സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും ഇനി ഇല്ല,കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തുടരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

ഇന്ന് ചേ‍ര്‍ന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കര്‍ഫ്യൂവും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതല്‍ ഉണ്ടായിരിക്കില്ല.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇന്നത്തെ അവലോകന യോ​ഗം രാത്രി കര്‍ഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗണും പിന്‍വലിക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച്‌ തുറക്കാം. ബയോബബിള്‍ മാതൃകയില്‍ വേണം തുറന്നു പ്രവര്‍ത്തിക്കാന്‍.

അതോടൊപ്പം ഒക്ടോബര്‍ നാല് മുതല്‍ ടെക്നിക്കല്‍/പോളി ടെക്നിക്ക്/മെഡിക്കല്‍ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉള്‍പ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി നല്‍കും.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്‌ ഈ ആഴ്ച കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനയില്ല. ഓ​ഗസ്റ്റ് 24 മുതല്‍ 30 വരെയുള്ള ആഴ്ചയില്‍ 18.41 ആയിരുന്നു ടിപിആര്‍. 31 മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള ആഴ്ചയില്‍ 17.96 ആയി കുറഞ്ഞു. ജാ​ഗ്രത തുടര്‍ന്നാല്‍ ഇനിയും കേസുകള്‍ കുറയ്ക്കാന്‍ സാധിക്കും. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസ് നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും തുറന്നും ജാ​ഗ്രത പാലിക്കണം. ആരില്‍ നിന്നും ആരിലേക്കും രോ​ഗം പടരുന്ന അവസ്ഥയാണ്.