അപകടങ്ങള്‍, കുറയ്ക്കാം

ഡോ. അനിറ്റ് ജോസഫ് കാരയ്ക്കാട്ട്,
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
അപകടങ്ങളുടെ എണ്ണം ദൈനംദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സുപരക്ഷാനിയമങ്ങളുടെ എണ്ണവും കൂടുന്നുണ്ടെങ്കിലും, അപകടങ്ങള്‍ ഒരിക്കലും കുറയുന്നില്ല. അപകടങ്ങള്‍ മനഃപൂര്‍വ്വമോ അല്ലാത്തതോ ഉണ്ട്. ഇവയില്‍ പ്രധാനം മനഃപൂര്‍വ്വമല്ലാത്തവയാണ്. അതില്‍തന്നെ ഏറ്റവും പ്രധാനം വാഹനാപകടമാണ്. കേരളത്തിലെ കണക്കുകള്‍ കാണിക്കുന്നത് 2001-ലെ റോഡപകടങ്ങളുടെ എണ്ണവും മരണസംഖ്യയും 38364 ഉം 2674 ഉം ആയിരുന്നെങ്കില്‍ അത് 2018 ല്‍ 40181 ഉം 4303 ഉം ആയിരുന്നു.
അപകടങ്ങള്‍ പലവിധത്തിലുണ്ടാകാം:-

  1. വാഹനാപകടങ്ങള്‍:-
    ഇവയില്‍ ഇരുചക്രവാഹനങ്ങള്‍ തുടങ്ങി, ബസ്സും, ട്രെയിനും, വിമാനാപകടങ്ങള്‍വരെ ഉള്‍പ്പെടുന്നു.
  2. ജോലി സ്ഥലങ്ങളിലുണ്ടാകുന്ന അപകടങ്ങള്‍:-
    ഉദാ: മുകളില്‍നിന്ന് വീഴുന്നത്, തീയോ; കത്തി മുതലായ മൂര്‍ച്ചയേറിയ പണിയായുധങ്ങള്‍ കൊണ്ടോ ഉള്ള മുറിവുകള്‍.
  3. കളി സ്ഥലങ്ങളിലുണ്ടാകുന്ന അപകടങ്ങള്‍
  4. വീട്ടിലുണ്ടാകുന്ന അപകടങ്ങള്‍. ഉദാ:- പൊള്ളല്‍, മുറിവുകള്‍, വൈദ്യുതാഘാതം
  5. വിഷം ഉള്ളില്‍ ചെന്നുണ്ടാകുന്ന അപകടങ്ങള്‍.
  6. വെള്ളത്തില്‍ മുങ്ങിയുള്ള അപകടങ്ങള്‍.
  7. കഴിക്കുമ്പോള്‍ ഭക്ഷണം വിക്കി ശ്വാസതടസ്സം ഉണ്ടാകുന്നത്: ഇത് ഏറ്റവും കൂടുതലായി കണ്ടുവരുന്നത് 5 വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ്. പ്രത്യേകിച്ച് കടല, അണ്ടിപ്പരിപ്പ്, ഗ്രീന്‍ പീസ്, ബദാം മുതലായവ കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് പോയി ശ്വാസതടസ്സമുണ്ടാക്കാം.
    പ്രതിരോധങ്ങള്‍:-
  8. അമിതമായ വേഗത്തില്‍ വാഹനം ഓടിക്കാതിരിക്കുക.
  9. യാത്ര ചെയ്യുമ്പോള്‍ വണ്ടിയിലുള്ള എല്ലാവരും സീറ്റ്ബെല്‍റ്റ് ധരിക്കുക.
  10. ബൈക്ക് യാത്രക്കാര്‍ രണ്ടുപേരും ഹെല്‍മറ്റ് ധരിക്കുക.
  11. മദ്യം മുതലായ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ട് വാഹനം ഓടിക്കാതിരിക്കുക.
  12. ഉറക്കമിളച്ച് വണ്ടി ഓടിക്കാതിരിക്കുക.
  13. രാത്രിയില്‍ വണ്ടി ഓടിക്കുമ്പോള്‍ ഹെഡ്ലൈറ്റ് ഡിം ചെയ്ത് കൊടുക്കുക.
  14. കാഴ്ചക്കുറവുള്ളവര്‍ റോഡപകടങ്ങള്‍ കുറയ്ക്കാനായി വൈദ്യസഹായം തേടുക.
  15. റോഡ് മുറിച്ചു കടക്കുമ്പോള്‍ രണ്ടുവശത്തും വണ്ടിയില്ലെന്ന് ഉറപ്പു വരുത്തുക.
