തെരുവ്‌നായകളെ നിയന്ത്രിക്കണമെന്ന കേരളത്തിന്‍റെ ഹർജി ഇന്ന് സുപ്രിംകോടതിയില്‍

ഡല്‍ഹി: തെരുവ്‌നായകളെ നിയന്ത്രിക്കണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ്‌നായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും ഹർജിയോടൊപ്പം പരിഗണിക്കുന്നുണ്ട്.

ഹർജിയില്‍ ഇടക്കാല ഉത്തരവിനും സാധ്യതയുണ്ട്. കേരളത്തില്‍ നൂറ്കണക്കിന് ആളുകള്‍ക്ക് ദിവസേന നായകളുടെ കടി ഏല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഹരജിക്കാര്‍ കേസ് പരിഗണിച്ചപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.

തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രിംകോടതിയില്‍ എത്തിയിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമാണ് സുപ്രിംംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരിക്കുന്നത്.എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് എബിസി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയിരുന്നു. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതായിരുന്നു കാരണം. ഇതോടെ 8 ജില്ലകളില്‍ എബിസി പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.