നവരെ നിയമത്തിന്‍റെ പഴുതുകളെ ദുര്‍വ്യാഖ്യാനം ചെയ്തു കാരാഗൃഹത്തില്‍ അടയ്ക്കുന്നു; പീഡിപ്പിക്കുന്നു. പതിനെട്ട് വര്‍ഷത്തിന് മുമ്പുണ്ടായിരുന്ന കേസ്സ് പൊടിതട്ടിയെടുത്ത്, യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുത്ത് തുടര്‍ന്ന് പ്രധാനമന്ത്രിയുടെയും സംഘപരിവാറിന്‍റെയും കണ്ണിലെ കരടായ ധീരനായ ഐ.പി.എസ്. ഓഫീസര്‍ സന്‍ജീവ് ഭട്ടിനെ ഇന്നും ഗുജറാത്തിലെ ജയിലറയ്ക്കുള്ളില്‍ അടച്ചിരിക്കുന്നു. കോടതിയില്‍ കേസ്സ് നടത്താന്‍ പണത്തിനായി കേഴുന്ന ഭാര്യ ശ്വേതാ ഭട്ടിന്‍റെ വിലാപം സമൂഹമനസ്സാക്ഷിയുടെ കര്‍ണ്ണപുടങ്ങളില്‍ ദീനരോദനമായി ഭവിക്കുന്നു. പ്രതികരിക്കുന്നവനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി അകത്താക്കുന്ന പ്രക്രിയ എമ്പാടും തുടര്‍ന്നു കൊണ്ടിരിക്കുന്നു. വരാന്‍ പോകുന്ന വലിയ ആപത്തിന്‍റെ സൂചനകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. വലിയൊരു ഭൂകമ്പത്തിന്‍റെ നാന്ദി കുറിച്ചുകൊണ്ട്, അടിത്തട്ടില്‍ ഉരുകിതിളച്ചു മറിയുന്ന ലാവയുടെ അളവും, ആഘാതവും ഇന്ത്യയില്‍ സാധാരണക്കാരന്‍റെ ചിന്തയില്‍ ഇനിയും സജീവമായിട്ടുണ്ടോ? ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധപോല്‍ക്കര്‍,കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയുള്ള ഉല്‍പതിഷ്ണുക്കളും മതേതരവാദികളുമായ ഹിന്ദുക്കളുടെ ഉയര്‍ത്തിപ്പിടിച്ച ശിരസ്സിലേക്കും വിരിഞ്ഞ മാറിലേക്കും വെടിയുണ്ട പായിച്ച ഹിന്ദുത്വവാദികളുടെ തനിനിറം മനസ്സിലാക്കുന്നതില്‍ ഇന്ത്യാക്കാര്‍ എന്തുമാത്രം ഗൃഹപാഠം ചെയ്തു? 2019-ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അത് എത്രത്തോളം പ്രതിഫലിച്ചു. ഇനിയും തമസ്സിന്‍റെ സന്തതികളെ തിരിച്ചറിയുന്നതില്‍ എവിടെയാണ് അമാന്തം സംഭവിച്ചിരിക്കുന്നത്?

Leave a Reply