റബ്ബർ കർഷകർക്ക് ആശ്വാസത്തിന്റെ ദിനങ്ങൾ;റബ്ബർ വില 180ലേക്ക് അടുക്കുന്നു

കോട്ടയം: എട്ടുവര്‍ഷത്തിനിടെ ആര്‍.എസ്​.എസ്-നാല്​ ഗ്രേഡ്​ റബര്‍ കിലോക്ക്​ 180 രൂപയെന്ന വിലയിലേക്ക്​ വിപണി എത്തുകയാണ്​.

179.50 രൂപയാണ്​ ബുധനാഴ്​ച റബര്‍ ബോര്‍ഡ് വില. ആഗസ്​റ്റ്​ തുടക്കം മുതല്‍ ക്രമാനുഗതമായി ഉയര്‍ന്നവില രണ്ടുദിവസം മാത്രമാണ്​ നേരിയ തോതിലെങ്കിലും ഇടിഞ്ഞത്​. കഴിഞ്ഞ രണ്ടിന്​ 171.50 രൂപയായിരുന്നു. 12ന്​ 178.50ല്‍ എത്തി. 13ന്​ 178 ആയും 14ന്​ 177.50 ആയും കുറഞ്ഞു. 20ന്​ 179.50 ലേക്ക്​​ ഉയര്‍ന്ന്​ സ്ഥിരത കൈവരിച്ചു​. വരുംദിവസങ്ങളില്‍ വില ഇനിയും ഉയരുമെന്നാണ്​ വിപണി നല്‍കുന്ന സൂചന.

ലോക്‌ഡൗണില്‍ വെട്ട്‌ നിര്‍ത്തിയതും പലരും കൃഷി ഉപേക്ഷിച്ചതും വില ഉയരാന്‍ കാരണമായി. കോവിഡ്‌ നിയന്ത്രണങ്ങളും കണ്ടെയ്‌നര്‍ ക്ഷാമവും ഇറക്കുമതിയേയും ബാധിച്ചിട്ടുണ്ട്​.

വിവിധ സംസ്ഥാനങ്ങളില്‍ കൈയുറക്കും മറ്റും ആവശ്യം ഉയര്‍ന്നത്‌ റബര്‍പാലി​ന്റെ വിലയും130.50 വരെ ഉയര്‍ത്തിയെങ്കിലും ഇപ്പോള്‍ 129.90 രൂപക്കാണ്​ വ്യാപാരം നടക്കുന്നത്​. അതേസമയം, ചിരട്ടപ്പാല്‍ ഇറക്കുമതി നീക്കത്തോട്‌ കേന്ദ്ര വാണിജ്യ മന്ത്രാലയവും റബര്‍ ബോര്‍ഡും അനുകൂല നിലപാടെടുക്കുന്നത്​ കര്‍ഷകരുടെ സ്വപ്​നങ്ങളില്‍ കരിനിഴല്‍ വീഴ്​ത്തുന്നുണ്ട്​. ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡ്‌സിനുകീഴില്‍ കൊണ്ടുവരാന്‍ വന്‍കിട വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്​. വിദേശത്തുനിന്ന്‌ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ബി.ഐ.എസ്‌ മാനദണ്ഡത്തിന്‌ വിധേയമായിരിക്കണമെന്നാണെങ്കിലും ചിരട്ടപ്പാലിന്‌ ഈ അംഗീകാരമില്ല. ഈ കടമ്ബ മറികടന്നാല്‍ രാജ്യാന്തര വിപണിയില്‍ ഇറക്കുമതി വര്‍ധിക്കാനിടയാക്കും. ഇത്​ കര്‍ഷകര്‍ക്ക് തിരിച്ചടിയാവും.