ജീവിതം ഒന്നേ ഉള്ളൂ, അത് നമ്മള്‍ അതിന്‍റെ പൂര്‍ണതയില്‍ ജീവിക്കണമെന്ന് പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായിട്ടുണ്ടാവാം. ഒന്നിനും പരിധികളോ പരിമിതികളോ ഇല്ലാതെ ജീവിതം ആഘോഷിക്കുന്നതിന്‍റെ ഇടയില്‍ നമ്മളെ എല്ലാവരെയും പിടിച്ചു കൂട്ടില്‍ അടച്ച രണ്ട് വര്‍ഷക്കാലമാണ് പതിയെ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ടങ്ങളും ആവേശങ്ങളും വീണ്ടും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി തുടങ്ങി എങ്കിലും പോയ വര്‍ഷങ്ങള്‍ നമ്മുടെ ശീലങ്ങളില്‍ അവശേഷിപ്പിച്ചത് എല്ലാം നമ്മളെ വിട്ടുപോയി എന്ന് പറയാന്‍ കഴിയില്ല.
ജീവിതം തിരിച്ച് അതിന്‍റെ എല്ലാ നന്മകളോടും സന്തോഷത്തോടുംകൂടി ജീവിച്ചു തുടങ്ങാന്‍ സമയമായി എന്ന് പറയുമ്പോഴും ചിലതൊക്കെ നമ്മെ പിന്നിലേക്ക് പിടിച്ചു വലിക്കുന്നുണ്ട്. ഒരു ഫോണിന്‍റെ സ്ക്രീനില്‍ ക്ലാസ്സ് മുറി ഒതുക്കിയവര്‍ക്ക് വീണ്ടും ക്ലാസ്സ് മുറിയുടെ വിശാലതയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് ഏറെയാണ്. ഒരു ഫോണ്‍ സ്ക്രീനില്‍ ഞാന്‍ മാത്രം ആയിരുന്നിടത്തുനിന്ന് ഈ ലോകം എന്‍റെ മാത്രം അല്ല എന്ന് മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു.
ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ലോകം തിരിച്ചു പിടിക്കേണ്ടി ഇരിക്കുന്നു. സുന്ദരമായ ജീവിതം എന്നത് തനിയെ വളര്‍ന്നുവരുന്ന ഒന്നല്ല, അത് വ്യക്തമായ പദ്ധതിയോടുകൂടി അധ്വാനിച്ചു നേടിയെടുക്കേണ്ട ഒന്നുതന്നെയാണ്. കൊറോണ കാലം നഷ്ടപ്പെടുത്തിയ ബന്ധങ്ങളുടെ ലോകത്തെ തിരിച്ചു പിടിക്കാന്‍ സഹായിക്കാവുന്ന ചില പ്രായോഗിക കാര്യങ്ങളാണ് ഈ മാസം പങ്കുവയ്ക്കുന്നത്.
