ഞാന്‍ കരയാതെ നോക്കാം

ഫാ.ബോബി ജോസ് കട്ടികാട്


അപകടം പിടിച്ച ഒരു കണക്കു മുമ്പിലുണ്ട്. ലോകാരോഗ്യസംഘടനയുടെ സര്‍വ്വേ പ്രകാരം 35.9 ശതമാനം ഇന്ത്യക്കാര്‍ വിഷാദരോഗത്തിന് ഇരകളാണ്. എന്നുവച്ചാല്‍, കാരണമില്ലാതെ സങ്കടപ്പെടുന്നവരുടെ ലോകഭൂപടത്തിന്‍റെ തലസ്ഥാനമാണ് ഭാരതമെന്നര്‍ത്ഥം. മനുഷ്യന്‍റെ ഏറ്റവും അടിസ്ഥാനഭാവം സങ്കടമാണോ? വൃക്ഷത്തിന്‍റെ വേരുകള്‍ നീര്‍ച്ചാലുകളെ തേടുന്നതുപോലെ മനുഷ്യന്‍റെ നെഞ്ച് വിഷാദത്തിലേക്ക് ചാഞ്ഞുപോകുന്നുണ്ടോ? പെയ്തു തീരാത്ത ഒരു കാര്‍മേഘതുണ്ടമായിട്ടാണോ ഓരോ മനുഷ്യനും ഈ നീലഗൃഹത്തില്‍ അതിഥികളായെത്തുന്നത്?
അപൂര്‍വം ചിലരുടെ സൗമ്യസാന്നിദ്ധ്യങ്ങള്‍ക്കു മുമ്പില്‍ മാത്രം അതു കണ്ണീരായി പെയ്തൊഴിയുന്നുണ്ടാവും. തന്‍റെ മുമ്പില്‍ ഇങ്ങനെ കരയരുതെന്നു വിലക്കിയ അവളോടവന്‍ പറഞ്ഞു: ‘എന്‍റെ കണ്ണീരിനെ ഗൗരവമായെടുക്കാനൊരാളുണ്ടെന്ന അറിവ്, അതാണെന്നെ കരയിച്ചത്. അത്തരമൊരാളില്ലാതെ വരുമ്പോള്‍ ഞാന്‍ കരയാതെ നോക്കാം. സാരമില്ല എന്നു പറഞ്ഞ് ഉയര്‍ത്തി സമാധാനിപ്പിക്കാനാരുമില്ലാത്ത ഒരു യത്തീം ആണു താനെന്നറിഞ്ഞ് കുഞ്ഞ് നിലത്തു വീണാല്‍ കരയില്ലെന്നു നിനക്കറിഞ്ഞുകൂടെ.’
പൊതുവേ സ്ത്രീയാണ് പുരുഷനെക്കാള്‍ വേഗത്തിലതിന്‍റെ ചുഴിയില്‍ പെട്ടുപോകുന്നത്. അവന് അവളെ അപേക്ഷിച്ച് കൂടുതല്‍ കിളിവാതിലുകളുണ്ട് എന്നതുതന്നെയാവണം കാരണം. അവള്‍ ഓരോരോ ജാലകങ്ങള്‍ ഉള്ളില്‍ നിന്ന് കൊട്ടിയടച്ചിങ്ങനെ… അവനാവട്ടെ ചിലപ്പോള്‍ കുടിച്ച് കവിത പാടുന്നു.-
‘എന്നെ കുടിയനെന്നു വിളിക്കരുത്. ഞാന്‍ കുടിച്ച കണ്ണീരുമായി നോക്കുമ്പോള്‍ ഞാന്‍ കുടിച്ചതെത്ര തുച്ഛമാണ്.’സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്ന ജീവജാലങ്ങളേക്കുറിച്ച് സുവോളജി ക്ലാസില്‍ കേട്ടപ്പോള്‍ നവരസങ്ങള്‍ മുഖത്തിലൂടെ മിന്നിമറഞ്ഞത് ഓര്‍മ്മയില്ലേ? ആശ്ചര്യം, നടുങ്ങല്‍, ക്ഷോഭം, വിഷാദവുമൊക്കെ. ഒരുപാട് ജീവികള്‍ക്കിടയിലുണ്ടിത്; നായ, പൂച്ച, മുയല്‍, പന്നി, ഹാംസ്റ്റര്‍, ഹിമക്കരടി, കോഴി… മിക്കവാറും ഉരഗങ്ങളെല്ലാം തന്നെ. കാരണങ്ങള്‍ പലതാണ്. കോഴി മുട്ട പൊടിക്കുന്നത് കാല്‍സ്യത്തിനു വേണ്ടിയും നായ കുഞ്ഞിനെ ആഹരിക്കുന്നത് ‘അയണി’നു വേണ്ടിയുമാണ്. അച്ഛന്‍ സിംഹം ആണ്‍കുഞ്ഞിനെയാണ് തിന്നുന്നത്; ഒരു പ്രതിയോഗി വളര്‍ന്നു വരുന്നതില്‍ താല്പര്യമില്ലാതെ. ഹിമക്കരടി വൈകല്യമുള്ള കുഞ്ഞിനെയാണ് ആഹാരമാക്കുന്നത്; ഒരു തരം കാരുണ്യവധം. പൊതുവേ പറയുന്ന കാരണം, അമ്മമാരുടെ സ്ട്രെസ്സാണ്.
മാസത്തിലെ ആ അസൗകര്യദിനങ്ങള്‍ക്ക് മുമ്പോ പിമ്പോ നിശ്ചയമായും അവളതിലൂടെ കടന്നുപോകുന്നുണ്ട്. ജീവിതത്തിലെ ‘വലിയ സംഭവങ്ങളും’ അവളെ വിഷാദത്തിലേക്ക് കൊണ്ടുപോകുമെന്ന് പഠനങ്ങള്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു കുഞ്ഞിന്‍റെ ജനനം. ചേര്‍ന്നു കിടക്കുന്ന ആ പുതിയ തുടിപ്പ്, ആനന്ദത്തിനൊപ്പം അളവില്ലാത്ത ആകുലതകളും അമ്മയുടെ ഹൃദയത്തിലേക്ക് ഇറ്റിച്ചുകൊണ്ടാണ് ഭൂമിയിലേക്ക് വന്നിരിക്കുന്നത്.

എന്തുകൊണ്ടിങ്ങനെയൊക്കെയെന്നതിന് തൃപ്തികരമായ ഒരു കാരണം പോലും പറയാനാവുന്നില്ല. ചിലപ്പോള്‍ തോന്നാറുണ്ട്, ഇത് മനുഷ്യനായിരുന്നുവെന്നതിന് ഒരാള്‍ കൊടുക്കുന്ന കപ്പമാണെന്ന്. തന്‍റെ മന്ദഹാസം കൊണ്ട് ഒരു കാലത്തെ ഭ്രമിപ്പിച്ച ആ പഴയ നായകന്‍റെ ചില ചിത്രങ്ങള്‍ അടുത്ത ദിനങ്ങളില്‍ ഒരു കൗതുകത്തിനുവേണ്ടി വെറുതെ കണ്ടു. അയാളുടെ ചിരിയില്‍ ഒരു കരച്ചിലുണ്ട്. നരജന്മത്തിന്‍റെ സ്ഥായിഭാവമിതാണോ? നിങ്ങളുടെ സന്തോഷങ്ങള്‍ നിങ്ങളുടെ മറച്ചുപിടിച്ച വിലാപം തന്നെ ജിബ്രാന്‍റെ പ്രവാചകന്‍. ചിലര്‍ക്കിത് ജനിതകരേഖകളിലൂടെ കൈമാറി കൈമാറി കിട്ടിയ സമ്മാനമാവണം! ജോബ് ഭാര്യയോട് ദൈവത്തെക്കുറിച്ച് പറയുന്നതുപോലെ, ‘അവിടുത്തെ കൈകളില്‍ നിന്ന് അനുഗ്രഹം മാത്രം സ്വീകരിച്ചാല്‍ മതിയോ, പരുക്കുകളും വേണ്ടേ?’ പിതൃക്കളേ, നിങ്ങളുടെ സുകൃതങ്ങളെക്കുറിച്ച് നിരന്തരം ഹുങ്ക് പറയുന്ന ഇവന്‍ നിങ്ങളുടെ പൈതൃകങ്ങളെയും നമ്രതയോടെ സ്വീകരിക്കട്ടെ.
