അഗ്നിക്കനലുകള്‍

അഗ്നിക്കനലുകള്‍

എല്ലാവരും അവനവനുവേണ്ടി മാത്രം ജീവിക്കുന്ന ഭൂമിയാണിത്. എന്നിട്ടും അവരെന്തുകൊണ്ടാണ് മാറി നടക്കാന്‍ ഇഷ്ടപ്പെട്ടത്. എല്ലാവരും അവരുടെ സ്വപ്നങ്ങള്‍ മാത്ര മാണ് നെഞ്ചിലേറ്റിയത്. എന്നിട്ടും ഇവരെന്തേ അവര്‍ക്കു പുറത്തുള്ളവരുടെ കവര്‍ന്നെടുക്കപ്പെട്ട സ്വപ്നങ്ങളെ തിരികെ പിടിക്കാന്‍ അവര്‍ക്കൊപ്പം നടന്നു. ഇങ്ങനെ യൊക്കെയായിട്ടും നമ്മുടെ കാലം അവരെ വേട്ടയാടി. നമ്മുടെ വെടിവട്ടങ്ങള്‍ അവരെ പരിഹസിച്ചു. വാഴ്വിന്‍റെ വഴിയോരങ്ങളിലിരുന്ന് നാമവരെ കൊഞ്ഞനം കുത്തി.
ഇപ്പോള്‍ ക്രിസ്തുവിന്‍റെ മണവാട്ടിമാരെ സ്നേഹപൂര്‍വ്വം ഓര്‍മ്മിക്കുക. എത്ര പ്രകാശമാണവരുടെ ജീവിതങ്ങള്‍ക്ക്. അത്ര നല്ലൊരു ഭൂതകാലമൊന്നുമില്ലെങ്കിലും എനിക്കു തോന്നുന്നു, മഗ്ദലനമറിയമാണ് സന്ന്യാസിനികള്‍ക്കുമുമ്പേ നടന്ന വെളിച്ചമുള്ള ഒരു മാതൃക. സമര്‍പ്പണജീവിതത്തിന്‍റെ ഗുണമേന്മകള്‍ക്ക് ഒറ്റ മാനദണ്ഡമേയുള്ളൂ. ഗുരുവിനോടുള്ള നിന്‍റെ സ്നേഹത്തിന്‍റെ ആഴമെത്രയാണ്? അതുകൊണ്ട് ആഴ്ചയുടെ ഒന്നാംദിവസം അതിരാവിലെ നമ്മളുണരും മുമ്പ് അവളുണരുന്നു. നാം കാഴ്ചകണ്ടിട്ട് തിരികെ മടങ്ങിയ നാഥന്‍റെ കല്ലറയ്ക്കു മുമ്പില്‍ പെയ്തൊഴിയാത്ത കണ്ണീരുമായി അവള്‍ കാത്തിരുന്നു. ഒടുവിലവള്‍ക്ക്, അവള്‍ക്കു മാത്രം, ഗുരുവിനെ കണ്ണുനിറയെ കാണാനാവുന്നു.
വേട്ടയാടപ്പെടുകയാണ് അവരിന്ന്. സാമൂഹിക പരിണാമത്തിന്‍റെ പുളിപ്പിനെ പ്രാര്‍ത്ഥനാപൂര്‍വ്വം രൂപപ്പെടുത്തുന്ന കന്യാമഠങ്ങളെക്കുറിച്ച് ആവൃതികള്‍ക്കു പുറത്തു നിറംപിടിച്ച കഥകളുണ്ടാവുന്നു. അതിനുകാരണമാവാന്‍-ഖേദത്തോടെയാണിതു പറയുന്നത് – ആവൃതികള്‍ക്കകത്തുനിന്നു തന്നെ, വ്യക്തിത്വത്തിന് വേണ്ടത്ര ആഴമില്ലാത്ത, സ്വന്തം സമര്‍പ്പണത്തെ സ്വാര്‍ത്ഥതയുടെ നാണയക്കിലുക്കങ്ങള്‍ക്കുവേണ്ടി ഒറ്റുകൊടുക്കുന്ന യൂദാസുമാരുണ്ടാവുന്നു.