  16. കുട്ടികളെ അശ്രദ്ധമായി റോഡിനരികെ കളിക്കാന്‍ അനുവദിക്കരുത്.
  17. ചെറിയ കുട്ടികളെ തനിയെ റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കരുത്.
  18. സീബ്ര ലൈന്‍ ഉള്ളിടത്ത് അതില്‍കൂടി മാത്രം റോഡ് മുറിച്ചുകടക്കുക.
  19. ട്രാഫിക് നിയമങ്ങള്‍ പാലിക്കുക.
  20. മഴയുള്ളപ്പോള്‍ ബൈക്ക് യാത്രക്കാര്‍ വണ്ടി ഓടിക്കാതിരിക്കുക; മറ്റു വണ്ടിക്കാര്‍ വേഗം കുറച്ച് വണ്ടി ഓടിക്കുക.
  21. കുട്ടികളുടെ കൈയ്യെത്തും ദൂരത്ത് മാരകമായ ആയുധങ്ങള്‍, വിഷാംശങ്ങള്‍, തീപ്പെട്ടി, മരുന്നുകള്‍ മുതലായവ വയ്ക്കാതിരിക്കുക.
  22. ചെറിയ കുട്ടികള്‍ ഗോവണി പടികള്‍ ഉപയോഗിക്കുന്നത് മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരിക്കണം.
  23. കുട്ടികള്‍ കട്ടിലില്‍നിന്നും സോഫയില്‍ നിന്നും വീണ് പരിക്കേല്‍ക്കാതെ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
  24. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് കടല, അണ്ടി പരിപ്പ്, ബദാം മുതലായവ നേരിട്ട് കൊടുക്കാതിരിക്കുക. അവ പൊടിച്ച് പാലിലോ മറ്റോ ചേര്‍ത്ത് കൊടുക്കാം.
  25. ചെറിയ കുട്ടികള്‍ തനിയെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, തേപ്പുപെട്ടി മുതലായവ പ്രവര്‍ത്തിക്കുന്നത് തടയുക.
  26. ചൂടുള്ള ദ്രാവകം, പാത്രം മുതലായവ കുട്ടികളുടെ കൈയ്യെത്തും ദൂരത്തുനിന്ന് മാറ്റിവയ്ക്കുക.
    അപകടം കഴിഞ്ഞുള്ള ആദ്യത്തെ മണിക്കൂറിനെയാണ് ഗോള്‍ഡന്‍ അവര്‍ (ഏീഹറലി ഒീൗൃ) എന്ന് പറയുന്നത്. ആ സമയത്തിനുള്ളില്‍ രോഗിക്ക് ചികിത്സ ലഭിച്ചാല്‍ ജീവന്‍ രക്ഷിക്കാനും മറ്റ് ആന്തരിക മുറിവുകളെ പരിമിതപ്പെടുത്താനും സാധിക്കും. അപകടസ്ഥലത്ത് രോഗിക്ക് കൊടുക്കാന്‍ സാധിക്കുന്ന ചില പ്രാഥമിക ശുശ്രൂഷകള്‍ ഇവയാണ്. ഇതുമൂലം അപകടം കൊണ്ടുള്ള അനന്തരഫലങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ സാധിക്കും.
  27. ആദ്യമെ അപകടസ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. ഉദാ: സ്ഫോടനം, തീപിടുത്തം മുതലായവ നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് ഇത് പ്രധാനം.
  28. അപകടത്തില്‍പെട്ട വ്യക്തിക്ക് ബോധമുണ്ടോ, ശ്വസിക്കുന്നുണ്ടോ, സംസാരിക്കാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കുക. ഇത്രയും സാധിക്കുമെങ്കില്‍ അയാളുടെ അവസ്ഥ വളരെ മോശമല്ലെന്നാണ് ചുരുക്കം.
  29. സംസാരിക്കാന്‍ സാധിക്കുന്ന വ്യക്തിയോട് വേദന എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കുക.
  30. ബോധമില്ലാതെ കിടക്കുന്ന വ്യക്തി ശ്വസിക്കുന്നുണ്ടോയെന്ന് സംശയം തോന്നുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് അവര്‍ക്ക് വൈദ്യസഹായം കൊടുക്കുക എന്നതാണ് പ്രധാനം. ആംബുലന്‍സ് വരുന്ന സമയംവരെ, അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തിക്കുന്ന സമയംവരെ അയാളുടെ വായിലോ മൂക്കിലോ എന്തെങ്കിലും തടസ്സമുണ്ടോയെന്ന് നോക്കുകയും, ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുകയും ചെയ്യുക.