ജീവിതം വച്ചുനീട്ടുന്ന കഠിനാഘാതങ്ങളില്‍ പെട്ട് വിഷാദത്തിലേക്ക് വഴുതിപ്പോയവരും ഉണ്ട്. രോഗം, വിരഹം, മരണം തുടങ്ങിയ തീവ്രപ്രഹരങ്ങളില്‍പ്പെട്ട് നുറുങ്ങിപ്പോയവര്‍. ഒരു ഡിക്കന്‍സ് കഥാപാത്രം പോലെ ജീവിതത്തിന്‍റെ ഘടികാരം നിലപ്പിച്ചവര്‍- മിസ് ഹവിഷാം എന്നാണ് അവള്‍ക്ക് പേര്‍. കൗമാരത്തിനു ശേഷം ഒരിഞ്ചു മുന്നോട്ടു പോകാതെ വാര്‍ദ്ധക്യത്തിലേക്ക് എത്തുന്നവരെ എനിക്കറിയാം, നിരുപദ്രവമെന്ന് തോന്നുന്ന പ്രാപഞ്ചിക പരിസരം പോലും അവരെ വെറുതെ വിടുന്നില്ല. ഋതുഭേദങ്ങളും സൂര്യചന്ദ്രന്മാരും ചിലപ്പോള്‍ കാണാച്ചരടുകള്‍ കൊണ്ടവരെ വലിഞ്ഞുമുറുക്കുന്നു. മാനം ഇരുളുമ്പോള്‍ അവരുടെ നെഞ്ചും കടുക്കുന്നു…
ധിഷണതയുടെ സ്പര്‍ശം കൊണ്ട് ഇന്നു വളരെയേറെ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ത്രീ തന്‍റെ വ്യസനകാണ്ഠം ഇങ്ങനെയാണ് പങ്കുവച്ചത്. ആദ്യത്തെ കുഞ്ഞിനു ജന്മം കൊടുത്തതിനു ശേഷം കഠിനമായ വിഷാദരോഗത്തിന് അടിമയായി അവര്‍. കുഞ്ഞിനു മുലയൂട്ടാനോ, അടുപ്പില്‍ പാലു തിളയ്ക്കുമ്പോള്‍ തീയണയ്ക്കാനോ തോന്നുന്നില്ല. വളരെ പെട്ടെന്ന് ഭ്രാന്തി യായി അവര്‍ മുദ്ര കുത്തപ്പെട്ടു. മനഃശാസ്ത്രം ഏറെ വികാസം പ്രാപിച്ചിട്ടില്ലാ ത്ത ഒരു കാലമായിരുന്നു അത്. പിന്നീട് ഇച്ഛാശക്തി കൊണ്ടും കൃപ കൊണ്ടും അവര്‍ വിഷാദകാലം വിട്ടു പുറത്തിറങ്ങി.
പക്ഷേ, കാല്‍നൂറ്റാണ്ട് മുന്‍പു നടന്ന ഒന്നിന്‍റെ പേരില്‍ അവര്‍ ഇന്നും ആ പഴയ മുദ്രയില്‍ അറിയപ്പെടുന്നു, ഭ്രാന്തി! ഒരു ദിവസം അവര്‍ മര്‍ക്കോസിന്‍റെ സുവിശേഷം വായിക്കുകയായിരുന്നു. അവരുടെ മിഴികള്‍ ഒരു വചനത്തില്‍ പ്രകാശിച്ചു. ‘അവന്‍റെ സഹോദരന്മാര്‍ അവന് ഭ്രാന്തെന്നു കരുതി അവനെ പിടിക്കാനായി പുറപ്പെട്ടു.’ വര്‍ഷങ്ങളായി ഉളളില്‍ കരുതിവച്ച സങ്കടത്തിന്‍റെ കാര്‍മേഘമെല്ലാം പെയ്തു. സുവിശേഷം നനഞ്ഞു. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മാനസികാരോഗ്യം ഉണ്ടായിരുന്ന ഒരാളെ അയാളുടെ സ്വന്തക്കാര്‍ പൈത്യക്കാരന്‍ എന്നു വിശേഷിപ്പിച്ചെങ്കില്‍, ചില വ്യതിയാനങ്ങളുള്ള തന്നെ അപ്രകാരം സൂചിപ്പിക്കുന്നതില്‍ അവരോടു കലഹിക്കാന്‍ എന്തിരിക്കുന്നു! ആ നിമിഷത്തില്‍ അവര്‍ക്കു സൗഖ്യസ്നാനമുണ്ടായി.