തെറ്റു ചെയ്യുന്നവരുണ്ടാവാം. പക്ഷേ, നന്മമാത്രം പ്രസരിപ്പിക്കുന്ന ഒരു ഭൂരിപക്ഷത്തിന്‍റെ ആത്മാര്‍ത്ഥതയെ ചുട്ടെരിക്കാനുള്ള ആയുധമായി അവരെ ഉപയോഗിക്കുന്നതെന്തിന്? ശിരോവസ്ത്രങ്ങള്‍ക്ക് തീപിടിക്കുന്നു എന്നാണ് മനുഷ്യനന്മയും പുരോഗതിയും വിഗണിക്കുന്ന മാധ്യമങ്ങള്‍ ഇക്കഴിഞ്ഞയാഴ്ച, സ്വന്തം മാനസിക വൈകല്യങ്ങള്‍ കൊണ്ട് കന്യാമഠത്തിന്‍റെ പടിയിറങ്ങിപ്പോയ ഒരു സ്ത്രീയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി, അവരെക്കുറിച്ച് സപ്ലിമെന്‍റിറക്കിയത്. ശിരോവസ്ത്രങ്ങള്‍ക്കല്ല ചങ്ങാതീ തീപിടിക്കാന്‍ പോകുന്നത്. കാരുണ്യത്തിന്‍റെ നീരുറവകളെ ചവറിട്ടുമൂടാന്‍ ശ്രമിക്കുന്ന നിങ്ങളുടെ മൂഢശിരസുകള്‍ക്കാണ്. നന്മചെയ്യുന്നവരുടെയെല്ലാം ആത്മാര്‍ത്ഥതയെ ചെളിവാരിയെറിയുന്ന നിങ്ങളുടെ വ്യര്‍ത്ഥബുദ്ധിക്ക് തീപിടിക്കും. വീട്ടിലെ സ്നേഹകൂടാരത്തിന്‍റെ വാത്സല്യം ആവോളം നുകര്‍ന്നു കൊതിതീരുന്നതിനുമുമ്പ്, മറ്റേതൊക്കെയോ ജന്മനിയോഗങ്ങളെ വിലപ്പെട്ടതെന്നു നിനച്ച്, അമ്മയുടെ കണ്ണീരിനെയും അച്ഛന്‍റെ നെഞ്ചില്‍ കുരുങ്ങിയ നിലവിളിയെയും സഹോദരങ്ങളുടെ പിന്‍വിളികളെയും കണ്ടില്ലെന്നു നടിച്ച്, വീടിന്‍റെ പടിയിറങ്ങി കന്യാമഠങ്ങളിലേക്കു ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കാന്‍വേണ്ടിമാത്രം നടന്നുപോയ നിങ്ങളുടെ ഈ സഹോദരിമാരുടെ സ്വപ്നങ്ങളെ കവര്‍ന്നെടുക്കുന്ന നിങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് തീപിടിക്കും. ദൈവത്തിനുവേണ്ടി വിശുദ്ധമായി അവര്‍ കാത്തുവച്ച അവരുടെ ശരീരദൈവാലയങ്ങളെ അതിക്രമിച്ച് മൃഗീയമായി പീഡിപ്പിച്ച കാമനകള്‍ക്കും ഉടലുകള്‍ക്കും തീപിടിക്കും.
അന്നും ഇവിടെ നിങ്ങളുടെയീ ക്രൂരപരിസരങ്ങളില്‍ ഈ പാവം സഹോദരിമാരുണ്ടാവും. ലോകം ഉണരുംമുമ്പേ അവരുണരും. നിങ്ങളുറങ്ങുമ്പോള്‍ ഇമചിമ്മാതെ നിങ്ങളുടെ സുഖനിദ്രയ്ക്ക് കര്‍ത്താവിന്‍റെ അള്‍ത്താരയ്ക്കുമുമ്പില്‍ അവര്‍ കാവലിരിക്കും. കുഷ്ഠരോഗിയുടെ ദ്രവിച്ച ശരീരത്തിനും എയ്ഡ്സ് ബാധിതന്‍റെ ഹൃദയം പിളര്‍ക്കുന്ന നിശബ്ദരോദനത്തിനും തെരുവിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞുങ്ങളുടെ നിര്‍ത്താത്ത നിലവിളികള്‍ക്കും അവസാനനാഴികവരെ, കാവലായി കരുതലായി അവരിവിടെയുണ്ടാവും.

അവര്‍ പരാജയപ്പെട്ടേക്കാം… പക്ഷേ, നിരാശരാവില്ല.

അവര്‍ തകര്‍ക്കപ്പെട്ടേക്കാം. പക്ഷേ നിശബ്ദരാവില്ല.

ഡാനിയേല്‍ പൂവണ്ണത്തില്‍

Leave a Reply