വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ ദുരൂഹത; വിജിലന്‍സ് അന്വേഷണം വേണമെന്ന് ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെതിരായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കേരള ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി.

ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് കേരള ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി പുനരധിവാസത്തില്‍ സര്‍ക്കാരിന്റേത് ദയാരഹിത നിലപാടാണ്. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കേരള ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതിയുടെ ആവശ്യം.

വിഴിഞ്ഞത്ത് നവംബര്‍ 26, 27 തിയതികളില്‍ നടന്ന ഹിതകരമായ സംഭവങ്ങളില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നാണ് ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി പറയുന്നത്. ഇത് പരിഹരിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം. തിരുവനന്തപുരം അതിരൂപത മെത്രോപ്പൊലീത്ത ഡോ തോമസ് ജെ നെറ്റോയുടെ പേരിലും സഹായ മെത്രാന്‍ ബിഷപ്പ് ഡോ ക്രിസ്തുദാസിന്റെ പേരിലും ഉള്‍പ്പെടെ എടുത്ത കേസുകള്‍ നീതീകരിക്കാനാകാത്തതാണെന്ന് ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.

അതേസമയം, വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു.