അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ ബില്‍: നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി.ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഇവില്‍ പ്രാക്ടീസസ് ടോര്‍ച്ചറി ആന്‍ഡ് ബ്ലാക്ക് മാജിക്ക് ബില്ലിന്റെ കരടില്‍ മാറ്റം വരുത്തി കൊണ്ടു വരാനാണ് സര്‍ക്കാരിന്റെ ഉദ്ദേശം. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാനാണ് ആഭ്യന്തര,നിയമ വകുപ്പുകള്‍ക്ക് നിര്‍ദേശം. ഇരു വകുപ്പുകളും ഇതിനനുസരിച്ച്‌ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര-നിയമ സെക്രട്ടറിമാരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

നിയമസഭയില്‍ ബില്‍ ആയിത്തന്നെ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.