നാട് ശ്വാസം മുട്ടുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി മലനാട്

കാഞ്ഞിരപ്പള്ളി : നാട് ശ്വാസം മുട്ടുമ്പോൾ നാട്ടിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ,നാടിനും നാട്ടുകാർക്കും ഏത് അടിയന്തിര സാഹചര്യത്തിലും കൈത്താങ്ങായി മലനാട് ചാരിറ്റബിൾ സൊസൈറ്റി എന്നും ഓടിയെത്താറുണ്ട് . പ്രളയകാലത്തും, മലനാടിന്റെ കരുതലും സ്നേഹവും ഏവരും അനുഭവിച്ചറിഞ്ഞതാണ്. നിലവിൽ നാടെങ്ങും കോവിഡ് രോഗികളാൽ നിറയുന്ന അവസ്ഥ വന്നപ്പോൾ, അവർക്ക് സ്വാന്തനം ഏകുവാൻ മലനാട് മുന്നിട്ടിറങ്ങി കഴിഞ്ഞു. ഓക്സിജന്റെ ദൗർലഭ്യതയിൽ കോവിഡ് രോഗികൾ എന്തുചെയ്യണം എന്നറിയാതെ പരക്കം പായുന്ന അവസ്ഥയിൽ, കാഞ്ഞിരപ്പള്ളിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ച് നാടിന്റെ ദുരിതം അകറ്റുവാനാണ് മലനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ തീരുമാനം.
രാജ്യമൊന്നാകെ കോവിഡിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ഓക്സിജന്റെ ദൗർലഭ്യം ചികിത്സാ രംഗത്തുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ഈ സാഹചര്യത്തിൽ മലനാട് എന്ന ചാരിറ്റബിൾ സൊസൈറ്റി സാമൂഹ്യ പ്രതിബദ്ധതയോടുകൂടി ഓക്സിജൻ ജനറേഷൻ രംഗത്തേക്ക് കടന്നുവരികയാണ്. സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓക്സിജൻ ഉത്പാദിപ്പിച്ച് സിലിണ്ടറുകളിൽ നിറയ്ക്കുന്നതിനുള്ള ഫാക്ടറിയുടെ പണികൾ പുരോഗമിക്കുന്നു. പൂനയിലുള്ള ഓത്തൂസ് ഇന്റർനാഷണൽ എന്ന കമ്പനിയിൽ നിന്നും

ഫാക്ടറിയിലേക്ക് ആവശ്യമായ യന്ത്രോപകരണങ്ങൾ ഓർഡർ ചെയ്തു കഴിഞ്ഞുവെന്ന് മലനാടിന്റെ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ അറിയിച്ചു.
മലനാടിന്റെ ഈ ഉദ്യമത്തിൽ ശക്തമായ പ്രോത്സാഹനവും നിർദേശങ്ങളുമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും വികാരി ജനറാളും മലനാടിന്റെ പ്രസിഡന്റുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലും കൂടെയുണ്ടെന്നും ജില്ലാഭരണകൂടവും ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരും റവന്യു, കെഎസ്ഇബി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പഞ്ചായത്ത് പ്രസിഡന്റും പ്രതിനിധികളും ഈ പദ്ധതിയുടെ വിജയത്തിനായി ആത്മാർത്ഥമായ സഹകരണത്തോടും സവിശേഷമായ പ്രോത്സാഹനത്തോടും പരിപൂർണ പിന്തുണ നൽകുന്നുണ്ടെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.