  31. ശരീരത്തില്‍ മുറിവുകളുണ്ടെങ്കില്‍ എന്തെങ്കിലും വൃത്തിയുള്ള തുണി ഉപയോഗിച്ച് അത് കെട്ടിവയ്ക്കുക. ഇത് നെഞ്ചിലും വയറിലുമുള്ള വലിയ മുറിവുകളില്‍നിന്നും അമിതമായി രക്തം വാര്‍ന്നു മരണം സംഭവിക്കുന്നത് തടയാന്‍ സഹായിക്കും.
  32. അസ്തി പൊട്ടിയിട്ടുണ്ടെങ്കില്‍ അത് എന്തെങ്കിലും കട്ടിയുള്ള സാധനങ്ങള്‍ പലകയോ മറ്റോ (പത്രം പലതായി മടക്കിയും ഉപയോഗിക്കാം) ഒടിവുള്ള ഭാഗത്ത് നന്നായി കെട്ടിവയ്ക്കുക. ഇത് ഒടിഞ്ഞഭാഗങ്ങള്‍ തമ്മില്‍ മാറി പോകാതിരിക്കാന്‍ വേണ്ടിയാണ്.
  33. മുറിവേറ്റ വ്യക്തിയെ അപകടസ്ഥലത്തുനിന്ന് വണ്ടിയില്‍ കയറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം: അയാളുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ടോയെന്ന് അറിയില്ലാത്തതിനാല്‍ ഒരു പലകയിലോ മറ്റോ മാറ്റി കിടത്തിയിട്ടുമാത്രം വണ്ടിയില്‍ കയറ്റുക. നട്ടെല്ല് സപ്പോര്‍ട്ട് ചെയ്യാതെ മാറ്റിയാല്‍ നട്ടെല്ലിന് ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ അത് കൂടാനും, അതുകൊണ്ടു മാത്രം ആ വ്യക്തി ശിഷ്ടകാലം തളര്‍ന്നുകിടക്കാനും സാധ്യതയുണ്ട്.
    വീട്ടിലുണ്ടാകുന്ന അപകടങ്ങള്‍ പലതും കുറച്ചു ശ്രദ്ധയുണ്ടെങ്കില്‍ കുറയ്ക്കാവുന്നതാണ്, പ്രത്യേകിച്ച് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഉണ്ടാകുന്ന അപകടങ്ങള്‍.
    വീട്ടിലുണ്ടാകുന്ന സാധാരണ അപകടങ്ങളില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില പൊടുക്കൈകള്‍ ഇവയാണ്:
  34. പൊള്ളലേറ്റാല്‍ (തീ കൊണ്ടോ ചൂടുള്ള ദ്രാവകം കൊണ്ടോ) ആ ഭാഗം പൈപ്പിന്‍റെ കീഴില്‍ 10-20 മിനിറ്റ് കഴുകുക.
  35. വീട്ടില്‍ അതിനുള്ള മരുന്നുണ്ടെങ്കില്‍ പുരട്ടുക, തേന്‍, പേയ്സ്റ്റ് മുതലായവ പുരട്ടാതിരിക്കുക, കാരണം അതുകൊണ്ട് ഗുണമില്ല.
  36. പൊള്ളലേറ്റ ഭാഗത്തുള്ള വസ്ത്രം, ആഭരണങ്ങള്‍ മുതലായവ എടുത്തുമാറ്റുക. വസ്ത്രം മാറ്റുമ്പോള്‍, അത് ശ്രദ്ധിക്കാതെ വലിച്ചൂരിയാല്‍ കൂടുതല്‍ ഭാഗത്ത് തൊലി പോകാന്‍ സാധ്യതയുണ്ട്.
  37. പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട് മൂടുക; വൈദ്യസഹായം തേടുക.
    കുട്ടികള്‍ എന്തെങ്കിലും എടുത്ത് വിഴുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-
  38. വിഴുങ്ങിയ വസ്തു ശ്വാസകോശത്തില്‍ പോയാല്‍ അവര്‍ നിരന്തരമായും ചുമയ്ക്കുകയും ശ്വാസതടസ്സം കാണിക്കുകയും ചെയ്യും. പലപ്പോഴും കുട്ടി വിഴുങ്ങിയത് മുതിര്‍ന്നവര്‍ വായില്‍ കൈയിട്ട് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത് ശ്വാസകോശത്തില്‍ പോകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്ത് തട്ടി കൊടുക്കുന്നതും അവരെ ചുമയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും നല്ലതാണ്. എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
  39. അവര്‍ വിഴുങ്ങിയ സാധനത്തിന്‍റെ മിച്ചം ഉണ്ടെങ്കില്‍ അതും ആശുപത്രിയില്‍ കൊണ്ടുവന്നാല്‍ ചികിത്സയ്ക്ക് സഹായകമാകും.

Leave a Reply