1. ലോകത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ല
പഠിക്കാനും, പ്രാര്‍ത്ഥിക്കാനും, സ്നേഹിക്കാനും, പ്രണയിക്കാനും അങ്ങനെ ഒരു മനുഷ്യന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും മഹാമാരിക്കാലത്തു ആശ്രയം online ആവുക എന്നതായിരുന്നു. നമ്മള്‍ ഒരിക്കലും ശീലിക്കാത്ത പുതിയ ശീലങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി. ഈ ലോകത്തില്‍ ഉള്ളതും വരാനുള്ള ലോകത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതും എല്ലാം നമ്മള്‍ ഈ കൊറോണ കാലത്ത് കണ്ടതും അനുഭവിച്ചതും എല്ലാം ഒരു ഫോണ്‍ സ്ക്രീനില്‍ ആണ്. നമുക്ക് ചുറ്റും ഓണ്‍ലൈനില്‍ കാണുന്നത് അല്ലാതെ യഥാര്‍ത്ഥമായ ഒരു ലോകം ഉണ്ടെന്നും അവിടെ ഞാന്‍ മാത്രം അല്ല വേറെയും ഒരുപാട് മനുഷ്യരും ജീവജാലങ്ങളുമുണ്ട് എന്ന് ഉള്‍ക്കൊള്ളേണ്ടിരിക്കുന്നു. എല്ലാം ഫോണില്‍ കണ്ട കുട്ടികള്‍ക്കു ചുറ്റിലുമുള്ള യാഥാര്‍ഥ്യങ്ങളെ കാണാന്‍ ഉള്ള കാഴ്ച്ച നഷ്ടപ്പെട്ടു, എന്നാല്‍ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടുവേണം ഇത് വായിക്കാന്‍. ലോകം എന്നത് ഞാന്‍ മാത്രമാണ് എന്ന ബോധത്തിലേക്ക് നമ്മുടെ കുട്ടികള്‍ വല്ലാതെ ചുരുങ്ങി പോയിട്ടുണ്ട്. ആ ചുരുങ്ങലിന്‍റെ ബാക്കി ആണ് നമ്മുടെ കുട്ടികള്‍ക്കു മറ്റുള്ളവരെ പരിഗണിക്കാനും, സ്നേഹിക്കാനും, പങ്കുവയ്ക്കാനും കഴിയാതെ പോവുന്നത്. ഞാന്‍ഭാവത്തിന്‍റെ ദാര്‍ഷ്ട്യത്തില്‍ എല്ലാം എനിക്ക് ഉപയോഗിക്കാന്‍ മാത്രമുള്ളത് എന്ന ചിന്തയില്‍ എത്തിനില്‍ക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ ചുറ്റുമുള്ള ലോകം കാണേണ്ടിയിരിക്കുന്നു.
2. ഫോണല്ല ലോകം
ഫോണില്‍ ലോകം മുഴുവന്‍ കണ്ട കുഞ്ഞുങ്ങള്‍ ഫോണ്‍ മാത്രമാണ് ലോകം എന്ന് ചിന്തിക്കുന്ന അപകടത്തിന്‍റെ മുന്നില്‍ ആണ് നമ്മളിപ്പോള്‍ നില്ക്കുന്നത്. ഫോണ്‍ നമ്മളെ ലോകത്തോട് ബന്ധിപ്പിച്ച ഒരു ഉപകരണം മാത്രമാണ്. അത് ലോകം അല്ല എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ പറ്റൂ. അതുകൊണ്ടുതന്നെ തിരിച്ചു ലോകത്തിലേക്ക് ഇറങ്ങാന്‍ ആദ്യം വേണ്ടത് ഫോണ്‍ മാറ്റിവയ്ക്കുക എന്നതുതന്നെയാണ്. ലോകത്തിലേക്ക് ഇറങ്ങാന്‍ തടസ്സമുള്ള കാലത്ത് നമ്മെ ലോകത്തോട് ബന്ധിപ്പിച്ചു എങ്കിലും ഇന്ന് നമുക്ക് ലോകം അതിലൂടെ മാത്രമേ കാണാന്‍ കഴിയൂ എന്ന അവസ്ഥയില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ആ ഉപകരണം മാറ്റിവച്ച് യഥാര്‍ത്ഥ ലോകത്തിലേക്ക് ഇറങ്ങാം. ചില നിയന്ത്രണങ്ങള്‍ ഫോണിന് ആവാം. ദിവസത്തില്‍ കുറെ നേരം എങ്കിലും ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ ശ്രമിക്കാം. രാവിലെ ഉണര്‍ന്ന് ആദ്യം നോക്കുന്നതും ഉറങ്ങുന്നതിനു മുന്നേ അവസാനം നോക്കുന്നതും ഫോണ്‍ ആവണം എന്ന ശീലം മാറ്റാം. ഉണര്‍ന്നു ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞു നമുക്ക് ഫോണിലേക്ക് നോക്കിയാല്‍ മതി. ദിവസത്തില്‍ പല സമയങ്ങളില്‍ ഫോണ്‍ ഒഴിവാക്കി യാഥാര്‍ഥ്യങ്ങളില്‍ ജീവിക്കാന്‍ ശ്രമിക്കാം
3. ബന്ധങ്ങളുടെ ലോകം തിരികെ പിടിക്കാം
ബന്ധങ്ങളാണ് മനുഷ്യനെ മനുഷ്യന്‍ ആക്കുന്നത്. ഈ രോഗകാലത്ത് നഷ്ടപ്പെട്ട എല്ലാ ബന്ധങ്ങളും തിരികെ പിടിക്കാന്‍ മനസ്സറിഞ്ഞു ശ്രമിക്കണം. ബന്ധങ്ങളും, സൗഹൃദങ്ങളും, പരിചയങ്ങളും, പ്രണയവുമൊക്കെ തിരികെ പിടിക്കാം. ഓണ്‍ലൈന്‍ കാലത്ത് യാന്ത്രികമായി പോയതെല്ലാം യാഥാര്‍ഥ്യങ്ങള്‍ ആക്കാം. നേരിട്ട് ആള്‍ക്കാരെ കാണാനും സംസാരിക്കാനും ഒരു കാപ്പി കുടിക്കാനും ഒന്ന് കെട്ടിപ്പിടിക്കാനും, വഴക്ക് കൂടാനും സമയം കണ്ടെത്തണം. നോട്ടവും, സ്പര്‍ശനവും, സമ്മാനങ്ങളും, കൂടെ ഇരിപ്പുകളും, സഹായങ്ങളുമൊക്കെ നമ്മുടെ ബന്ധങ്ങളെ വളര്‍ത്തും. നമ്മള്‍ വലിയ ലോകത്തില്‍ എല്ലാവരോടും ചേര്‍ന്ന് ജീവിക്കുന്ന ഒരാള്‍ മാത്രമാണെന്ന ബോധം നമ്മളില്‍ ഉണ്ടാക്കും.
4. വീണ്ടും സാമൂഹിക ജീവിയാവുക
മനുഷ്യന്‍ സാമൂഹികജീവി ആണെന്ന് കാലങ്ങളായി നമ്മള്‍ കേള്‍ക്കുന്ന കാര്യമാണ്. നമ്മുടെ സാമൂഹികജീവിതങ്ങളും കൊറോണ കാലം നമ്മില്‍നിന്ന് പറിച്ചെടുത്ത നന്മകളില്‍ ഒന്നാണ്. നമ്മുടെ സാമൂഹിക ആഘോഷങ്ങളിലേക്ക് നമുക്ക് തിരികെ പോകാം. തിരുന്നാളുകളും, കൂടിച്ചേരലുകളും, ക്ലബ്ബുകളും കളിസ്ഥലങ്ങളും തിരികെ പിടിക്കണം. മനുഷ്യനോട് നേരിട്ട് ഇടപെടാന്‍ അവസരം തരുന്ന ഒന്നും നഷ്ടപ്പെടുത്തരുത്. ആള്‍ക്കൂട്ടങ്ങളില്‍ ഒറ്റയ്ക്ക് നടക്കാതെ എല്ലാവരോടും സംസാരിക്കാനും പങ്കുവയ്ക്കാനും മനസ്സറിഞ്ഞു ശ്രമിക്കാം. നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ചായക്കടകളിലെ നന്മകള്‍ പുതിയ രീതിയില്‍ തിരികെ പിടിക്കണം.
