പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച്‌ സൈറ്റില്‍ കയറി നോക്കിയതാണ് പ്രശ്‌നമായതെന്ന് മന്ത്രി പറഞ്ഞു.സീറ്റുകളെല്ലാം കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും പോര്‍ട്ടിലം പ്രശ്‌നം കാരണം രാത്രിയിലും വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാന്‍ കഴിഞ്ഞില്ല. പോര്‍ട്ടലില്‍ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആവശ്യമായ സാങ്കേതിക ക്രമീകരണം ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്.

ഞായറാഴ്ച വൈകുന്നേരം 5 വരെയാണ് ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തണമെങ്കില്‍ അവ ചെയ്യാനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും അനുവദിച്ചത്. അലോട്ട്മെന്റ് പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യദിവസം ആവശ്യമായ തിരുത്തല്‍ വരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിട്ടില്ല. തിരുത്തലിനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.