5. ജീവിതത്തിന് ക്രമമുണ്ടാക്കുക
കൊറോണ കാലത്ത് നഷ്ടപ്പെട്ടുപോയ മറ്റൊരു നന്മയാണ് നമ്മുടെ ജീവിതത്തിന്‍റെ ക്രമങ്ങളും ശീലങ്ങളും. ഉറങ്ങാനും ഉണരാനും, ജോലി ചെയ്യാനും വിശ്രമിക്കാനും, ഉല്ലസിക്കാനുമൊക്കെ ക്രമങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു. എല്ലാം ഓണ്‍ലൈന്‍ ആയപ്പോള്‍ എല്ലാ ക്രമങ്ങളും നമുക്ക് നഷ്ടമായി. എപ്പോള്‍ വേണമെങ്കിലും ഉണരാനും ഉറങ്ങാനും, ഏത് വേഷത്തിലും ക്ലാസ്സില്‍ കേറാനും ജോലി ചെയ്യാനുമൊക്കെ ഓണ്‍ലൈന്‍ കാലം നമുക്ക് സ്വാതന്ത്ര്യം തന്നു എന്ന് പറയും നമ്മള്‍. പക്ഷെ അത് നഷ്ടപ്പെടുത്തിയത് നമ്മുടെ തന്നെ കുറെ നന്മകളാണ്. നമ്മള്‍ നിഷ്ഠയോടെ ഉണരുകയും ഉറങ്ങുകയും, കുളിച്ചൊരുങ്ങി ക്ലാസ്സിലും ജോലിക്കും പോവുകയും ചെയ്തപ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ ബഹുമാനി ക്കുകയാണ് ചെയ്തത്. അത് തിരികെ പിടിക്കണം. ഉറങ്ങാനും ഉണരാനും നിഷ്ഠ ഉണ്ടാവണം. ഭക്ഷണത്തിനു നിഷ്ഠ വേണം. ഇതൊക്കെ നമുക്ക് ഒരു അച്ചടക്കം തരുന്നതോടൊപ്പം മറ്റുള്ളവരെ പരിഗണിക്കാന്‍ നമ്മെ പഠിപ്പിക്കുകയും ചെയ്യും.
6. പ്രകൃതിയിലേക്ക് ഇറങ്ങാം
ഈ ലോകം നമ്മള്‍ മാത്രമല്ല എന്ന ബോധം ഉണ്ടാകാന്‍ ഈ പ്രകൃതിയിലേക്ക് ഇറങ്ങിയാല്‍ മതി. പച്ച മണ്ണില്‍ ചവിട്ടി നില്ക്കാന്‍ നമുക്ക് പഠിക്കണം. ഓണ്‍ലൈനില്‍ കാണുന്ന പച്ചപ്പുള്ള നാടിന്‍റെ സൗന്ദര്യം നമ്മുടെ മുറ്റത്തുണ്ട് എന്നറിഞ്ഞ് അവിടെ ഇറങ്ങാം. നമ്മുടെ അധ്വാനത്തിന്‍റെ ഫലമായി എന്തെങ്കിലും ഈ ഭൂമിയില്‍ തളിരിടട്ടെ. അത് ചെടികള്‍ ആകാം, പച്ചക്കറി ആകാം, വലിയ കൃഷികള്‍ ആകാം. നമ്മളും ഈ പ്രകൃതിയുടെ ഭാഗം ആണെന്ന് മറക്കാതെ ജീവിക്കാന്‍ ശ്രമിക്കാം.
വാല്‍കഷ്ണം
ഒരു അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തുവരുന്ന കുഞ്ഞിന്‍റെ ധാരണ താന്‍ മാത്രം ആണ് ഈ ലോകത്തില്‍ എന്നാണ്. പതിയെ പതിയെ ആണ് ആ കുഞ്ഞു ഈ ലോകത്തില്‍ മറ്റു മനുഷ്യര്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നതും എല്ലാവരോടും ചേര്‍ന്ന് ജീവിക്കുന്നതും. ഓണ്‍ലൈന്‍ എന്ന ഒരു ഇരുണ്ട ലോകത്തുനിന്നും പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നവരാണ് നമ്മള്‍. ചുറ്റിലും കണ്ണ് തുറന്ന് നോക്കി നമുക്കും നമ്മുടെ ചുറ്റിലും വലിയൊരു ലോകവും അതില്‍ ഒരുപാട് ജീവിതങ്ങളുമുണ്ടെന്ന് മനസ്സിലാക്കി എല്ലാവരോടും എല്ലാത്തിനോടും ചേര്‍ന്ന് ജീവിക്കാന്‍ ശ്രമിക്കാം.
ബിന്നിയച്ചൻ

